ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലം മുതല്‍ ആധുനിക കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിങ്ങിന്റെ കാലം വരെ നീളുന്ന വാര്‍ത്താ ജീവിതം, മാധ്യമപ്രവര്‍ത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും ജീവിതചര്യ; നന്തി നാരങ്ങോളികുളത്തെ സി.എ.റഹ്മാന്റെ 55 വര്‍ഷം തികയുന്ന പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് എഴുതുന്നു പി.കെ.മുഹമ്മദലി


പി.കെ.മുഹമ്മദലി

നാരങ്ങോളികുളം ഡൽമൻ സി.എ.റഹ്മാന്റെ പത്ര പ്രവർത്തനത്തിന് 55 വർഷം പിന്നിടുകയാണ്. 1967 ൽ ചന്ദ്രിക പ്രസ്സിൽ പത്രം കല്ലിൽ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി.എ.റഹ്മാൻ പത്ര പ്രവർത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവർക്കും കുട്ടികൾക്കടക്കം സുപരിചിതനായ പത്രപ്രവർത്തകനാണ് അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.എ.റഹ്മാൻ പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്. അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി.സി.അബൂബക്കർ സാഹിബാണ് ആദ്യമായി റിപ്പോർട്ടർ കാർഡ് നൽകുന്നത്. അഞ്ച് പൈസ അലവൻസായി വാങ്ങി ആരംഭിച്ച പത്രപ്രവർത്തനം 55 വർഷം പിന്നിടുമ്പോഴും തൊഴിലനപ്പുറം സാമൂഹ്യ പ്രവർത്തനമായിട്ടാണ് സി.എ.റഹ്മാൻ പത്രപ്രവർത്തനത്തെ കാണുന്നത്.

കോടിക്കൽ ഞെട്ടിക്കരപാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശ്നമായിരുന്നു ആദ്യമായി ചന്ദ്രികയിൽ കൊടുത്ത ന്യൂസ്. അന്നത്തെ ബ്ലാക്ക് വൈറ്റ് ക്യാമറയിൽ ഫോട്ടോ എടുത്ത് കൊയിലാണ്ടിയിലുള്ള സ്റ്റുഡിയോയിൽ പോയി ഒരു ദിവസം കാത്ത് നിന്ന് ഫോട്ടോ പ്രിന്റ് ചെയ്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസിൽ കൊണ്ട് പോയി കൊടുക്കുന്ന സ്ഥിതിയായിരുന്നു.

തിക്കോടി, കടലൂർ വന്മുഖം അംശം ദേശത്തെ നിരവധി സാമുഹ്യ വികസന പ്രശ്നങ്ങൾ പത്ര റിപ്പോർട്ടിലൂടെ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മുന്നിൽ അദ്ദേഹം കൊണ്ട് വന്നിട്ടുണ്ട്. പത്രപ്രവർത്തനത്തിനൊപ്പം ജനസേവകനും കൂടിയാണ് സി.എ.റഹ്മാൻ. കടലൂർ പ്രദേശത്തെ അർഹരായവർക്ക് പെൻഷനുകൾ മറ്റു സർക്കാർ സഹായങ്ങൾ, പ്രവാസികൾക്ക് നോർക്കയുടെ വിവിധ സഹായങ്ങൾ അദ്ദേഹം മുൻകൈയ്യെടുത്ത് ചെയ്യുന്നുണ്ട്.

കേരളത്തിലെ പ്രഥമ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിൽ മൂടാടി പഞ്ചായത്തിലെ അന്നത്തെ എട്ടു വാർഡുകളിൽ തെരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ചത് സി.എ.റഹ്മാനായിരുന്നു. അന്നത്തെ മുസ്ലിംലീഗ് നേതാവ് പി.വി.മുഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സംഘടന പ്രവർത്തന മികവ് കണ്ട് ഏൽപ്പിക്കുകയായിരുന്നു. സൈക്കിളിൽ മൂടാടിപഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ മുചുകുന്ന് ഭാഗങ്ങളിൽ കിലോമിറ്ററോളം സഞ്ചരിച്ച് പ്രചരണം നടത്തിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ബഹ്റൈനിയിൽ ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപകനായും കെ.എംസി.സി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ആദ്യമായി വാർത്തകൾ എഴുതിയതും ചന്ദ്രികയിലേക്ക് അയച്ചതും സി എ റഹ്മാൻക്ക മുഖേനയായിരുന്നു. ജേണലിസം പഠിക്കുന്ന സമയത്തും ചന്ദ്രികയിൽ ജോലി ചെയ്യുന്ന സമയത്തും വലിയ പ്രോത്സാഹനമായിരുന്നു അദ്ദേഹം.