കൊല്ലത്ത് പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍ കണ്ടെത്തി; സംസ്ഥാനവ്യാപകമായ പരിശോധന ആരംഭിച്ചു


കോഴിക്കോട്: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായ പരിശോധന ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. അടുത്തിടെ രൂപീകരിച്ച സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ റോഡമിന്‍ കണ്ടെത്തിയത്. റോഡമിന്‍ ചേര്‍ത്ത ആയിരം പാക്കറ്റ് പഞ്ഞിമിഠായിയും ഇത് ഉണ്ടാക്കുന്ന നാല് യന്ത്രങ്ങളും മിഠായിയില്‍ ചേര്‍ക്കാനുള്ള നിറവും ഇവിടെ നിന്ന് പിടികൂടി.

വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് പഞ്ഞിമിഠായിക്ക് നിറം നല്‍കാന്‍ ഇവിടെ ഉപയോഗിക്കുന്നത് എന്നും കണ്ടെത്തി. കൊല്ലം, ആലപ്പുഴ അഴീക്കല്‍ ബീച്ചുകളിലും സ്‌കൂളുകള്‍ക്കു മുന്‍ വശവുമൊക്കെയാണു ഇവരുടെ വില്‍പന സ്ഥലങ്ങള്‍. ഫുഡ് സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ് ഡപ്യൂട്ടി കമ്മിഷണര്‍ ജേക്കബ് തോമസിന്റെയും കരുനാഗപ്പള്ളി, ചവറ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.

മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് പഞ്ചായത്ത് ലൈസന്‍സോ, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റോ, തൊഴിലാളികള്‍ക്കു ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റോ ഇല്ല. മറ്റു പല സ്ഥലങ്ങളിലും ഈ സംഘം വീടുകളും ലോഡ്ജുകളുമൊക്കെ വാടകയ്‌ക്കെടുത്തു വൃത്തിഹീനമായ സാഹചര്യത്തില്‍ മിഠായി നിര്‍മിച്ചു വില്‍പനയ്ക്ക് എത്തിക്കുന്നുണ്ടെന്നു പറയുന്നു.