ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കല്‍ ആരംഭിച്ചു


കോഴിക്കോട്: ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക നല്‍കല്‍ ആരംഭിച്ചു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാര്‍ഥി ഡോ. എം .ജ്യോതിരാജ് ആണ് ആദ്യ ദിവസം തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്.

ജില്ലാ കലക്ടറും വരണാധികാരിയുമായ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക നല്‍കാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക നല്‍കല്‍ ഉണ്ടാകില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുമാണ്. എഡിഎം കെ അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് പി. കലക്ടറേറ്റില്‍ വച്ചാണ് ഇരു മണ്ലങ്ങളിലേക്കുമുള്ള നാമനിര്‍ദ്ദേശപ്പത്രികകള്‍ സ്വീകരിക്കുന്നത്.