മണിയൂര്‍ കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്‌; വീടിന്റെ മേല്‍ക്കൂരയ്ക്കും വാതിലിനും കേടുപാടുകള്‍


മണിയൂര്‍: കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്‌. വില്യാപ്പള്ളി ബ്ലോക്ക് സെക്രട്ടറി കരുവഞ്ചേരി മുതുവീട്ടില്‍ ബാബുവിന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്.

ഇന്നലെ രാത്രി 12മണിക്കാണ് സംഭവം. അക്രമണത്തില്‍ വീടിന്റെ ചുമരിനും, വാതിലിനും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസമയത്ത് വീട്ടില്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ബാബുവിന്റെ മകന്‍ വിഷ്ണു ദാസ് യൂത്ത് കോണ്‍ഗ്രസ് പാലയാട് മണ്ഡലം പ്രസിഡന്റാണ്.

അക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമണം ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമണത്തെ തുടര്‍ന്ന് അമ്പലനടയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.