കാത്തിരിപ്പ് അവസാനിക്കുന്നു; മൂടാടിയില്‍ കെ.എസ്.ഇ.ബി – 33 കെ.വി സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു


മൂടാടി: മൂടാടിയില്‍ കെ.എസ്.ഇ.ബി – സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാവുന്നു. വോള്‍ട്ടേജ് ക്ഷാമവും ഇടക്കിടെ കറന്റ് പോകുന്നതും പതിവായ മൂടാടി ഗ്രാമപഞ്ചായത്തില്‍ ശാശ്വത പരിഹാരമായി 33 കെ.വി കണ്ടെയ്‌നര്‍ ടൈപ്പ് സബ് സ്റ്റേഷന്‍ സ്ഥാപിക്കപെടും. ഇതിനായി 15 സെന്റ് ഭൂമി അനുവദിച്ചത് സംബന്ധിച്ച കത്ത് 6.6.2024 ന് കെ.എസ്.ഇ.ബി ചീഫ് എന്‍ജിനിയര്‍ക്ക് കൈമാറി കഴിഞ്ഞു.

സബ്‌സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി 15 സെന്റ് ഭൂമി പഞ്ചായത്ത് ഇടപെട്ട് ലഭ്യമാക്കണമെന്നാണ് കെ.എസ്.ഇ.ബി – ആവശ്യപ്പെട്ടിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം എം.എല്‍.എ മുഖാന്തരം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് മുചുകുന്നിലെ സിഡ്‌കോ വ്യവസായ പാര്‍ക്കില്‍ ചെറുകിട സംരഭകര്‍ക്ക് വിതരണം ചെയ്തതില്‍ അവശേഷിക്കുന്ന 15 സെന്റ് ഭൂമി സബ് സ്റ്റേഷന്‍ നിര്‍മാണത്തിനായി അനുവദിക്കുകയാണുണ്ടായത്.

സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മുചുകുന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും, മൂടാടി , തിക്കോടി എന്നീ സെക്ഷനുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കും ഗുണകരമാകും. നിലവില്‍ കന്നൂര്‍ സബ് സ്റ്റേഷനില്‍ നിന്നാണ് മൂടാടിയിലേയ്ക്ക് കറന്റ് എത്തുന്നത്. – എറ്റവും അറ്റത്തുള്ള ഭാഗമായതിനാല്‍ ഇവിടെ വൈദ്യുത പ്രതിസന്ധി വളരെ രൂക്ഷമാണ്. സിഡ്‌കോ പാര്‍ക്കിലെ യും പരിസരത്തെ ചെറുകിട സംരഭകര്‍ക്കും പ്രദേശത്തെ ഉപഭോക്താക്കള്‍ക്കും സബ് സ്റ്റേഷന്‍ വരുന്നത് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.