‘കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്, എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കണം’; കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)


കൊയിലാണ്ടി: കൊല്ലം-നെല്ല്യടി-മേപ്പയ്യൂര്‍ റോഡിന്റെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പേരാമ്പ്ര എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. സബ്മിഷനായാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. റോഡ് വികസന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് മറുപടി നല്‍കി.

കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ്. ഏകദേശം ഒമ്പതര കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ഈ റോഡിന്റെ വികസനത്തിനായി പത്ത് കോടി രൂപയാണ് 2016 ലെ ബജറ്റില്‍ വകയിരുത്തിയത്. അതേ വര്‍ഷം നവംബറില്‍ റോഡ് വികസന പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചിരുന്നു.

എന്നാല്‍ വകയിരുത്തിയതിലും കൂടുതല്‍ തുകയാണ് കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനത്തിന് ആവശ്യമായത്. തുടര്‍ന്ന് ഈ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തുകയും 2020 ഒക്ടോബറില്‍ 38.9 കോടി രൂപയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറവും റോഡ് വികസന പ്രവൃത്തി ആരംഭിച്ചിട്ടില്ല.

ഈ വിഷയമാണ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത്. കീഴരിയൂര്‍, വിയ്യൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 1.655 ഹെക്ടര്‍ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിനായി 6 (1) നോട്ടിഫിക്കേഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലെന്ന് എം.എല്‍.എ സബ്മിഷനില്‍ പറഞ്ഞു.

ദേശീയപാത 66 ന്റെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കൊല്ലം-നെല്ല്യാടി റോഡിന് കുറുകെ കടന്നു പോകുന്നുണ്ട്. ഇതിനായുള്ള അടിപ്പാത നിര്‍മ്മിക്കുന്നത് നിലവിലെ റോഡില്‍ നിന്ന് മാറിയാണ്. ഇത് റോഡില്‍ വളവ് സൃഷ്ടിക്കുകയും നാല് വീടുകള്‍ ഒഴിപ്പിക്കുന്നതിനും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനും ഇടവരുത്തുന്നുവെന്നും ടി.പി.രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സബ്മിഷന് മറുപടിയായി പറഞ്ഞു. റോഡ് വികസന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൈപ്പാസിന്റെ ഭാഗമായി അടിപ്പാത വരുന്ന ഭാഗത്തെ അലൈന്‍മെന്റില്‍ വ്യതിയാനം വന്നതിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് പുതുക്കുകയും അതിര്‍ത്തിക്കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം: