നാടൻ പണിക്കാരന്റെ ഹൃദയം തുടിക്കുന്ന കവിതകൾ; നന്തിക്കാരന്‍ അനസിന്‍റെ കവിതാ ജീവിതം


പി.കെ. മുഹമ്മദലി

അവർ കൂട്ടം കൂടിയിരുന്നു
തമാശകൾ പറഞ്ഞ്
പൊട്ടിച്ചിരിച്ചു
ഓരോരുത്തരും
ഒറ്റക്കൊരു സങ്കടമായ്
വീടുകളിലേക്ക് മടങ്ങി…

ന്തി നാരങ്ങോളി കുളം ആയടത്തിൽ അനസ് എന്ന നാടൻ പണിക്കാരന്റെ ‘കൂട്ടുകാര്‍’ എന്ന കവിത ഇങ്ങനെയാണ്. ഒന്നിച്ച് ആഘോഷിക്കുകയും, എന്നാല്‍ വിഷാദത്തിന്‍റെയും നിരാശയുടെയും അംശങ്ങള്‍ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന പുതിയ തലമുറ യുവത്വങ്ങളെ അനസ് തീര്‍ച്ചയായും ചുറ്റുവട്ടത്തു നിന്ന് കണ്ടെടുത്തവ തന്നെയാവും. പരിചിതമായ അത്തരം പരിസരങ്ങളില്‍ നിന്ന് കവിത സൃഷ്ടിച്ചെയുക്കുന്നതിനാലാവും അനസിന്‍റെ കവിത അത്ര പെട്ടെന്ന് തന്നെ ശ്രദ്ധേയമായതും.

അനസിന്‍റെ ഓരോ കവിതയും സോഷ്യല്‍ മീഡിയയിലും കൂട്ടായ്മകളിലും വൈറലാണ്. മൂന്ന് വർഷം മുമ്പ് പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ നാടന്‍ ജോലി ആരംഭിച്ച അനസ്, പണി കഴിഞ്ഞുള്ള സമയങ്ങളിലാണ് കവിത എഴുതുന്നത്. വളരെ ലളിതമായ ഭാഷയില്‍ ശക്തമായ വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കുന്നതില്‍ അനസിന്‍റെ കവിതകള്‍ മികച്ച് നില്‍ക്കുന്നുണ്ട്. വെറും ആറു വരികള്‍ മാത്രമുള്ള കൂട്ടുകാര്‍ എന്ന കവിത മൂന്ന് വരികള്‍ വീതമുള്ള രണ്ട് ഭാഗങ്ങളിലായി ആധുനിക യുവത്വത്തിന്‍റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നു.

ഇരുന്നൂറ്റി അൻപതോളം പുത്തൻ കവിതകൾ അനസ് എഴുതിയിട്ടുണ്ട്. നിരാശയും നിസ്സഹായവും ദയയും സ്നേഹവും സന്തോഷവും പട്ടിണിയും എല്ലാം അനസിന്റെ കവിതകളിൽ കടന്നുവരുന്നുണ്ട്.


നാട്ടുകാർക്ക് ഏറെ ഇഷ്ടപ്പെട്ട ജനസേവകന്‍ കൂടിയാണ് അനസ്. തന്റെ ജീവിത കഷ്ട്ടപ്പാടിലും ജോലിയെല്ലാം മാറ്റി വെച്ച് മറ്റുള്ളവരുടെ കണ്ണിരൊപ്പാൻ അനസ് മുന്നിലുണ്ടാകും. പ്രീഡിഗ്രി പഠന കാലത്ത് ജീവിത പ്രയാസം കാരണം ഗൾഫിലേക്ക് പോയ അനസ് പതിനഞ്ചോളം വർഷങ്ങൾക്ക് ശേഷമാണ് തന്റെ കഴിവിനെ വീണ്ടും വീണ്ടെടുത്തത്.

ചെറുപ്രായത്തിലെ പഠനത്തിലും വായനയിലും ഒന്നാമനായിരുന്നു അനസ്. എം.എസ്എഫിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വരുകയും മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി,പ്രവാസിലീഗ് സെക്രട്ടറി,സിദ്ദീഖ് മഹല്ല് കമ്മിറ്റി മെംബർ, കെ.എം.സി.സി ഭാരവാഹി ഇങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാരങ്ങോളിക്കുളത്തെ എല്ലാം സാംസ്കാരിക പരിപാടികളിലും അനസ് മുന്നിലുണ്ടാകും. മികച്ച സാഘാടകനും കൂടിയാണ്.

അനസിന്റെ കവിതകൾ കോഴിക്കോട് ജില്ല യിലെ വിവിധ സ്കൂളുകളിൽ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ആയടത്തിൽ മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹലിന,മക്കൾ അഹിയാൻ,ഇശാൻ,അൻസ ഫാത്തിമ.

പ്രതിരോധം

രാത്രിയെന്നെ
ഇരുട്ടിലാക്കുന്നു
ബൾബ് കത്തിച്ചും
വിളക്ക് കത്തിച്ചും
മെഴുകുതിരി കത്തിച്ചും
ഞാനിരുട്ടിനെ
പ്രധിരോധിക്കുന്നു,
ലോകം മുഴുവൻ
ഇരുട്ടു പടർന്നാലങ്ങനെ
പ്രതിരോധിക്കുമെന്ന്
പുറത്തെ കറുത്ത
ഇരുട്ടു നോക്കി
ചിന്തിച്ചിരിക്കെ
സ്വയം പ്രകാശിക്കൂ
യെന്നൊരു
മിന്നാമിനുങ്
തൊട്ടുരുമ്മി പറന്നു പോകുന്നു.


കിണർ

എത്ര കുഴിക്കേണമിറ്റു
തെളിനീർ ലഭിക്കുവാൻ

യെത്രകണ്ണീർപൊഴിക്കേണ
മിത്തിരി ദയതന്നുറവ
പൊട്ടീടുവാൻ

കത്തുന്ന ചൂടിൽ
മണ്ണും മ്മനസ്സും
പാറയായ് തീർന്നൊരീ
നനവറ്റ കാലത്ത്…


നട്ടത്

ഞാനൊരു തൈനട്ടു
തയ്യെനിക്കൊരു
തണൽ നട്ടു
തൈ വളർന്നൊരു
മരമായി
മരം വളർന്നൊരു
കാടായി
തണൽ വളർന്നൊരു
മഴയായി
മനസ്സിലാകെ
മഞ്ഞായി
മണ്ണിലാകെ
കുളിരായി..


അനസിന്റെ കവിതകളെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


READ ALSO: നന്തിക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്, വ്യത്യസ്തനായ ഈ കുഞ്ഞികൃഷ്ണേട്ടനെ; പി.കെ.മുഹമ്മദലി എഴുതുന്നു


READ ALSO: ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലം മുതല്‍ ആധുനിക കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിങ്ങിന്റെ കാലം വരെ നീളുന്ന വാര്‍ത്താ ജീവിതം, മാധ്യമപ്രവര്‍ത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും ജീവിതചര്യ; നന്തി നാരങ്ങോളികുളത്തെ സി.എ.റഹ്മാന്റെ 55 വര്‍ഷം തികയുന്ന പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് എഴുതുന്നു പി.കെ.മുഹമ്മദലി