‘കഥയായി എഴുതിയതാണ്, വായിച്ചവർ നൽകിയ പ്രേരണയിൽ നിന്നാണ് ‘ഉള്ള്’ പിറക്കുന്നത്, ആദ്യ ചിത്രം അവാർഡുകൾ വാരിക്കുട്ടിയപ്പോൾ ഏറെ സന്തോഷം’; മനസ്സുതുറന്ന് പുതുമുഖ സംവിധായിക കുറുവങ്ങാട് സ്വദേശിനി വിപിന അജിത്ത്


കൊയിലാണ്ടി: സംവിധാനം നിർവഹിച്ച ആദ്യ ഷോർട്ട് ഫിലിം അവാർഡുകൾ നേടിയതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട് സ്വദേശിനി വിപിന അജിത്ത്. ഉള്ള് എന്ന് പേരിൽ യുട്യൂബിലൂടെ റിലീസ് ചെയ്ത ഷോർട്ട് ഫിലിമാണ് ഇരുപതോളം അവാർഡുകൾ കരസ്ഥമാക്കിയത്. ഹോമോ സെക്ഷ്വൽ തീം ആസ്മദമാക്കി എഴുതിയ കഥ വായിക്കാനായി നൽകിയിരുന്നു, അവർ ഇത് ഷോർട്ട്ഫിലിം ആക്കിയാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടു, അങ്ങനെയാണ് ചിത്രീകരണത്തിലേക്ക് എത്തിയതെന്ന് വിപിന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ചെറുപ്പം മുതൽ കഥകൾ എഴുതുമായിരുന്നു, പഠന കാലത്ത് മത്സരങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ ഒരു ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ആദ്യമായിട്ടാണ്. ചിത്രീകരണ സമയത്ത് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു, ഹോമോ സെക്ഷ്യൽ കഥ ആയതുകൊണ്ട് ആളുകൾ സ്വീകരിക്കുമോ എന്നായിരുന്നു പേടി. എന്നാൽ ചിത്രം റീലിസായപ്പോൾ എല്ലാവരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചതെന്നും വിപിന പറഞ്ഞു.

അഖിൽ കമൽ, മിൻഹജ്, ജാൻവി ബെെജു, നൗഷാദ് ഇബ്രാഹിം, ഷിജിത്ത് മണവാളൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഷോർട്ട്ഫിലിമിൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് മേപ്പയ്യൂർ സ്വദേശി സായിബാലനാണ്. വരികൾ എഴുതിയത് അജു സാജൻ.

ദൃശ്യ വിസ്മയം ക്യാമറയിൽ പകർത്തിയത് അമൽഘോഷ്. എഡിറ്റിം​ഗ് നിർവഹിച്ചത് വിഷ്ണു ആനന്ദ്. കളറിംഗ് ഹരി ജി നായർ, സൗണ്ട് മിക്സിങ് ഹരിരാഗ് എം വാര്യർ, മേക്കപ്പ് ചാരുത് ചന്ദ്രൻ. ആർട്ട്‌ ടീം വൈഷ്ണവ് പന്തലായിനി ആന്റ് ഷാനിൽ വടേരി. പ്രോഡക്ഷൻ കൺട്രോളർ വിപിൻ കാരന്തൂർ, ഷെെജു വെള്ളന്നൂർ. ബഡ്ജറ്റ് ലാബ് എന്ന യൂട്യൂബ് വഴി മെയ് 27 നാണ് ചിത്രം റിലീസ് ചെയ്തത്.

മലബാർ സൗഹൃദ വേയിയുടെ മികച്ച ഷോർട്ട് ഫിലിം അവാർഡ്, കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ ആറ് പുരസ്കാരങ്ങൾ, ​ഗൾഫ് മേഖലയിൽ നിന്നുള്ള മൂന്ന് അവർഡുകൾ ഉൾപ്പെടെ 20 ഓളം അവാർഡുകൾ ഇതിനകം ചിത്രത്തിന് ലഭിച്ചിരുന്നു.

കുന്നത് മീത്തൽ അജിത്ത് കുമാറാണ് ഭർത്താവ്. അദ്വെെത്, നവദുർ​ഗ, നവരുദ്ര എന്നിവർ മക്കളാണ്. ചന്ദ്രൻ, വസന്ത ദമ്പതികളുടെ മകളാണ് വിപിന.