യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക്; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്


കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈനില്‍ ലഭിക്കുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ മറ്റോ ചെയ്താല്‍ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.