കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അന്തരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടില്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സൗദി അറേബ്യയിലെ യാംബുവില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

നാല് വര്‍ഷമായി ഷാഹുല്‍ ഹമീദ് യാംബുവില്‍ ബ്യൂനോ മീല്‍ സെര്‍വ്വിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തേ ജിദ്ദയിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു.

എല്ലാ ദിവസത്തെയും പോലെ റെസ്റ്ററന്റിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ റൂമിലെത്തിയ ഷാഹുല്‍ ഹമീദിന് ഭക്ഷണം കഴിച്ച ശേഷം സുബ്ഹി നിസ്‌കാരത്തിനു തയ്യാറെടുക്കവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കളും കമ്പനി അധികൃതരും യാംബു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.