ആനക്കുളത്തെ സുരക്ഷ പാലിയേറ്റീവ് കട്ടക്ക് കൂടെനിന്നു, ഇനിയൊരു ഉത്സവം കൂടലുണ്ടാകില്ലെന്ന് മനസിലുറപ്പിച്ച അവര്‍ പതിനാലുപേരും കണ്‍കുളിര്‍ക്കെ കണ്ടു കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി


കൊല്ലം: ഒരുകാലത്ത് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയാല്‍ പിന്നെ കാളിയാട്ടം കഴിഞ്ഞ് വാളകം കൂടുന്നതുവരെ ഒട്ടുമുക്കാല്‍ സമയവും ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നവര്‍, ഇന്ന് ശാരീരികമായ പരിമിതികളും വാര്‍ധക്യ സഹജമായ പ്രയാസങ്ങളും കാരണം പഴയകാല ഉത്സവഓര്‍മ്മകള്‍ അയവിറക്കി വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുന്നു. അങ്ങനെ കുറച്ചുപേരുണ്ട് കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി. ഇനിയൊരു ഉത്സവം കൂടലുണ്ടാവില്ലെന്ന് മനസില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നവര്‍. കാളിയാട്ടത്തിന് ക്ഷേത്രത്തിലെത്തണമെന്ന മോഹം ഉള്ളില്‍ ഒതുക്കി കഴിയുന്ന അവരില്‍ ചിലര്‍ക്കെങ്കിലും ആശ്വാസമാകുകയാണ് ആനക്കുളത്തെ സുരക്ഷ പാലിയേറ്റീവ്.

ഇന്ന് കാളിയാട്ടമഹോത്സവത്തിന്റെ നാലാംദിനം വൈകുന്നേരം നെറ്റിപ്പട്ടംകെട്ടിയ ആനയും വാദ്യമേളങ്ങളും അണിനിരന്ന കാഴ്ചശീവേലി ക്ഷേത്രത്തെ ചുറ്റി കടന്നുപോകുമ്പോള്‍ അതുകാണാന്‍ കൂടിനിന്ന നൂറുകണക്കിന് ഉത്സവപ്രേമികള്‍ക്കിടയില്‍ ഈറനണിഞ്ഞ കണ്ണുമായി പതിനാല് പേരുണ്ടായിരുന്നു. സുരക്ഷയുടെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തിച്ച ശാരീരിക പരിമിതികള്‍ നേരിടുന്ന സ്ത്രീകളും പ്രായമായവരുമടങ്ങുന്ന പതിനാലുപേര്‍. ക്ഷേത്രാങ്കണത്തിന് അടുത്തായി വീല്‍ചെയറില്‍ ഇരുന്നാണ് ശീവേലിക്കാഴ്ചകള്‍ കണ്ടതെങ്കിലും മനസുകൊണ്ട് അവര്‍ മേളത്തിനൊപ്പം തുള്ളിച്ചാടുകയായിരുന്നു.

കൂട്ടത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ വയോധിക പറയുകയാണ് ‘എട്ടുവര്‍ഷത്തോളമായി ഈ ക്ഷേത്രമുറ്റത്തെത്തിയിട്ട്, ഉത്സവം കൂടിയിട്ട്. ഓരോ വര്‍ഷവും കാളിയാട്ടത്തിന്റെ ബഹളങ്ങള്‍ കേള്‍ക്കുമ്പോള്‍ കൊതിച്ചിട്ടുണ്ട്, ഇവിടേക്കെത്താന്‍. ഇന്ന് അതിന് സാധിച്ചപ്പോള്‍ മനസ് നിറഞ്ഞു”.

”പിഷാരികാവില്‍ ഇനിയൊരു ഉത്സവം കൂടാന്‍ ഞാനുണ്ടാവില്ലെന്ന് ഉള്ളുകൊണ്ട് ഉറപ്പിച്ചതായിരുന്നു” എന്നാണ് പുളിയഞ്ചേരി സ്വദേശി രവി പറഞ്ഞത്. പക്ഷാഘാതം വന്ന് തളര്‍ന്ന നിലയിലാണ് രവി. രണ്ടുവര്‍ഷത്തോളമായി ഉത്സവം കൂടിയിട്ട്. ഇത്തവണ അത് നടന്നപ്പോള്‍ സുരക്ഷയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും രവി പറയുന്നു.

സുരക്ഷയുടെ ഹോം കെയര്‍ സേവനകള്‍ ലഭിക്കുന്നവരെയാണ് ക്ഷേത്രത്തില്‍ എത്തിച്ചത്. സുരക്ഷ പാലിയേറ്റിവ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് അവരെ ക്ഷേത്രത്തില്‍ എത്തിച്ചത്. ഇവര്‍ക്ക് ഉത്സവം കാണാന്‍ സൗകര്യമൊരുക്കിക്കൊണ്ട് ദേവസ്വം ബോര്‍ഡും പിന്തുണ നല്‍കി. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാലിന്റെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ ഇവരെ സ്വീകരിച്ചു. വീല്‍ചെയറില്‍ ക്ഷേത്രനടയില്‍ ഇരുന്ന് തൊഴാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അഞ്ച് മണിക്ക് തുടങ്ങിയ കാഴ്ചശിവേലി കണ്‍ കുളിര്‍ക്കെ കണ്ടശേഷം സുരക്ഷയുടെ വളണ്ടിയര്‍മാര്‍ തന്നെ സുരക്ഷിതമായി ഇവരെ വീടുകളില്‍ എത്തിച്ചു.

സുരക്ഷ പാലിയേറ്റിവ് ഭാരവാഹികളായ വി.ബാലകൃഷ്ണന്‍, എ.പി.സുധീഷ്, കെ.ടി.സിജേഷ്, ബിന്ദു.സി.ടി, ഗിരീഷ് ബാബു, സജില്‍ കുമാര്‍, കൗണ്‍സിലര്‍ വി.രമേശന്‍ മാസ്റ്റര്‍, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ട്രസ്റ്റി ബോര്‍ഡ് അംങ്ങളായ സി.ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍, ബാലന്‍ നായര്‍, ഉത്സവാഘോഷ കമ്മറ്റി കണ്‍വീനര്‍ ഇ.എസ്.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.