ഇനി തെറ്റിക്കല്ലേ; റംസാന്‍ ആശംസയല്ല, ഈദ് ആശംസ!


കൊയിലാണ്ടി: പെരുന്നാള്‍ ആശംസിക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ഒരു സംശയമുണ്ടാവാറുണ്ട്. ഈദ് ആശംസകള്‍ എന്നാണോ അല്ലെങ്കില്‍ റംസാന്‍ ആശംസകള്‍ എന്നാണോ പറയേണ്ടതെന്ന്. പലപ്പോഴും ഇവ രണ്ടും കൂടിച്ചേര്‍ത്ത് കൊണ്ടാണ് പലരും ആശംസകളും അറിയിക്കാറ്. എന്നാല്‍ ഈദുല്‍ ഫിത്തറും, റംസാന്‍ എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നന്തി അറബിക് കോളജ് പ്രിന്‍സിപ്പല്‍ തഖ്യുദ്ദീന്‍ കൊയിലാണ്ടി ന്യൂസിനോട് പറയുന്നതിങ്ങനെ.

റംസാന്‍ എന്നത് ഒരു മാസവും ഈദ് (ഈദുല്‍ ഫിത്തര്‍) അത് കഴിഞ്ഞു വരുന്ന ദിവസവുമാണ്. അതായത് വ്രതം ആരംഭിക്കുന്ന ദിവസം മുതല്‍ അവസാനിക്കുന്നതു വരെ റംസാന്‍ മാസം എന്നറിയപ്പെടുന്നു. 29 ദിവസത്തെ വ്രതത്തിന് ശേഷം മാസപ്പിറവി കണ്ട് തുടങ്ങിയത് മുതല്‍ ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍ എന്നാണ് അറിയപ്പെടുന്നത്.

വ്രതം അനുഷ്ടിക്കുന്ന ദിവസങ്ങളില്‍ റംസാന്‍ ആശംസകള്‍ അറിയിക്കാമെന്നും മാസപ്പിറവി ദൃശ്യമായതിന് ശേഷം
ഈദുല്‍ ഫിത്തര്‍, പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ആശംസകള്‍ തുടങ്ങിയവ ആശംസകളായി അറിയിക്കാമെന്നും തഖ്യുദ്ദീന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒപ്പം ഏവര്‍ക്കും ഈദ് ആശംസകളും നേര്‍ന്നു.