ക്ഷേത്രോത്സവത്തിന് നോമ്പുതുറ സംഘടിപ്പിച്ച് മന്ദമംഗലത്തിൻ്റെ മാതൃക; സ്നേഹവും സൗഹൃദവും പങ്കുവെച്ച് സ്വാമിയാർ കാവ് ക്ഷേത്ര കമ്മറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ


കൊയിലാണ്ടി: കൊല്ലം മന്ദമംഗലത്തിൻ്റെ സാമൂഹ്യ മണ്ഡലത്തിൽ വേറിട്ട അനുഭവമായി മാറി സ്വാമിയാർ കാവ് ക്ഷേത്ര കമ്മറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ. സ്വാമിയാർ കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ് മതസൗഹാർദ സന്ദേശം വിളിച്ചോതുന്ന സമൂഹ നോമ്പുതുറ സംഘടിപ്പിക്കാൻ ക്ഷേത്ര കമ്മറ്റി മുന്നോട്ട് വന്നത്. ജാതി മത ഭേതമന്യേ നിരവധിപേരാണ് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്.

ക്ഷേത്രം രക്ഷാധികാരി കണാരൻ മാസ്റ്റർ, ക്ഷേത്രം ഭാരവാഹികളായ എ.വി.സത്യൻ, റിജേഷ്.കെ.എം, പാറപ്പള്ളി ജുമ:അത്ത് പള്ളി മഹല്ല് കമ്മറ്റി സെക്രട്ടറി ജാഫർ.ടി.വി, യുവ പാറപ്പള്ളി സെക്രട്ടറി ഷെറീഫ്, നസ്റ്റ് ചെയർമാൻ കരുവഞ്ചേരി അബ്ദുള്ള, ക്ഷേത്രം മേൽശാന്തി ഷാജി കുറുവങ്ങാട്, സുഭാഷ്.ടി.എം, രാഗേഷ്.എൻ.വി, നിഷാന്ത്.എ.പി, ഗിരീഷ് നടുക്കണ്ടി, ശിവൻ നാണക്കണ്ടി, റഫീഖ് എന്നിവർ സംസാരിച്ചു.

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചാണ് സ്വാമിയാർക്കാവ് ക്ഷേത്രത്തിലും ഉത്സവം നടക്കാറുള്ളത്. വളരെ അപൂർവമായാണ് നോമ്പും ഉത്സവവും ഒരുമിച്ചു വരാറുള്ളതെന്നും അതുകൊണ്ടാണ് ഈ വർഷത്തെ ഉത്സവത്തിൻ്റെ ഭാഗമായി മതസൗഹാർദത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശമുയർത്തി നാട്ടിലെ എല്ലാവരെയും വിളിച്ചു കൂട്ടി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചതെന്ന് ക്ഷേത്രം പ്രസിഡണ്ട് എ.വി.സത്യൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വിവിധ മതസ്ഥർ വളരെ ഐക്യത്തോടെ കഴിയുന്ന പ്രദേശത്ത് മുമ്പും ഇത്തരത്തിലുള്ള നിരവധി ഇടപെടലുകൾ ക്ഷേത്ര കമ്മറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പാറപ്പള്ളിയിൽ നിന്നുള്ള നബി ദിന റാലിക്ക് എല്ലാ വർഷവു ക്ഷേത്ര പരിസരത്ത് സ്വീകരണവും ലഘുഭക്ഷണവും വിതരണം ചെയ്യാറുണ്ട്. അതേപോലെ ക്ഷേത്ര ചടങ്ങുകൾക്കും പരിപാടികൾക്കും പ്രദേശത്തെ ഇതരമതസ്തരും സ്ഥിരമായി സഹായിക്കാറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. പാറപ്പള്ളിയിൽ വെച്ച് നടക്കാറുള്ള സമൂഹ നോമ്പ്തുറയിൽ സ്വാമിയാർക്കാവ് ക്ഷേത്ര കമ്മറ്റിയെ എല്ലാ വർഷവും ക്ഷണിക്കാറുണ്ട്.

മതസ്പർദ വളർത്താനും നാട്ടിൽ ഭിന്നിപ്പുണ്ടാക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് വലിയ പ്രതീക്ഷയാണ് ഇത്തരം ഇടപെടലുകൾ.