600ഓളം താലങ്ങള്‍, അഞ്ച് ആനയും നൂറോളം വാദ്യക്കാരും; പ്രൗഢ ഗംഭീരമായി കൊല്ലം പിഷാരികാവിലെത്തി വസൂരിമാല വരവ്


കൊയിലാണ്ടി: പ്രൗഢഗംഭീരമായി മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ് കൊല്ലം പിഷാരികാവ് ദേവീ സന്നിധിയിലെത്തി. പന്ത്രണ്ട് മണിയോടെയാണ് ദേവിയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി സ്വാമിയാര്‍ കാവില്‍ നിന്നും ആഘോഷാരവങ്ങളോടെ വസൂരിമാലാ വരവ് ക്ഷേത്ര സന്നിധിയിലെത്തിയത്. ദേവിയെ വസൂരിമാല അണിയിച്ചതിന് പിന്നാലെ ഉച്ചപൂജയും നടന്നു.

വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. അഞ്ച് ഗജവീരന്‍മാരും ഒരു സ്ത്രീയടക്കം പതിനൊന്ന് കോമരങ്ങളും വമ്പിച്ച ഭക്തജന സാന്നിധ്യവും ഇത്തവണയും വസൂരിമാല വരവിനെ ശ്രദ്ധാകേന്ദ്രമാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താലപ്പൊലിയേന്തിയ സ്ത്രീകളുടെ എണ്ണം വളരെക്കൂടുതലായിരുന്നു ഇത്തവണ. സ്വാമിയാര്‍കാവില്‍ നിന്ന് മാത്രം താലമേന്തിയ 450 സ്ത്രീകള്‍ വരവിനൊപ്പമുണ്ടായിരുന്നു. വഴിയില്‍ 13 വീടുകളില്‍ നിന്നായി 150ഓളം പേര്‍ ഒപ്പം ചേര്‍ന്നു. ക്ഷേത്രകവാടത്തിനരികിലെ അഞ്ചോളം വരികളായി നിര്‍ത്തിയാണ് താലപ്പൊലിക്കാര്‍ പ്രവേശിച്ചത്.

നൂറോളം വാദ്യകലകാരന്മാര്‍, നാദസ്വരം, അരങ്ങോല, ഇളനീര്‍ക്കുല, പഴക്കുല, ശീലക്കൊടി, വെള്ളി കൊടി, മണിമാല, മറ്റ് ഉപവരവുകള്‍, ചെണ്ടമേളം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ വസൂരിമാല വഹിച്ച ഗജവീരനെ മറ്റു നാല് ഗജവീരന്മാരും വമ്പിച്ച ഭക്തജനസമൂഹവും പിഷാരികാവ് ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു. 175ഓളം മണികളാണ് ഇത്തവണ വസൂരിമാലയില്‍ കൂട്ടിച്ചേര്‍ത്തത്. വരവില്‍ ദേവിയെ എല്ലാദിവസവും അണിയിക്കുന്നതിനായി മറ്റൊരു മാലകൂടി സ്വാമിയാര്‍കാവില്‍ നിന്നും നേര്‍ച്ചയായി സമര്‍പ്പിച്ചിട്ടുണ്ട്.

വരവ് കൊണ്ടാടുംപടി ക്ഷേത്രപ്രദക്ഷിണം നടത്തി ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങി പിഷാരികാവ് ക്ഷേത്രത്തിന്റെ കിഴക്ക നടയിലെ അരയാല്‍ തറയിലെ മേളത്തിനുശേഷം മുമ്പോട്ട് നീങ്ങി വടക്കെ നടയില്‍ പ്രവേശിച്ച് വസൂരിമാല ആനപ്പുറത്ത് നിന്ന് ഇറക്കി മേല്‍ശാന്തി ഏറ്റുവാങ്ങുകയായിരുന്നു.

രാവിലെ ഒമ്പത് മണിയ്ക്കാണ് വരവ് സ്വാമിയാര്‍ക്കാവ് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടത്. ചെമ്പട്ടണിഞ്ഞ് വലതുകയ്യില്‍ പള്ളിവാള്‍ ചുഴറ്റി അലറിവിളിച്ചുള്ള കോമരങ്ങള്‍ വസൂരിമാല വരവിന്റെ സവിശേഷതയാണ്. നെറ്റി വാളികൊണ്ട് വെട്ടിമുറിവേല്‍പ്പിച്ചും മുഖത്തൂടെ രക്തമൊലിപ്പിച്ചും അലറിവിളിച്ചു നീങ്ങുന്ന കോമരക്കാര്‍ കൊടുങ്ങല്ലൂര്‍ ഭരണിയെ അനുസ്മരിപ്പിക്കും. നാല്‍പ്പത്തിയൊന്ന് ദിവസം വ്രതമെടുത്താണ് കോമരങ്ങള്‍ വസൂരിമാല വരവിനായി തയ്യാറെടുക്കുന്നത്.

വസൂരിമാല വരവിന് പിന്നിലെ ഐതിഹ്യം:

എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ദമംഗലം പ്രദേശം മുഴുവന്‍ മാരകമായ വസൂരി രോഗത്തിന്റെ പിടിയിലായിരുന്നു. ഈര്‍ച്ചപ്പണിയെടുത്ത് ജീവിക്കുന്നവരായിരുന്നു ഇവിടുള്ള ഭൂരിപക്ഷം പേരും. ഇവര്‍ നാട്ടുമൂപ്പനായ പറമ്പില്‍ കേളുവിന്റെ വീട്ടിലെത്തിച്ചേരുകയും നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ദേവിയെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രദേശത്തുനിന്നും വസൂരി രോഗം വിട്ടുപോയാല്‍ എല്ലാവര്‍ക്കും ഇവിടെനിന്നും വസൂരിയുടെ വണ്ണത്തിലുള്ള സ്വര്‍ണമണി നേര്‍ച്ചയായി നേരാമെന്നായിരുന്നു പ്രാര്‍ത്ഥന. ഈ രോഗം മാറിയാല്‍ എല്ലാവര്‍ഷവും വസൂരിമാലയില്‍ സ്വര്‍ണ മണി അധികമായി ചേര്‍ക്കുമെന്നും പറഞ്ഞു. ഇതുപ്രകാരം രോഗം മാറുകയും നേര്‍ച്ച പറഞ്ഞത് പ്രകാരം ഭക്തര്‍ എല്ലാവര്‍ഷവും ദേവിയ്ക്ക് വസൂരിമാലയുമായി മന്ദമംഗലത്തുനിന്നും പിഷാരികാവില്‍ എത്തുകയും ചെയ്യുന്നു.

ഇന്ന് 110 പവനോളം വരും ദേവിയുടെ വസൂരിമാല. ഒരു പണത്തൂക്കമുള്ള മണികളാണ് വസൂരിമാലയില്‍ കൂട്ടിച്ചേര്‍ക്കുക. ഇത് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കും. ഇത്തവണ 190 മണികളാണ് കൂട്ടിച്ചേര്‍ത്തത്. പിഷാരികാവില്‍ നിത്യവും ദേവിയെ അണിയിക്കുന്ന ആഭരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ വസൂരിമാല. കാളിയാട്ട വിളക്ക് തുടങ്ങിയാല്‍ സ്വാമിയാര്‍കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പിഷാരികാവിലെത്തി ഈ മാല രജിസ്റ്ററില്‍ ഒപ്പുവെച്ച് കൈപ്പറ്റുകയും വലിയ വിളക്ക് ദിവസം ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

മന്ദമംഗലത്തുനിന്നും വസൂരിമാല വരവ് പുറപ്പെട്ടു കഴിഞ്ഞാല്‍ പിഷാരികാവിലേക്കുള്ള വഴിയ്ക്കിടയില്‍ പതിനഞ്ചോളം വീടുകളില്‍ നിന്നും വരവ് വസൂരിമാല വരവിനൊപ്പം കൂടിച്ചേര്‍ന്ന് നൂറുകണക്കിന് ആളുകള്‍ അണിനിരക്കുന്ന ആഘോഷവരവായാണ് ക്ഷേത്രത്തിലെത്തുക.