പൊരിവെയിലിലും വോട്ടിങ് ആവേശത്തിന് കുറവില്ല; തെരഞ്ഞെടുപ്പ് ഉത്സവമാക്കി വോട്ടര്‍മാര്‍, കൊയിലാണ്ടിയിലെയും വടകരയിലെയും ചിത്രങ്ങളിലൂടെ


കൊയിലാണ്ടി: ഉഷ്ണതരംഗ സാധ്യത അറിയിപ്പിലും തിരഞ്ഞെടുപ്പ് ചൂട് ആഘോഷമാക്കുകയാണ് ഓരോ ബൂത്തുകളും. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാവിലെ 7 മണി മുതല്‍ ആരംഭിച്ചു. രാവിലെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ ആളുകളുടെ നീണ്ട നിര തന്നെയാണ് കാണാന്‍ കഴിഞ്ഞത്.

വോട്ടിംങ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 26.26 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്. വടകര ലോക്‌സഭാ മണ്ഡലത്തില്‍ 12.31 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്. കൊയിലാണ്ടിയിലും ബൂത്തുകളില്‍ വന്‍ ജനാവലിയാണുളളത്. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ ബൂത്തുകളില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്.

വോട്ട് ചെയ്തിറങ്ങുമ്പോള്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷവും ഓരോ ചിത്രങ്ങളില്‍ നിന്നും കാണാം. രാവിലെ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ബൂത്തുകളില്‍ വോട്ടിംങ് യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് അവ പരിഹരിക്കുകയുണ്ടായി. കൊയിലാണ്ടിയില്‍ നിലവില്‍ സ്ഥിതി ശാന്തമാണ്. ബൂത്തുകളില്‍ യന്ത്രത്തകരാറുകള്‍ ഉളളതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം വോട്ടിങ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വടകരയില്‍ വോട്ടിങ് തുടങ്ങാന്‍ രണ്ടര മണിക്കൂര്‍ വൈകി. മീത്തലെ അങ്ങാടിയിലെ ബൂത്ത് നമ്പര്‍ 81ലാണ് പോളിങ് തുടങ്ങാന്‍ വൈകിയത്. വേളത്തും വോട്ടിംങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

വോട്ടര്‍മാര്‍ക്ക് ആവശ്യമുളളത് യഥാസമയം എത്തിക്കാനും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരും സജ്ഞമായി പരിസരത്തുണ്ട്. വെളളം, അത്യവശ്യമരുന്നുകള്‍, ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്കായി വാഹനങ്ങള്‍ തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഓരോ ബൂത്തുകളിലും കാണാന്‍ കഴിയും. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 135 ബൂത്ത് മാടാക്കര മദ്രസയില്‍ വയോജനങ്ങളെ സഹായ്ക്കുവാനായി കുട്ടികളും മുന്‍പന്തിയില്‍ ഉണ്ട്.

കൊയിലാണ്ടി നഗരത്തിലും പരിധിയിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സമാധാന അന്തരീക്ഷമാണുളളത്. ഉച്ചയ്ക്ക് ശേഷം പോളിംങ് ഇനിയും കനക്കുമെന്നാണ് സൂചന.