ആ ഓസ്ക്കാര്‍ നോമിനേഷന്‍റെ ആദരം സൂരജിനുമുള്ളതാണ്, കോടിക്കലിനും | കോടിക്കല്‍ ഡയറി


 

പി.കെ. മുഹമ്മദലി

കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ കഥ 2018 ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിദുരിതം താണ്ടിയ മലയാളികള്‍ക്ക് അതിജീവനത്തിന്‍റെ വഴികളില്‍ ഈ ഓസ്കാര്‍ നോമിനേഷനും സന്തോഷമുണ്ടാക്കുന്നതാണ്. പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തെ എടുത്തുയര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായിരുന്നു സിനിമ.

കോടിക്കലിനും ഇത് അഭിമാനത്തിന്‍റെ അവസരമാണ്. ജീവന്‍രക്ഷിക്കാന്‍ തങ്ങളുടെ ജീവനോപാധിയായ വഞ്ചിയുമെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവരില്‍ കോടിക്കലില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുമുണ്ട്. അവരില്‍ ഒരാളെക്കുറിച്ചാണ് ഇത്തവണ കോടിക്കല്‍ ഡയറിയില്‍.

മരണത്തെ മുഖാമുഖം കണ്ട എത്രയോ മനുഷ്യനെ തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന കഥ പറയുകയാണ് കോടിക്കലിലെ കഞ്ഞിപുരയിൽ സുരാജ് എന്ന മത്സ്യത്തൊഴിലാളി. പ്രളയ ദുരന്തത്തിൽ ഒരു മാസത്തിലധികം ചെങ്ങന്നൂർ, പത്തനം തിട്ട,മഞ്ഞാർ,പമ്പ നദി, എന്നിസ്ഥലങ്ങളില്‍ ഒഴുകിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു സുരാജ്.

“ഞങ്ങള് ഒരു 15 പേരാളം കോടിക്കല്‍ തിക്കോടി ഭാഗത്ത് നിന്ന് പോയിരുന്നു. ചരക്ക് ലോറി വിളിച്ച് തോണിയും അത്യാവശ്യം സാധനങ്ങളുമൊക്കെയായിട്ടാണ് പുറപ്പെട്ടത്. ഏത് സാഹചര്യത്തിലും ഉപയോഗിക്കേണ്ടത് കൊണ്ട് ചെറിയ വഞ്ചികളാണ് ഞങ്ങള്‍ കൊണ്ടുപോയത്. ചെങ്ങന്നൂർ, പത്തനം തിട്ട,മഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഞങ്ങള്‍ എത്തിപ്പെട്ടത്. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. ഞങ്ങള്‍ പോവുമ്പോള്‍ പല വീടുകളുടെയും രണ്ടാം നിലയോളം വെള്ളമുണ്ടായിരുന്നു. ഒരുപാടുപേര്‍ വീടുകള്‍ക്ക് മുകളില്‍ അഭയം പ്രാപിച്ചിരുന്നു. ഫോണില്ല, വൈദ്യുതിയില്ല. പലര്‍ക്കും ഭക്ഷണം തന്നെ കിട്ടുന്നുണ്ടായിരുന്നില്ല. രാവും പകലും പണിയെടുത്തിട്ടാണ് ഞങ്ങള്‍ ഒരുപാട് പേരെ ക്യാമ്പിലെത്തിച്ചത്.” – സുരാജ് പറയുന്നു.

2019 ൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും തീരദേശങ്ങളിൽ ഉണ്ടായ കടൽക്ഷോഭങ്ങളിലും രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍മനിരതനായി സുരാജ് ഉണ്ടായിരുന്നു. സർക്കാറിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയെല്ലാം അംഗീകാരം സുരാജ് ഏറ്റുവാങ്ങിയിട്ടുണ്ട്.

അഞ്ച് വർഷം മുമ്പ് കോടിക്കൽ കുന്നുമ്മ താഴെ കടലിൽ വെച്ച് ഒരു ബോട്ട് അപകടത്തിൽപെട്ടപ്പോൾ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ ദുരന്തം സുരാജിനെയും തൊട്ടു. വലതുകാല്‍ ‘വയര്‍ റോപ്പില്‍’ കുടുങ്ങി മുറിഞ്ഞ് പോയി. വലതുകാല്‍ പൂര്‍ണമായും നഷ്ടപ്പെട്ടു.

എന്നാല്‍ എല്ലാ ദുരന്തങ്ങളിലും രക്ഷകനായി നടന്നു ചെന്ന സുരാജിനെ സ്വന്തം ജീവിതത്തിലെ അപകടം ഒട്ടും തളര്‍ത്തിയില്ല. ഊർജ്ജസ്വലതയോടെ സുരജ് കർമ്മരംഗത്ത് ഇന്നും സജീവമാണ്. സുരാജ് ഇപ്പോഴും മത്സ്യബന്ധനത്തിന് പോവുന്നു. കടലില്‍ മുങ്ങി കല്ലുമ്മക്കായ പറിക്കുന്നു. മറ്റു സമയങ്ങളില്‍ ഓട്ടോ ഓടിച്ചും ഉപജീവനം കണ്ടെത്തുന്നു. നിഷയാണ് ഭാര്യ. ശ്രീഹരി പത്മ പ്രിയ മക്കളാണ്.

ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…

 

 

 


കോടിക്കല്‍ ഡയറിയിലെ
മറ്റു സ്റ്റോറികള്‍ വായിക്കൂ…