എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ടിനിപ്പുറവും ട്രെയിന്‍ യാത്ര സുരക്ഷിതമല്ല; ജീവനക്കാര്‍ വരെ കൊല്ലപ്പെടുന്ന സാഹചര്യത്തിലും സുരക്ഷാ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു


ലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്നിട്ട് ഒരാണ്ട് തികഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയില്‍ യാത്ര സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നും ട്രെയിനുകളില്‍ സുരക്ഷിതമായ യാത്രയെന്നത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. യാത്രക്കാര്‍ മാത്രമല്ല, റെയില്‍വേ ജീവനക്കാര്‍വരെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ട്രെയിനില്‍ യാത്രക്കാരന്‍ ഒരു ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത് എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന്റെ ഒന്നാംവാര്‍ഷികത്തിലാണ്.

കാര്യക്ഷമമായ പരിശോധനകള്‍ ഇല്ലാതെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവയടക്കം മിക്ക റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാരെ കടത്തിവിടുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ സ്റ്റേഷനുകളില്‍ പേരിന് സ്ഥാപിക്കാറുണ്ടെങ്കിലും ഒട്ടുമിക്ക യാത്രക്കാരും മറ്റുവഴികളിലൂടെയാണ് സ്റ്റേഷനിലെത്തുന്നത്. മദ്യപിച്ചോ, സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ കൈവശംവെച്ചോ ആര്‍ക്കും റെയില്‍വേ സ്‌റ്റേഷന് അകത്തേക്ക് കയറാമെന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ തന്നെ ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയയാള്‍ മദ്യപിച്ചിരുന്നു. ഇന്ന് ജനശതാബ്ദി ട്രെയിനില്‍വെച്ചും ഒരു ടി.ടി.ഇ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വലിയ സംഭവങ്ങളുണ്ടാകുമ്പോള്‍ വാര്‍ത്തയാകുന്നുവെന്നതല്ലാതെ ദിവസവും ഓരോ യാത്രയ്ക്കിടെയും ചെറിയ ചെറിയ അക്രമസംഭവങ്ങള്‍ പലതും പുറത്തുവരാകെ പോകുന്നുമുണ്ട്.

ട്രെയിനുകളില്‍ സി.സി.ടി.വി, എല്ലാ സ്‌റ്റേഷനുകളിലും നിരീക്ഷണ ക്യാമറ, ശക്തമായ പൊലീസ് നിരീക്ഷണം എന്നിവ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. അഞ്ച് കമ്പാര്‍ട്ട്‌മെന്റിന് ഒരു ടി.ടി.ഇയും സുരക്ഷക്ക് ആവശ്യമായ ആര്‍.പി.എസ് ഉദ്യോഗസ്ഥരും ഉണ്ടാവണണെന്നാണ് ഉത്തരവ്. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ പോലും ഇതുണ്ടാവാറില്ല.

വടക്കന്‍ കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കോഴിക്കോട് പോലും ആര്‍ക്ക് എങ്ങനെ വേണമെങ്കിലും അകത്ത് കടക്കാമെന്ന സ്ഥിതിയാണ്. ചെറിയ സ്‌റ്റേഷനുകളുടെ കാര്യം പറയേണ്ട. മിക്ക സ്ഥലവും കാടുമൂടി സാമൂഹ്യവിരുദ്ധരുടെ താവളമായി കിടക്കുകയാണ്. ട്രെയിന്‍ തീവെപ്പുണ്ടായതിന്റെ ഏറ്റവും അടുത്തുള്ള എലത്തൂര്‍ സ്റ്റേഷന്റെ കാര്യം തന്നെ നോക്കാം. ഇവിടെ സുരക്ഷയ്ക്കായി പേരിന് പോലും റെയില്‍വേ പൊലീസ് ഇല്ല. പലഭാഗവും കാടുമൂടി കിടക്കുകയാണ്. ഒട്ടുമിക്ക ചെറു സ്റ്റേഷനുകളുടെയും സ്ഥിതി ഇതുതന്നെയാണ്.

സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്ക് ഇനിയും എത്രനാള്‍ നമ്മള്‍ കാത്തിരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല, ഇനിയെത്ര അപകടങ്ങള്‍ കൂടി കഴിയണം സുരക്ഷ ഉറപ്പാക്കാന്‍ എന്നതും അറിയില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ ദാരുണമായ കൊലപാതകമെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കുമായിരിക്കും എന്ന പ്രത്യാശിക്കാനേ നമുക്ക് കഴിയൂ.