ട്രെയിന്‍ യാത്രയ്ക്കിടെ വാതില്‍പ്പടിയിലിരുന്ന് ഉറങ്ങി; താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം


താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്.

യാത്രയ്ക്കിടെ കുഞ്ഞിമോന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്നിരുന്നു എന്നാണ് വിവരം. വാതില്‍പ്പടിയിലിരിക്കവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.