നന്തിക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്, വ്യത്യസ്തനായ ഈ കുഞ്ഞികൃഷ്ണേട്ടനെ; പി.കെ.മുഹമ്മദലി എഴുതുന്നു


പി.കെ.മുഹമ്മദലി

കസ്റ്റമറിന്റെ അടുത്തേക്ക് അങ്ങോട്ട് നടന്ന് ചെന്ന് എത്തുക എന്നതാണ് വീരവഞ്ചേരിയിലെ പുനത്തില്‍ കുഞ്ഞികൃഷ്ണേട്ടന്‍റെ രീതി. അവശ്യ സേവനങ്ങള്‍ ആപ്പില്‍ വീട്ടുമുറ്റത്ത് എത്തുന്ന സ്മാര്‍ട്ട് ഫോണ്‍ കാലത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കുഞ്ഞികൃഷ്ണേട്ടന്‍ തന്‍റെ നടത്തം തുടങ്ങിയിട്ടുണ്ട്. 37 വര്‍ഷമായി കാല്‍നടയായി ഓരോ വീട്ടിലും നടന്ന് ചെന്ന് ബാര്‍ബര്‍ ജോലി ചെയ്യുന്ന കുഞ്ഞികൃഷ്ണനെ നന്തിയിലും തിക്കോടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക് സുപരിചിതമാണ്.

കത്രികയും ചീപ്പും ബ്ലേഡും ഷേവിംഗ് സെറ്റും ഉള്‍പ്പടെ, ജോലിക്ക് ആവശ്യമായ ഉപകരണങ്ങള്‍ തന്‍റെ കറുത്ത ഹാന്‍ഡ് ബാഗിലാക്കി കുഞ്ഞികൃഷ്ണേട്ടന്‍ അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും. തലേന്ന് വിളിച്ച് ബുക്ക് ചെയ്തവരും പുലര്‍ച്ചെ തന്നെ വിളിച്ച് വരണമെന്ന് പറഞ്ഞവരുമുണ്ടാവും. അവരുടെ ലിസ്റ്റ് മനസില്‍ ഇട്ട് ഒരു റൂട്ട് തയ്യാറാക്കും. പിന്നെ ഓരോ വീടുകളിലേക്ക്.

ജോലിക്കിടെ കുഞ്ഞികൃഷ്ണേട്ടന്‍ സംസാരിച്ച് തുടങ്ങും. പല കാലങ്ങളിലെ, പല വിഷയങ്ങളിലെ, പല നാടുകളിലെ കഥകള്‍ സംസാരത്തില്‍ കയറി വരും. ഇംഗ്ലീഷ്,ഹിന്ദി,തമിഴ് ഭാഷകൾ അദ്ദേഹം മലയാളം പോലെ സംസാരിക്കും. പാട്ട്, മോണോ ആക്ടർ, മിമിക്രി, നാടകം തുടങ്ങിയ കലകളിലും കുഞ്ഞികൃഷ്ണേട്ടന്‍ ഒരു കൈ നോക്കും.

ബത്തേരി സെന്റ്മേരിസ് കോളജിൽ നിന്ന് സയൻസിൽ പീഡിഗ്രി കരസ്ഥമാക്കിയ കുഞ്ഞികൃഷ്ണനെ തേടി പല ജോലികള്‍ വന്നെങ്കിലും, ഏഴാം ക്ലാസ് മുതല്‍ പഠിച്ചെടുത്ത ബാര്‍ബര്‍ ജോലി തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. ആദ്യം ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പൂര്‍ണമായും വീട്ടില്‍ ചെന്ന് സര്‍വീസ് നല്‍കുന്ന രീതിയിലേക്ക് മാറുകയായിരുന്നു.

ഇയിടെ കേരളത്തിലെ മുഴുവൻ റെയിൽവെ സ്റ്റേഷനുകളുടെ പേര് തെറ്റാതെ ക്രമമായി കുഞ്ഞികൃഷ്ണേട്ടന്‍ പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. മിക്ക ദിവസങ്ങളിലും ഉച്ചവരെയാണ് ജോലി ഉണ്ടാവുക. അത് കഴിഞ്ഞാൽ കലാ രംഗത്തേക്ക് പോവും. ഗാന മേള,നാടകം,മിമിക്രി ഇങ്ങനെ പരിപാടികൾ ഉണ്ടാകും. ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും വരുമ്പോൾ പരിപാടിയുടെ തിരക്കായിരിക്കും

കുട്ടികളും പ്രായമുള്ളവരുമാണ് ഇപ്പോള്‍ കുഞ്ഞികൃഷ്ണേട്ടന്‍റെ സ്ഥിരം കസ്റ്റമേഴ്സ്. യുവ തലമയ്ക്ക് ഹൈടെക് ബാര്‍ബര്‍ഷോപ്പുകളാണ് പ്രിയം എന്ന് അദ്ദേഹം പറയുന്നു.