കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരുപതുകാരിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുറിച്ചുമാറ്റി; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി അജ്ഞാതന്‍ മുറിച്ച് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ആണൂരിലാണ് സംഭവം. കരിവെള്ളൂര്‍ സ്വദേശിനിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഇരുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയാണ് മുടി മുറിച്ചത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ആണൂരിലെ ഓഡിറ്റോറിയത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി മുറിച്ചുമാറ്റപ്പെട്ടെന്ന് മനസ്സിലായത്.
മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാര്‍. ഭക്ഷണശാലയിലേക്ക് കടക്കാന്‍ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സി.സി.ടി.വി. പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ പറഞ്ഞത്. രക്ഷിതാക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു.