ഒരു ദിവസത്തെ താമസത്തിന് മാത്രം 30,000 രൂപ, ഉപയോഗിക്കുന്നത് വിലയേറിയ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം; കമ്പനി എം.ഡി എന്ന പേരില്‍ ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍


തൃശൂര്‍: ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശൂര്‍ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പുതിയ തട്ടിപ്പിന് ശ്രമിക്കവെ കോഴിക്കോട്ടെ ആഡംബര ഹോട്ടലില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.

പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ജ്വല്ലറികളില്‍ വിളിച്ച ശേഷം തന്റെ തൊഴിലാളികള്‍ക്ക് സമ്മാനം നല്‍കാന്‍ സ്വര്‍ണ്ണനാണയങ്ങള്‍ വേണം എന്നാവശ്യപ്പെട്ട് ഇയാള്‍ ജ്വല്ലറികളിലെത്തും. തുടര്‍ന്ന് സമീപത്തെ സ്റ്റാര്‍ ഹോട്ടലിലേക്ക് എത്തിക്കാനും പറയും. ഹോട്ടലിലെത്തുന്ന ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് നാണയങ്ങള്‍ തട്ടിയെടുത്തു മുങ്ങുകയാണ് രീതി.

നവംബര്‍ ഏഴിന് തൃശ്ശൂര്‍ നഗരത്തിലെ ജൂവലറിയിലേക്ക് വിളിച്ച് റാഹില്‍ ഒരു പവന്റെ ഏഴ് നാണയങ്ങള്‍ ഓര്‍ഡര്‍ചെയ്ത് തട്ടിപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ജൂവലറി ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പേലീസില്‍ പരാതി നല്‍കി.

2019ല്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന റാഹില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍മോചിതനായത്. തുടര്‍ന്നാണ് സ്വര്‍ണനാണയങ്ങളും വിലപിടിച്ച മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുന്ന പുതിയ രീതിയുമായി ഇറങ്ങിയത്.

നവംബര്‍ രണ്ടിന് എറണാകുളം വൈറ്റിലയിലുള്ള മൊബൈല്‍ഷോപ്പില്‍ നിന്ന് സമാനമായ രീതിയില്‍ പത്തുലക്ഷം രൂപയുടെ ഐഫോണുകള്‍, വാച്ച് എന്നിവ തട്ടിയെടുത്തതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 ന് കോഴിക്കോട് ഹോട്ടലില്‍ താമസിച്ച് അരലക്ഷം രൂപയും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസുമുണ്ട്. മലപ്പുറം വാഴക്കോട്, എറണാകുളത്തെ മരട്, അങ്കമാലി, മുളവുകാട് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന്‍, കോഴിക്കോട് ചേലാവൂര്‍ എന്നിവിടങ്ങളില്‍ റാഹിലിന്റെ പേരില്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്.

തൃശ്ശൂര്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എ.ആര്‍.നിഖില്‍, കെ.ഉണ്ണികൃഷ്ണന്‍, ഷാഡോ പോലീസ് എസ്.ഐമാരായ എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, കെ.ഗോപാലകൃഷ്ണന്‍, പി.രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്‍, പി.കെ.പഴനിസ്വാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എസ്.ലിഗേഷ്, കെ.ബി.വിപിന്‍ദാസ്, എന്നിവരുള്‍പ്പെടുന്ന അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

വിവിധ ജ്വല്ലറികളില്‍ നിന്നായി ഏഴ് പവന്റെ സ്വര്‍ണ്ണനാണയങ്ങള്‍ റാഹില്‍ തട്ടിയെടുത്തിട്ടുണ്ട്. ഇവയെല്ലാം പല ജ്വല്ലറികളിലായി വിറ്റ് നേടിയ പണത്തില്‍ നിന്ന് ആറേ കാല്‍ ലക്ഷം രൂപയാണ് രണ്ട് മാസം കൊണ്ട് ഇയാള്‍ ചെലവഴിച്ചത്.

താമസിച്ചിരുന്നത് മുംബൈ താജ് റസിഡന്‍സി, ബെംഗളൂരു മാരിയറ്റ് ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു. ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മാത്രം മുപ്പതിനായിരം രൂപയാണ് ചെലവഴിച്ചിരുന്നത്. കൊച്ചിയില്‍നിന്നും കണ്ണൂരില്‍ നിന്നും മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാനത്തിലാണ് സഞ്ചരിച്ചിരുന്നത്. എപ്പോഴും ടാക്സിയില്‍ മാത്രമാണ് യാത്രചെയ്തിരുന്നത്.

വിലകൂടിയ ബ്രാന്റ്ഡ് ഡ്രസ്സുകളും ചെരിപ്പുകളും ഷൂകളും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ആയിരങ്ങള്‍ വിലവരുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും സുഗന്ധലേപനങ്ങളും പ്രതി താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോള്‍ കണ്ടെടുത്തതായി പോലീസ് പറയുന്നു.