വീശിയടിക്കുന്ന കാറ്റ്, തല്ലിത്തെറിപ്പിക്കുന്ന തിര, ഇരുട്ടും അപകടങ്ങളും ഭേദിച്ച് ഇവര്‍; വെള്ളിയാംകല്ലിലെ രാജാക്കന്മാര്‍


പി.കെ. മുഹമ്മദലി

ടുത്ത് കണ്ടില്ലെങ്കിലും കൊയിലാണ്ടിക്കാര്‍ക്ക് അപരിചിതമല്ല വെള്ളിയാം കല്ല്. കൊയിലാണ്ടിക്കാരുടെ കഥകളിലും കാല്‍പനികതകളിലും വെള്ളിയാംകല്ല് എന്നും നിറഞ്ഞു നിന്നിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ വെള്ളിയാംകല്ലില്‍ തുമ്പികളായി പുനര്‍ജനിക്കുന്നുവെന്ന സങ്കല്‍പം കേള്‍ക്കാതെ വളര്‍ന്ന കുട്ടികള്‍ പ്രദേശത്തുണ്ടോ എന്ന് സംശയമാണ്.

എന്നാല്‍ വെള്ളിയാംകല്ലിനെ നിത്യജീവിതത്തിന്‍റെ യാഥാര്‍ഥ്യമായി കൊണ്ടു നടക്കുന്നവരാണ് തിക്കോടി-കോടിക്കല്‍ പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍. കോടിക്കലില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ മാത്രം അകലെ കടലില്‍ സ്ഥിതിചെയ്യുന്ന വെള്ളിയാംകല്ല് മത്സ്യതൊഴിലാളികള്‍ക്ക് പരിചിതമായ സ്ഥലമാണ്.

എന്നാല്‍ വെള്ളിയാംകല്ലിനെ മാത്രം കേന്ദ്രീകരിച്ച്, പാറയില്‍ അലതല്ലുന്ന തിരയെ മെരുക്കി വെള്ളിയാംകല്ല് പരിസരത്ത് വര്‍ഷങ്ങളായി മത്സ്യബന്ധനം നടത്തുന്ന ചിലരുണ്ട് കോടിക്കല്‍ തീരത്ത്. വെള്ളിയാംകല്ല് കാണമെന്ന മോഹവുമായി കോടിക്കല്‍ കടപ്പുറത്തെത്തുന്നവരെ ‘സ്വപ്നദ്വീപി’ലേക്ക് തുഴഞ്ഞെത്തിക്കുന്നതും ഇവരാണ്.

കോടിക്കലിലെ വിദഗ്ദ മത്സ്യ തൊഴിലാളികളായ എം.പി മൂസ,പീടിക വളപ്പിൽ ദേവദാസൻ,കുണ്ടുകുളം ലക്ഷം വീട് റിയാസ്,തൈവളപ്പിൽ മുനീർ,മരക്കാർ വളപ്പിൽ റാഫി, കഞ്ഞിപുരയിൽ ചന്ദ്രൻ,നാഗപറമ്പിൽ ശരീഫ് എന്നിവരാണ് വെള്ളിയാംകല്ലിന്‍റെ ചുറ്റും വര്‍ഷങ്ങളായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നത്.

കൂടുതല്‍ ശ്രദ്ധ വേണ്ടയിടമാണ് വെള്ളിയാംകല്ല്. പാറകള്‍ നിറഞ്ഞ വെള്ളിയാംകല്ലിലേക്ക് ബോട്ട് അടുപ്പിക്കാനാവില്ല. പാറകളില്‍ തട്ടി ബോട്ട് തകരാതെയും ശ്രദ്ധിക്കണം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചൂടിയും കയറും പ്രത്യേകരീതിയില്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വലയാണ് ഇവിടെ മത്സ്യബന്ധനത്തിന് ഉപയോഗിക്കാറ്. ഇവിടെ സാധാരണയിലും കൂടുതല്‍ ആഴമുണ്ടെന്നും വലിയ മീനുകള്‍ കുടുതല്‍ ലഭിക്കുമെന്നും മത്സ്യത്തൊഴിലാളിയായ എം.പി. മൂസ പറയുന്നു.

കോടിക്കലിലെ ഏറ്റവും പ്രായം കൂടിയ മത്സ്യതൊഴിലാളിയാണ് മൂസ. അഞ്ച് പതിറ്റാണ്ടുകളായി കടലില്‍ ജോലി ചെയ്യുന്നു. നിരവധി സഞ്ചാരികളെ വെള്ളിയാംകല്ലിലെത്തിച്ച കഥയും മൂസയ്ക്ക് പറയാനുണ്ട്.

പിടികവളപ്പിലെ ദേവദാസൻ അദ്ദേഹത്തിന്റെ അച്ചന്റെ കൈമാറിയ ജോലിയാണ് ഇന്നും ഒരു ദിവസവും മുടങ്ങാതെ ചെയ്യുന്നത്. അഛൻ കാണിച്ച് കൊടുത്ത പ്രത്യാക രീതിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ മത്സ്യ ബന്ധന രീതി.കഞ്ഞി പുരയിൽ ചന്ദ്രൻ വെള്ളിയാം കല്ലിന്റെ ഉൾഭാഗങ്ങളിൽ സഞ്ചരിക്കുകയും നിരവധി സഞ്ചാരികളെ വെള്ളിയാം കല്ല് കാണിക്കുകയും ചെയ്ത മത്സ്യതൊഴിലാളിയാണ്. കുണ്ടുകുളം ലക്ഷം വീട് റിയാസ് തൈവളപ്പിൽ മുനിർ ,മരക്കാർ വളപ്പിൽ റാഫി,നാഗപറമ്പിൽ ശരിഫ് എന്നിവർ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികളെ വെള്ളിയാം കല്ലിലേക്ക് കൊണ്ട് പോവുകയും ഒരു ദിവസം മുഴുവൻ ഇവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയ സമയത്ത് സർക്കാരിന്റെ പ്രത്യാക ബഹുമതി ഇവർക്ക് ലഭിച്ചിട്ടുണ്ട്. നാട് ഇവരെ ആദരിച്ചിട്ടുമുണ്ട്.

ഈ എഴുത്തിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലേഖകന് നേരിട്ട് വാട്സ്ആപ്പ് ചെയ്യൂ [Click here]


വെള്ളിയാംകല്ലിന്റെ ചരിത്രം വായിക്കൂ

കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ | Click here


വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്‍റ് ലൈറ്റ് ഹൗസ്‌ | ഭാഗം രണ്ട്