കോഴിക്കോട് മോഷണ കേസിലെ പിടികിട്ടാപ്പുള്ളി; 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ


കോഴിക്കോട് : നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990 ൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പീടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ചായിരുന്നു അറസ്റ്റ്.

ഇയാൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു.   ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ 2013 മുതൽ ഇയാളെ കോടതി നടക്കാവിലെ 2 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളിൽ നിരവധി സമാനമായ പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനാൽ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലും സുഖമായി ജീവിക്കാമെന്നും കരുതി ഇയാൾ കോഴിക്കോടുള്ള താമസ സ്ഥലം ഒഴിവാക്കി കണ്ണൂർ ജില്ലയിൽ വാടകക്ക് വീടെടുത്ത് കുടുംബസമേതം ആർഭാടമായി ജീവിതം നയിച്ച് വരികയായിരുന്നു.

പി.കെ.ജിജീഷ് നടക്കാവ് ഇൻസ്പെക്ടറായി ചുമതല ഏറ്റെടുത്ത ശേഷം പഴയ കാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾ, കേസുകളിൽ കോടതിയിൽ ഹാജരാക്കാത്തതിനാൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചവരെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമകരമായ അന്വേഷണ ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് സലീലിനെ കണ്ണൂരിൽ വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

ഫോൺ വിവരങ്ങൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോൺ നമ്പറുകൾ അനലൈസ് ചെയ്ത ശേഷം   പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ പഴയ കാല കേസുകളിൽപ്പെട്ട പല പ്രതികളുടേയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടക്കാവ് സബ് ഇൻസ്പെക്ടർ കൈലാസ് നാഥ് എസ്.ബി.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, ബൈജു പി.കെ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് ജെ.എഫ്.സി എം നാല് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.