ലോറിയുമായി കൂട്ടിയിടിച്ച കല്ലട ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു; കണ്ണൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


കണ്ണൂര്‍: കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍ ബസ്സിലെ 24 യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അര്‍ധരാത്രിയോടെയായിരുന്നു അപകടം. അതിവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന ബസ്സും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയാണ് പുറത്തെടുത്തത്.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് മൂന്ന് പ്രാവശ്യം മലക്കം മറിഞ്ഞെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യം സമീപത്തുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവ സമയത്ത് മഴ പെയ്തിരുന്നുവെന്നാണ് വിവരം. ബസിന്റെ പിന്‍ഭാഗത്താണ് ലോറി ഇടിച്ചത്. ശേഷം ലോറി സമീപത്തെ കടയിലേയ്ക്ക് ഇടിച്ച് കയറുകയും ചെയ്തു. വിശദമായ പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ച ആളുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വീഡിയോ കാണാം: