വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം, രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം


മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന മലപ്പുറം എടക്കര ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്.

എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം എന്നറിയാം

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന് മഞ്ഞ നിറം, എന്നിവയാണ് രോഗലക്ഷണം. വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു.

പ്രതിരോധമാര്‍ഗങ്ങള്‍ ഇവയൊക്കെ

1. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ചുരുങ്ങിയത് മൂന്ന് മിനിറ്റ് വെള്ളം തിളപ്പിക്കണം.

2. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങള്‍ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

3. തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്.

4. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

5. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

6. ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുക.

യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.