കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങി രണ്ട് പേര്‍; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന


പേരാമ്പ്ര: കൂരാച്ചുണ്ടില്‍  കിണറില്‍ കുടുങ്ങിയവരെ രക്ഷിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന. കൂരാച്ചുണ്ട് കരികണ്ടംപാറ പൂവത്താംകുന്നില്‍ ഇല്ലത്ത് ബിജു എന്നയാളുടെ വീട്ടുവളപ്പിലെ കിണറില്‍ അകപ്പെട്ട രണ്ട് പേരെയാണ്  അഗ്‌നിരക്ഷാസേന          രക്ഷിച്ചത്.

ബിജുവിന്റെ വീട്ടുവളപ്പിലെ കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ജോര്‍ജ് മാസ്റ്റര്‍ എന്നയാള്‍ കിണറില്‍ നിന്നും തിരിച്ച് കയറാന്‍ ആകാതെ വന്നപ്പോള്‍ രക്ഷിക്കാനായി നാട്ടുകാരനായ കാപ്പില്‍ വില്‍സണും കിണറ്റില്‍ ഇറങ്ങുകയായിരുന്നു.

ഇരുവര്‍ക്കും പിന്നീട് കിണറില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ടി. റഫീക്ക്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. പ്രദീപന്‍, കെ.എസ് സുജാത് എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന 35 അടിയോളം താഴ്ചയുള്ള കിണറില്‍ നിന്നും അകപ്പെട്ടവരെ റെസ്‌ക്യൂനെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, എന്‍.എം. ലതീഷ്, പി.ആര്‍. സോജു, അശ്വിന്‍ ഗോവിന്ദ്, ടി. ബിജീഷ്, ജി.ബി. സനല്‍രാജ്, പി.കെ. സിജീഷ്, എം.കെ ജിഷാദ്, കെ. അജേഷ്, വി. വിനീത്, ഹോം ഗാര്‍ഡ്മാരായ കെ.പി ബാലകൃഷ്ണന്‍, എ. സി അജീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.