നജീബുമാരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കുന്ന പ്രവാസികളെക്കുറിച്ച് അറിയാമോ; മരുഭൂമിയില്‍ ഏകാന്തമായി ജീവിച്ച് മരിച്ചുപോവുന്ന മലയാളികളെക്കുറിച്ച് ഷഹനാസ് തിക്കോടി എഴുതുന്നു


ഷഹനാസ് തിക്കോടി

ചില സങ്കീർണ സാഹചര്യങ്ങളിൽപ്പെട്ട്‌ ഏകാന്തജീവിതം തിരഞ്ഞെടുക്കുകയും അവിടെത്തന്നെ എരിഞ്ഞടങ്ങുകയും ചെയ്യുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട്‌ പ്രവാസമണ്ണിൽ. ഒൻപത് വർഷമായി നാടുംവീടുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ഒരു മനുഷ്യൻ കഴിഞ്ഞദിവസം അന്തരിച്ചു.

തൊഴിലിടത്തിലെ രണ്ടു ദിവസത്തെ അസാന്നിധ്യം അറിഞ്ഞ് സഹജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അന്തിയുറങ്ങുന്ന ചെറു ഇരുമ്പ് കട്ടിലിനരികിൽ ചാരി ഇരിക്കുന്ന രൂപത്തിലായിരുന്നു അത്.

ഇത്തരത്തിൽ ഒരു മൃതദേഹം നാട്ടിൽ എത്തിക്കേണ്ടിവരുന്നതിന്റെ സങ്കീർണത ചെറുതല്ല. മേശവലിപ്പുപോലത്തെ ഫ്രീസറിൽ ചെറുകടലാസിൽ പേരുമെഴുതിവെച്ചു മരവിച്ചുകിടക്കുന്ന ഒട്ടേറെ ജഡങ്ങൾ പ്രവാസമണ്ണിൽ ഏറെയുണ്ട്. കരഞ്ഞു കരഞ്ഞു കണ്ണീരുവറ്റിയ അവരുടെയൊക്കെ ഉറ്റവരുടെ സങ്കല്പമുഖങ്ങൾ ഉള്ളിലൂടെ മിന്നിമാഞ്ഞു.

ജീവിതമാർഗംതേടി പ്രവാസമണ്ണിലെത്തിയ മനുഷ്യരുടെ വിവിധങ്ങളായ ജീവിതാവസ്ഥകൾ നമുക്ക് മുന്നിലൂടെകടന്നുപോകാറുണ്ട്. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായി ചിലര്‍, പെട്ടെന്നുണ്ടായ ചില സങ്കീർണ ജീവിതസാഹചര്യങ്ങളിൽപ്പെട്ട് പ്രവാസമണ്ണിൽ ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുന്നു. സാമ്പത്തികപ്രയാസങ്ങളോ കുടുംബപരമായ പ്രശ്നങ്ങളോ വ്യക്തിജീവിതത്തിലെ താളപ്പിഴകളോ കൊണ്ടാവും ഇത്തരം സാഹചര്യങ്ങളിലേക്ക് എത്തുന്നത്.

സുഹൃത്തുക്കൾക്കോ കുടുംബങ്ങൾക്കോ ബന്ധപ്പെടാനാവാത്ത ഒരിടം പ്രവാസമണ്ണിൽ ഇവർ കണ്ടെത്തുന്നു. പതിയെ മറ്റൊരു ജീവിത പശ്ചാത്തലം ഇവരിൽ ഉടലെടുക്കുന്നു. നാട്ടിലെ ബന്ധുക്കളുടെ വിശേഷങ്ങളോ മരണവിവരമോ പോലും അറിയിക്കാൻ കഴിയാത്ത ഒരവസ്ഥ എത്ര ദൗർഭാഗ്യകരമാണ്.

നാട്ടിൽ കുഞ്ഞുമക്കളും മാതാപിതാക്കളും ഏറെ പ്രതീക്ഷയോടെ സങ്കടം ഉള്ളിതൊതുക്കി ജീവിക്കുന്ന കുടുംബങ്ങൾ ഇന്ന് ഏറെയുണ്ട് എന്നതാണ് യാഥാർഥ്യം. വീട്ടിലെ ഒരാളുടെ ജഡം മോർച്ചറിയിൽ കിടക്കുകയും ക്രമേണ ആ വീട് ദൈനം ദിന കാര്യങ്ങളിലേക്ക് തിരിച്ചുപോകാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ നിങ്ങൾക്ക് ഊഹിക്കാനൊക്കുമോ?

അന്നന്നത്തെ അന്നംതേടി നിശബ്ദമായി നാടുവിടുകയും അത്രത്തോളം നിശബ്ദത പുതച്ച് എണ്ണമറ്റ മോഹഭംഗങ്ങളിലൂടെ തുഴഞ്ഞുതുഴഞ്ഞ് വീണൊടുങ്ങുകയും ചെയ്യുന്ന ഒട്ടേറെ പ്രവാസിയുടെ ജഡങ്ങളിൽനിന്ന് അതു വരെ കേട്ട ഏതു കഥയെയും റദ്ദുചെയ്യുംവിധം അസാധാരണമായ ഇത്തരം കഥകൾ കേൾക്കാം.

ഗൾഫ് നാടുകളിൽ ഭൂരിപക്ഷം ആളുകളും ജോലി ചെയുന്നത് റസ്റ്ററന്റ്, ഗ്രോസറി, അറബി വീടുകൾ എന്നിവിടങ്ങളിലാണ്. ജോലിക്ക് കയറി ലീവിന് നാട്ടിൽ പോകുന്നതിന്റെ തലേനാൾവരെ ഒരു അവധിദിനമോ, വ്യക്തിപരമായ ആസ്വാദനത്തിനുള്ള ഒരു ഉപാധിയോ കണ്ടെത്താൻ പറ്റാതെ പോവുന്ന ഇവരുടെ ജീവിതമാണ് യഥാർഥത്തിൽ കുടുംബത്തിനുവേണ്ടി സമർപ്പിക്കുന്നത്.

പ്രവാസത്തിന്റെ പൂർവകാല ചരിത്രത്തിൽനിന്ന് ഈ നാട് ഇന്നേറെ മാറി എന്ന് പറയാമെങ്കിലും ഇത്തരം ജീവിതങ്ങൾ ഇന്നും ഇവിടെയുണ്ട്. പണം മാത്രം ഉപാധിയായി കണ്ട് നാട്ടിലെ പ്രധാനപ്പെട്ട കുടുംബ വിശേഷം പോലും പങ്കുവെക്കാതെ മാറ്റി നിർത്തുമ്പോൾ മനസ്സിനെ പിടിച്ചുനിർത്തി നെടുവീർപ്പോടെ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ കൊഴിഞ്ഞുപോവുന്നത് ആയുസ്സിന്റെ ഏടുകൾകൂടിയാണ്.

എന്നിട്ടും മറ്റുള്ളവരോട് ഒരുസങ്കടവും പങ്കുവെക്കാൻ പണ്ടത്തെ പ്പോലെ ഇന്ന് സാഹചര്യമില്ല. ബാച്ചിലേഴ്സ് റൂമുകളിലെ ഇരട്ട ഇരുമ്പ് കട്ടിലിന്റെ നേരിയഅകലങ്ങളിൽ ഇരുന്ന് സങ്കടവുംസന്തോഷവും പങ്കിട്ട ആ പണ്ടത്തെ പ്രവാസനാളുകൾ ഇന്നില്ല.

ഭാഷയ്ക്കും ദേശങ്ങൾക്കും അപ്പുറം മനുഷ്യവികാരങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുകയും നർമത്തിലൂടെയും സ്നേഹോഷ്മളമായ വാക്കുകൾ കൊണ്ടും സാന്ത്വനംപകരാൻ കഴിയുമായിരുന്ന ആ റൂമുകളിൽ ഇന്ന് കൈയിലുള്ള ടെലിഫോണിലേക്ക് ഓരോ ആളുകളും ചുരുങ്ങുന്നു. കേൾക്കാൻ ആളില്ലാതെ ആവുന്ന ലോകത്ത് ഒന്നുംപറയാതെപോവുന്ന എത്രപേരാണ് ഈ പ്രവാസമണ്ണിലെന്നത് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.