നിങ്ങളുടെ വീട്ടിലെ കിണറ്റിലെ വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോ? കേരളത്തിലെ കിണര്‍വെള്ളത്തില്‍ വലിയതോതില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങളെന്ന് കണ്ടെത്തല്‍


കണ്ണൂര്‍: നിങ്ങള്‍ കുടിക്കുന്ന വെള്ളം സുരക്ഷിമാണെന്ന് ഉറപ്പുണ്ടോ? ഉറപ്പുണ്ടെന്നാണ് പറയാന്‍ പോകുന്നതെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി കേള്‍ക്കണം. കേരളത്തിലെ കിണര്‍വെള്ളത്തില്‍ നഗര ഗ്രാമഭേദമന്യേ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. കിണര്‍വെള്ളത്തില്‍ മാത്രമല്ല, കടല്‍വെള്ളത്തിലുമുണ്ട് ഇവ. നമ്മള്‍ ഭക്ഷിക്കുന്ന മത്സ്യങ്ങളിലൂടെയും കടല്‍വെള്ളത്തിലൂടെയും ഇവ ശരീരത്തിലെത്താം.

മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ അറ്റോമിക് ആന്‍ഡ് മോളിക്യുലാര്‍ഫിസിക്സ് വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍. കണ്ണൂര്‍ അഴീക്കോട് ചാല്‍ ഭാഗത്തെ കടല്‍വെള്ളവും അഴീക്കോട് പഞ്ചായത്തിലെ വീടുകളിലെ കിണര്‍വെള്ളവുമാണ് ഒരുവര്‍ഷംനീണ്ട പഠനത്തിന് സാംപിളായി ശേഖരിച്ചത്.

പ്ലാസ്റ്റിക്കില്‍ നിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് കണങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍. അഞ്ച് മില്ലീമീറ്ററില്‍ താഴെ വലുപ്പമേ ഇവയ്ക്കുണ്ടാവൂ. നമ്മള്‍ കിണറുകളില്‍ മാലിന്യങ്ങള്‍ വീഴാതെ സംരക്ഷിക്കാന്‍ വലകള്‍ ഇടാറുണ്ടല്ലോ. ഇത് പ്ലാസ്റ്റിക്കല്ലേ. അതുപോലെ വെള്ളം കോരാനായി ഉപയോഗിക്കുന്ന കയറുകളും പ്ലാസ്റ്റിക്കാണ്. തുടര്‍ച്ചയായ മഴയും വെയിലും കൊള്ളുമ്പോള്‍ കുറച്ചുവര്‍ഷത്തിനുള്ളില്‍ ഇവ ദ്രവിച്ചു തുടങ്ങും. നുറുങ്ങി വീഴുന്നതാകട്ടെ കിണറ്റിലെ വെള്ളത്തിലും. പ്ലാസ്റ്റിക് കയറുകള്‍ പൊടിഞ്ഞ് തുടങ്ങുമ്പോള്‍ പലപ്പോഴും വെള്ളം കോരുമ്പോള്‍ നമുക്ക് കാണാവുന്നതുമാണ്.

കണ്ണൂരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 20 ലിറ്റര്‍ കടല്‍വെള്ളത്തില്‍ ശരാശരി 63 മൈക്രോപ്ലാസ്റ്റിക് കണങ്ങളുണ്ടെന്നാണ്. ഇതില്‍ 38 എണ്ണം നാര് രൂപത്തിലാണ്. കടല്‍വെള്ളത്തില്‍ പെയിന്റ് അംശവും ധാരാളമായുണ്ട്. 20 ലിറ്റര്‍ വെള്ളത്തില്‍ 72 പെയിന്റ് അംശവും കിട്ടി.

ഉള്‍പ്രദേശത്തെ വീട്ടുകിണറുകളില്‍ 20 ലിറ്റര്‍ വെള്ളത്തില്‍ ശരാശരി 28 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. റോഡരികിലുള്ള വീട്ടുകിണറുകളില്‍ 35 മുതല്‍ 45 വരെയും. കേരളത്തില്‍ എല്ലായിടത്തും ഏതാണ്ട് സമാനസ്ഥിതി ആയിരിക്കും.

മനുഷ്യരില്‍ വൃക്ക, ശ്വാസകോശം തുടങ്ങിയ അവയവങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തുന്നതായുള്ള വാര്‍ത്ത പലയിടങ്ങളില്‍ നിന്നും വരുന്നുണ്ട്.