സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി; ചോമ്പാല സ്വദേശിക്കെതിരെ ​ഗുരുതര ആരോപണവുമായി പത്തനംതിട്ട സ്വദേശിനി


വടകര: മകനെ സിനിമയിൽ അഭിനയിപ്പിക്കുമെന്ന് വാഗ്ദാനം നൽകി ചോമ്പാല സ്വദേശി വീട്ടമ്മയിൽ നിന്ന് പണം തട്ടിയതായി പരാതി. പത്തനംതിട്ട റാന്നി സ്വദേശിനി സുഭാഷിണിയിയാണ് തട്ടിപ്പിന് ഇരയായത്. സിനിമയിൽ അഭിനയിക്കണമെങ്കിൽ പണം ആവശ്യമാണെന്ന് പണം വാങ്ങിയ ആൾ ബോധ്യപ്പെടുത്തിയിരുന്നു. ഡബിംഗ് ആർട്ടിസ്റ്റാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. പലരിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം വാങ്ങിയതായും സുഭാഷിണി വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സുഭാഷിണി മംഗലാപുരത്തിനടുത്ത് കുന്താപുരയിലാണ് താമസിക്കുന്നത്. പണം വാങ്ങിയ ആൾ ഇതിനടുത്തുള്ള ബന്ധുവീട്ടിൽ വരാറുണ്ട്. ഇതുവഴിയാണ് പരിചയപ്പെട്ടത്. മകൻ മനുമുരളിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നായിരുന്നു വാഗ്ദാനം. മൂന്ന് ലക്ഷം രൂപയാണ് ഇയാൾ കെെപ്പറ്റിയത്.

മകനു സിനിമയില്‍ അവസരം കിട്ടാതായതോടെ പണം തിരികെ കിട്ടാന്‍ സമീപിച്ചെങ്കിലും അവധി പറഞ്ഞ് പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ചോമ്പാല പോലീസ് ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഒരു മാസത്തെ അവധിയാണ് പറഞ്ഞത്. പല തവണ അവധി പറഞ്ഞ് വഞ്ചിച്ചതിനാല്‍ ഇനി അവധി അനുവദിക്കാനാവില്ലെന്ന് സുഭാഷിണി പറയുന്നു.

മൂന്ന് വർഷം മുമ്പാണ് പണം വാങ്ങിയത്. കടം വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയുമാണ് ഇയാൾക്ക് തുക കെമാറിയത്. ഇതിന്റെ രേഖകൾ കൈവശമുണ്ടെന്ന് സുഭാഷിണി പറഞ്ഞു. പണം തിരികെ കിട്ടിയില്ലെങ്കിൽ ചോമ്പാലയിലെ വീടിന് മുന്നിൽ പ്രതിഷേധിക്കാനാണ് തീരുമാനം. ചോമ്പാല പോലീസിൽ സുഭാഷിണി പരാതി നൽകിയിട്ടുണ്ട്. ആയുർവ്വേദ മരുന്ന് കച്ചവടം നടത്തുന്ന സുഭാഷിണിയുടെ മകൻ ബാം​ഗ്ലൂരൂവിൽ ഒരു ഹോട്ടൽ മാനേജരായി ജോലി ചെയ്യുകയാണ്.