‘ജയവും തോല്‍വിയുമല്ല, ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്; ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിന്‍


എ.സജീവ് കുമാര്‍

ഉഗാണ്ടയില്‍ നടക്കുന്ന മത്സരം അവസാനിക്കുന്നതും കാത്ത് മുചുകുന്ന് കൊയിലോത്തുംപടിയിലെ കോന്നക്കല്‍ താഴെ വീട്ടില്‍ കാത്തിരിക്കയാണ് ഒരു കുടുംബം. ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മത്സരിക്കുന്ന കെ.ടി നിധിന്റെ വീട്ടി ലാണ് ആഹ്ലാദം അലയടിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളിയാണ്. ഗ്രൂപ്പില്‍ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. സിംഗിള്‍ ഇനത്തിലും മത്സരിക്കുന്നു.

‘ജയവും തോല്‍വിയുമല്ല. ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്. മെഡല്‍ നേടിയതിന്റെ ഫലം ഇരട്ടി സന്തോഷം’ നിധിന്റെ വാക്കുകള്‍. നിധിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത് പൊക്കം കുറഞ്ഞവരുടെ സ്റ്റോര്‍ട്സ് ക്ലബ്ബായ ലിറ്റില്‍ പീപ്പിള്‍ സ്‌പോര്‍ട്സ് ക്ലബ്ബാണ്. അമ്പതോളം വരുന്ന ഇന്ത്യന്‍ പാരാ ബാഡ്മിന്റണ്‍ സംഘത്തി ലേക്കാണ് ഇവിടെ നിന്നുള്ള വളര്‍ച്ചയില്‍ തെരഞ്ഞെടുക്കപ്പെട്ടല്‍ .

കൊളക്കാട് മിക്‌സഡ് എല്‍പി സ്‌കൂളിലും മുചുകുന്ന് യൂപി സ്‌കൂളിലും കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. പ്രൈവറ്റായി ബീകോം ബിരുദവും നേടി. സംസ്ഥാനതലത്തിലും ദേശീയ തലത്തിലുമുള്ള വിജയത്തോടെ ഗുജറാത്തിലെ സായിലേക്കാണ് നിധിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നരമാസമായി അവിടെയാണ്പരിശീലനം. തുടര്‍ന്നാണ് ഉഗാണ്ടയില്‍ മത്സരത്തിന് പോയത്.

മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ്. അച്ഛന്‍ കണ്ണിന് അപകടം പറ്റിയതിനാല്‍ കൃത്യമായി തൊഴിലിന് പോകാന്‍ കഴിയുന്നില്ല. അതിനാല്‍ നിധിന് ഒരു തൊഴില്‍കിട്ടുകയെന്നതാണ് സഹോദരി നീതു അടക്കമുള്ള കുടുംബത്തിന്റെ സ്വപ്‌നം. തിങ്കളാഴ്ച നിധിനും സംഘവും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.