പ്രായം നാൽപ്പതിൽ താഴെ മാത്രം; കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും അടുത്തിടെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരിച്ചത് പത്തിലധികം പേർ


കൊയിലാണ്ടി: കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും നിരവധി പേരാണ് കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരണപ്പെട്ടത്. ഇതിൽ കൂടുതലും യുവാക്കളാണ് എന്നതാണ് ഏറ്റവും ദു:ഖകരം. നാൽപ്പത് വയസിൽ താഴെ മാത്രം പ്രായമുള്ള പത്തിലധികം പേരാണ് ഈയടുത്തായി മരണപ്പെട്ടത്. കുടുംബത്തോടപ്പമുള്ള സന്തോഷ നിമിഷങ്ങളും സ്വപ്നസാക്ഷാത്ക്കാരവും മനസിൽ കൊണ്ടുനടക്കുന്നവർ ഒരു ദിവസം പെട്ടന്ന് എന്നന്നേക്കുമായി വിടപറയുന്നത് ഹൃദയഭേതകമാണ്.

സി.ആര്‍.പി.എഫിൽ ജോലിചെയ്യുന്ന പാലോളിക്കണ്ടി മിംസില്‍ മന്‍സൂര്‍, പളളിക്കര കേളോത്ത് രാഹുല്‍, കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളി ജിനീഷ് എന്നിങ്ങനെ നീളുന്നു കുഴഞ്ഞുവീണു മരണപ്പെട്ടവർ. പയ്യോളി സ്വദേശി മരച്ചാലില്‍ സിറാജ്, ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് തുടങ്ങിയവർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

പൂക്കാട് സ്വദേശി ഫാസിലാണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു ഫാസിൽ, എന്നാൽ നേരം വെളുത്ത് നോക്കിയപ്പോൾ എന്നന്നേക്കുമായി ഫാസിൽ വിടപറഞ്ഞിരുന്നു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു ഫാസിലിന്റെ പ്രായം.

സി.ആര്‍.പി.എഫ് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു തിക്കോടി സ്വദേശിയായ പാലോളിക്കണ്ടി മിംസില്‍ മന്‍സൂര്‍. മുപ്പത്തിയേഴ് വയസുകാരനായ മൻസൂർ മക്കൾക്കൊപ്പം കടയിലേക്ക് പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡ്യൂട്ടിയ്ക്കിടെ ഒറീസ്സയില്‍ വച്ചാണ് പള്ളിക്കര സ്വദേശിയായ കേളോത്ത് രാഹുല്‍ കുഴഞ്ഞ് വീണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു രാഹുലിന്റെ പ്രായം.

കുഴഞ്ഞുവീണതിനെ തുടർന്നാണ് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളി കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുമുഖത്ത് ജിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

ഗോവ ഗവർണറുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു വള്ളിക്കാട് സ്വദേശിയായ മുപ്പതുകാരൻ ശ്യാംലാല്‍ മരണപ്പെട്ടത്. കല്ലായിയിൽ വച്ച് ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലൻസിൽ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലില്‍ സിറാജും മരിച്ചത് കുഴഞ്ഞു വീണായിരുന്നു. അയല്‍വീട്ടിലെ വിവാഹത്തിന് ചോറു വിളമ്പുന്നതിനിടെ സിറാജ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പത് വയസായിരുന്നു പ്രായം.

പരിശീലനത്തിനിടെയാണ് മടപ്പള്ളി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ കുഴഞ്ഞുവീണ് മരിച്ചത്. ലക്നൗവിലെ കരസേന ട്രെയിനിങ് സെന്ററില്‍ വച്ച് പരിശീലനത്തിനിടെ വൈഷ്ണവ് കുഴഞ്ഞുവീഴുകയായിരുന്നു. ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയുമ്പോഴാണ് വെെഷ്ണവിന്റെ അപ്രതീക്ഷിത വിയോ​ഗം.

കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെയാണ് കാവുന്തറ സ്വദേശി മനോത്ത് കണ്ടി സുനി മരിക്കുന്നത്. ഉത്സവത്തിനിടെ കുഴഞ്ഞുവീണാണ് മുപ്പത്തെട്ടുകാരനായ സുനി മരിക്കുന്നത്.

ഏറെ പ്രതീക്ഷകളുമായി സന്ദര്‍ശക വിസയിൽ ബഹ്‌റൈനില്‍ എത്തിയതായിരുന്നു മണിയൂര്‍ സ്വദേശി വൈശാഖ്. എന്നാൽ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം അവനെ കവർന്നെടുക്കുകയായിരുന്നു. ഇരുപത്തിയേഴ് വയസായിരുന്നു വെെശാഖിന്റെ പ്രായം.

വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് മരണപ്പെട്ടതും ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മുപ്പത്തിയൊന്‍പതുകാരനായ സുധീഷ് നിസ്വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലായിരുന്നു മരണം.

എടക്കുളം സ്വദേശിയായ യുവാവും ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്. നെടൂളി സുധീഷ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു സുധീഷിന്റെ പ്രായം.

കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യമാണ് നിലിവുള്ളത്. പ്രായഭേദമന്യ മരണം എല്ലാവരെയും കവരുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും ആരോ​ഗ്യസ്ഥിതി മോശമാക്കുന്നതിന് ഒരു കാരണമാണ്. ആയതിനാൽ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ നിസ്സാരമാക്കി കണാതെ അടിയന്തിരമായി ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.