‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം


 

പി.കെ. മുഹമ്മദലി

തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു.

കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ രിഹ്ലത്തുല‍് മുലൂക്ക് എന്ന ഗ്രന്ഥത്തിലും സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീനിലും തിക്കോടിയുടെ കളരി ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.Thavakkal Kalari by Jamal Thikkodi

എന്നാല്‍ ഇന്ന് ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രം പരിശീലിപ്പിക്കപ്പെടുന്ന ഒരു ആയോധന കലയായി തിക്കോടിയില്‍ കളരി മാറി. നഷ്ടപ്പെട്ടുപോയ കളരിയുടെ പ്രതാപം വീണ്ടെടുക്കാനും പുതിയ തലമുറയെ കളരിയോട് അടുപ്പിക്കാനുമുള്ള യജ്ഞത്തിലാണ് തിക്കോടി കോടിക്കലിൽ ടി. കെ ജമാൽ ഗുരുക്കള്‍ കഴിഞ്ഞ കുറച്ചുകാലമായിട്ട്.

തിക്കോടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കോടിക്കലിലെ നാഗപറമ്പിൽ എന്ന സ്ഥലത്ത് തവക്കൽ കളരി മാർഷ്യൽ ആർട്സ് സ്പോർട്സ് അക്കാദമി സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കളരി പരിശീലനം നല്‍കുകയാണ് ജമാല്‍ ഗുരുക്കള്‍.

പ്രവാസി ആയ സമയത്ത് അധ്വാനിച്ച് സ്വരുകൂട്ടിവെച്ച പണം കൊണ്ടാണ് സ്വന്തമായി സ്ഥലം വാങ്ങി ഗുരുക്കള്‍ അക്കാദമി അരംഭിച്ചത്.Thavakkal Kalari by Jamal Thikkodi

കളരി പയറ്റിന് പുറമെ കോൽക്കളി,പരിചക്കളി, ഉഴിച്ചലുകൾ, മർമ ചികിത്സകളും ഫുട്ബോൾ,മുട്ടിപ്പാട്ട്, ഇങ്ങനെ വിവിധ കലകൾ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ ഇവിടെ എത്തുന്നു.

കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ഇത്തരം കലകൾ ഇല്ലായ്മയിലേക്ക് പോകുമ്പോൾ കേരളത്തിന്റെ പാരമ്പര്യ കലകളും കായിക ആഭ്യാസങ്ങളും മർമ ചികിത്സ രീതികളും നാട്ടിൻ പുറങ്ങളിൽ നില നിർത്താനുള്ള ജമാല്‍ ഗുരുക്കളുടെ ഒറ്റയാള്‍ ശ്രമമാണ് തവക്കല്‍ കളരി ആന്‍ഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി.

ഖത്തറിലെ ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലും ഹമദ് ഇന്റർ നാഷണൽ ട്രെയിനിങ്ങ് സെന്ററിലു പ്രത്യേക അംഗമായിരുന്നു ജമാൽ ഗുരുക്കൾ. മുപ്പത്തിമൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സ്വന്തം നാട്ടിൽ ഇങ്ങനെയൊരു അക്കാദമി സ്ഥാപിച്ചത്. കളരിയഭ്യാസങ്ങൾ ഖത്തറിൽ രൂപം കൊടുത്തതിനും പെട്ടെന്നുള്ള അപകടങ്ങളിലെ രക്ഷാ പ്രവർത്തനത്തിനും ഖത്തർ ഗവർമെന്റിന്റെ പ്രത്യേക അംഗീകാരവും ജമാൽ ഗുരുക്കൽ കരസ്ഥമാക്കിയിട്ടുണ്ട്.Thavakkal Kalari by Jamal Thikkodi

ആൺകുട്ടികളും പെൺകുട്ടികളുമായി 110 വിദ്യാർത്ഥികൾ ഇപ്പോള്‍ അക്കാദമിയിൽ പഠിക്കുന്നുണ്ട്. കലകളെ പറ്റി പഠിക്കാനും അറിയാനും കാണാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായാണ് പഠനം.

“കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ വ്യത്യസ്തമായ കുറേ കളരി പയറ്റുകള്‍ പഠിപ്പിച്ചിരുന്നു. നമ്മുടെ ഗുരുക്കന്മാരൊക്കെ മരണപ്പെട്ടതിന് ശേഷം അതിനെ കുറച്ചെങ്കിലും ഈ നാട്ടില്‍ നിലനിര്‍ത്തേണ്ടതുണ്ടെന്ന് തോന്നി. അതാണ് ഇത്തരമൊരു അക്കാദമി തുടങ്ങാനുള്ള കാരണം” – ജമാല്‍ ഗുരുക്കള്‍ കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പ്രമുഖ ഗുരുക്കൻമാരായ മമ്മദ് ഗുരുക്കൾ, ഹാജി ഗുരുക്കൽ, അബ്ദുല്ല ഗുരുക്കൾ,പോക്കർ ഗുരുക്കൾ, കരുണൻ ഗുരുക്കൾ ,ഇബ്രാഹിം ഗുരുക്കൾ എന്നിവരിൽ നിന്നാണ് ജമാല്‍ ഗുരുക്കള്‍ അഭ്യാസ പ്രകടനങ്ങൾ പഠിച്ചത്. കേരള സ്പോർട്സ് കൗൺസിലിന്റെയും സർക്കാറിന്റെയും പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. റംലയാണ് ഭാര്യ നൗഫൽ ജമാൽ മകനുമാണ്.


പി.കെ. മുഹമ്മദലി എഴുതിയ
മറ്റു സ്റ്റോറികള്‍ വായിക്കൂ…