ലോക്‌സഭ തിരഞ്ഞെടുപ്പ്; തിയ്യതി നാളെ പ്രഖ്യാപിക്കും


ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് തിയ്യതി നാളെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ വൈകീട്ട് മൂന്ന് മണിയോടെ മാധ്യമങ്ങളെ കാണുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇന്ന് രാവിലെയാണ് ഇരുവരും ചുമതലയേറ്റത്. ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം പ്രഖ്യാപിക്കും. ഏഴ് ഘട്ടങ്ങളിലായി 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

267 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും 82 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തുവിട്ടിരുന്നു. മേയില്‍ അവസാനിച്ച് ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെന്നാണ് സൂചന.