തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം ഇന്നും കടലാസിൽ മാത്രം


പി.കെ.മുഹമ്മദലി

കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് മൂടാടി പഞ്ചായത്തിലെ കോടിക്കൽ. ദിവസവും മുന്നൂറോളം വള്ളങ്ങളാണ് ഇവിടെ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. എന്നാൽ ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആശ്രയകേന്ദ്രമായ ഇവിടെ മിനി ഹാർബർ നിർമ്മിക്കുക എന്ന സ്വപ്നം ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

2002 ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്റെയും സ്ഥലം എം.എൽ.എ പി.വിശ്വന്റെയും നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ വളരെ കൊട്ടിയാഘോഷിച്ചിട്ട ശിലാഫലകം ഇരുപത്തിരണ്ട് വർഷമായിട്ടും കാട്മൂടി കിടക്കുകയാണ്. കഴിഞ്ഞ വർഷം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, കാനത്തിൽ ജമീല എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ച് മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പ് നൽകിയെങ്കിലും എല്ലാം കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന് പയ്യോളി കടപ്പുറത്ത് ഫിഷ്ലാന്റിങ് സെന്ററിന്റെ സാധ്യത പഠിക്കാൻ ഹാർബർ എഞ്ചിനിയർ വിഭാഗം ഉത്തര മേഖല സുപ്രണ്ടിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥലത്ത് എല്ലാ പഠനങ്ങളും നടത്തി ഇരുപത്ത് രണ്ട് വർഷം മുമ്പ് ഫിഷ്‌ലാന്റിങ് സെന്ററിന് തറക്കല്ലിട്ടിട്ടും ഒരു പ്രദേശത്തെ മനപൂർവ്വം അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ.

കേരളത്തിലെ രണ്ടാമത്തെ ഡ്രൈവിങ് ബീച്ചായ തിക്കോടി ഡ്രൈവിങ് ബീച്ചിന് സമീപത്തുമുള്ള കോടിക്കൽ കടപ്പുറത്ത് നിന്ന് വെള്ളിയാങ്കല്ലിലേക്ക് വളരെ പെട്ടെന്ന് പോകാൻ കഴിയും. കിലോമീറ്ററോളം നീളത്തിൽ കടപ്പുറത്ത് മണ്ണ് വന്ന് നികന്നതിനാൽ മത്സ്യത്തൊഴിലാളികൾ മരത്തടികളും കട്ടയും വെച്ച് വള്ളങ്ങൾ കടലിലേക്ക് ഇറക്കേണ്ട അവസ്ഥയാണുള്ളത്. ഇത് മൂലം പ്രായമായ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ ഇത് കാരണം വള്ളങ്ങൾ കേടാകുന്നതും പതിവാണ്. ലക്ഷങ്ങളുടെ നാഷനഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്നത്.

സർക്കാർ മത്സ്യ തൊഴിലാളികളോട് കാണിക്കുന്ന ക്രുരത അവസാനിപ്പിക്കണമെന്നും ഇത് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വകരിക്കണമെന്നാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

അധികാരികൾ തങ്ങളെ അവഗണിക്കുകയാണെന്ന് കോടിക്കൽ കടപ്പുറത്തെ മത്സ്യവ്യാപാരിയായ ജി.പി ഫ്രഷ് ഉടമ എം.വി.അർഷാദ് പറഞ്ഞു. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും കാത്തിരിപ്പ് മാത്രമാണ് ബാക്കി. ദുരിതം പേറാതെ ഉപജീവന മാർഗം നടത്തുക എന്ന ആഗ്രഹവും സ്വപ്നവും ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ മനസിൽ മാത്രമാണ്. അടിയന്തരമായി ഇതിന് ഒരു പരിഹാരം വേണമെന്നും അദ്ദേഹം പറയുന്നു.

വിഷയം നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഖാദർ പറയുന്നത്.

‘കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് തുറമുഖ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ എയും നേരിട്ട് സ്ഥലം സന്ദർശിച്ചതാണ്. എന്നാൽ ഇന്ന് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഷയം ഗൗരവത്തിലെടുത്ത് ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആശാകേന്ദ്രമായ കോടിക്കൽ കടപ്പുറത്ത് മിനി ഹാർബർ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണം.’ -സുഹറ ഖാദർ പറഞ്ഞു.


കോടിക്കല്‍ ഡയറിയിലെ
മറ്റു സ്റ്റോറികള്‍ വായിക്കൂ…