പെരുന്നാള്‍ ദിനത്തില്‍ സഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി കുറുവങ്ങാട്; ജുമാമസ്ജിദിലെത്തിയവര്‍ക്ക് മധുരം വിളമ്പി മാവിന്‍ചുവട് യുവകൂട്ടായ്മ 


കൊയിലാണ്ടി: കേരളത്തില്‍ ഇപ്പോള്‍ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ വിവാദ സംസാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനേക്കാള്‍ വിപരീതമായി മതസൗഹൃദങ്ങള്‍ക്ക് വില നല്‍കുന്ന കാഴ്ചയാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൊയിലാണ്ടിയില്‍ കാണുന്നത്. കുറുവങ്ങാട് ജുമാമസ്ജിദില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും പായസം വിതരണ ചെയ്തിരിക്കുകയാണ് മാവിന്‍ചുവട് പ്രദേശത്തെ യുവകൂട്ടായ്മ.

ജാതിമത ഭേതമന്യേ അടങ്ങുന്ന കൂട്ടായ്മയാണ് പളളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികള്‍ക്കായി മധുരമൂറുന്ന സേമിയപ്പായസം വിതരണം ചെയ്തത്. പതിനഞ്ചോളം അംഗങ്ങള്‍ അടങ്ങിയ യുവക്കൂട്ടായ്മയാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ പളളികമ്മിറ്റി അംഗങ്ങളും ഒരുക്കുകയായിരുന്നു.

പളളി പരിസരത്ത് വച്ച് തന്നെയാണ് പായസം ഉണ്ടാക്കിയതും. നൂറിലധികം ആളുകളാണ് പ്രാര്‍ത്ഥനയ്ക്കായി പളളിയില്‍ എത്തിയത്. മധുരമുളള പായസം നല്‍കിയപ്പോള്‍ തിരിച്ച് നല്‍കിയത് സ്‌നേഹത്തോടെയുളള ആലിംഗനവും ചുംബനങ്ങളുമാണ്. കഴിഞ്ഞവര്‍ഷവും ഇവിടെ ഇത്തരത്തില്‍ പായസം വിതരണം നടത്തിയിരുന്നു.

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചത്. ജാബിര്‍, ജയേഷ്, ബിജീഷ്, സൗഫീദ്, ദീപു, മിനീഷന്‍, ആകാശ് തുടങ്ങി പതിനഞ്ചോളം ആളുകളാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.