ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന


ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.

തപ്പിതടഞ്ഞും ആശങ്ക ഉണര്‍ത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോള്‍. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര്‍ ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി. സൗദി, അര്‍ജന്റീനയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളിന്റെ കാര്‍ബണ്‍ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതു മൂലയില്‍ നിന്നുള്ള എന്‍സോയുടെ അളന്നു മുറിച്ച വോളി. ഗോളി ഒച്ചോവയുടെ പറക്കും കൈകള്‍ക്ക് എത്തിപ്പിടിക്കാന്‍ ആവുന്നതിലും അപ്പുറത്ത്. പറന്നു ചെന്ന് വലയില്‍. പുറത്താകാത്തിരിക്കാന്‍ ജയം അനിവാര്യം ആയിരുന്ന അര്‍ജന്റീനയ്ക്ക് ഇപ്പൊള്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയന്റായി.

പാറപോലെ ഉറച്ച മെക്‌സിക്കന്‍ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ 63 മിനിറ്റുകളാണ് അര്‍ജന്റീനിയന്‍ സംഘത്തിന് കാത്തിരിക്കേണ്ടിവന്നത്. 64-ാം മിനിറ്റില്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനംനിറച്ച് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ ഇടംകാല്‍ ഒരിക്കല്‍ കൂടി പതിവ് മാജിക് പുറത്തെടുത്തു. ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നല്‍കിയ പന്തില്‍ നിന്ന് അവസരം മുതലെടുത്ത മെസ്സിയുടെ ഇടംകാലനടി മെക്‌സിക്കോയുടെ സൂപ്പര്‍ ഗോളി ഗില്ലെര്‍മോ ഒച്ചാവോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍. ലോകകപ്പില്‍ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസ്സിക്കായി.

എന്നാല്‍ അര്‍ജന്റീന താരങ്ങളെ അനങ്ങാന്‍ വിടാതെ പ്രതിരോധിച്ച മെക്‌സിക്കോയുടെ ഗെയിംപ്ലാനിന് കയ്യടി നല്‍കാതെ വയ്യ. കടുകട്ടി പ്രതിരോധത്തിലൂന്നി ഇറങ്ങിയ മെക്‌സിക്കോയ്‌ക്കെതിരേ ആദ്യ പകുതിയിലുടനീളം അര്‍ജന്റീന താരങ്ങള്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ പാടുപെട്ടു.
ആക്രമണം മാത്രമായിരുന്നു ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടിയപ്പോള്‍ അര്‍ജന്റീന താരങ്ങളുടെ ലക്ഷ്യം. എന്നാല്‍ മെക്‌സിക്കോ പ്രതിരോധം ഉറച്ച് നിന്നതോടെ അപകടംവിതയ്ക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ നീലപ്പടയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ഇതിനിടെ 11-ാം മിനിറ്റില്‍ മെക്‌സിക്കോ, അര്‍ജന്റീന ഗോള്‍മുഖം ഒന്ന് വിറപ്പിച്ചു. ലൂയിസ് ഷാവെസെടുത്ത ഫ്രീ കിക്കാണ് അര്‍ജന്റീന ബോക്‌സില്‍ അപകടം സൃഷ്ടിച്ചത്. പക്ഷേ ഹെക്ടര്‍ ഹെരേരയ്ക്ക് കൃത്യമായി പന്തിനടുത്തെത്താന്‍ സാധിക്കാത്തത് അര്‍ജന്റീനയ്ക്ക് രക്ഷയാകുകയായിരുന്നു. മെസ്സിയേയും ഏയ്ഞ്ചല്‍ ഡി മരിയയേയും മെക്‌സിക്കോ താരങ്ങള്‍ കൃത്യമായി പൂട്ടിയതോടെ കളി മധ്യനിരയില്‍ മാത്രമായി ഒതുങ്ങി. അഞ്ചുപേരെ പ്രതിരോധത്തില്‍ അണിനിരത്തിയ മെക്‌സിക്കോയുടെ ഗെയിംപ്ലാന്‍ പൊളിക്കാന്‍ മെസ്സിക്കും സംഘത്തിനും ആദ്യ പകുതിയില്‍ സാധിച്ചില്ല.

34-ാം മിനിറ്റില്‍ മെക്‌സിക്കോ പോസ്റ്റിന്റെ വലതുഭാഗത്ത് ലഭിച്ച ഫ്രീകിക്കില്‍ നിന്നുള്ള മെസ്സിയുടെ ഷോട്ട് നേരേ പോസ്റ്റിലേക്ക്. എന്നാല്‍ പന്ത് ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ പന്ത് തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അലക്‌സിസ് വെഗയെടുത്ത ഫ്രീകിക്ക് രക്ഷപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തി. ആദ്യ പകുതിയില്‍ മെക്‌സിക്കോയുടെ ഭാഗത്തു നിന്ന് മൂന്ന് ഷോട്ടുകള്‍ പിറന്നപ്പോള്‍ അര്‍ജന്റീനയുടെ ഭാഗത്തു നിന്നും വെറും ഒരേയൊരു ഷോട്ടാണ് ഉണ്ടായത്.

52-ാം മിനിറ്റില്‍ നല്ലൊരു പെസിഷനില്‍ ലഭിച്ച ഫ്രീ കിക്ക് മെസ്സി ബാറിന് മുകളിലൂടെ പറത്തി. പിന്നാലെ 56-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള ഒരു അറ്റാക്കിങ് റണ്ണിലൂടെ ഒരുക്കിക്കൊടുത്ത അവസരം മുതലാക്കാന്‍ അക്യൂനയ്ക്ക് സാധിക്കുംമുമ്പ് മെക്‌സിക്കന്‍ താരത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി. പിന്നാലെ മെസ്സിയുടെ ഗോളിലൂടെ മത്സരവും ലോകകപ്പിലെ ജീവശ്വാസവും തിരികെ പിടിച്ച് അര്‍ജന്റീന മത്സരം അവസാനിപ്പിച്ചു.

ജയത്തോടെ അര്‍‍ജന്റീന പ്രീ ക്വാര്‍‍ട്ടര്‍‍ സാധ്യത നിലനിര്‍‍ത്ത‍ി. പ്രീ ക്വാർട്ടർ ഉറപ്പിക്കാന്‍‍ അടുത്ത മല്‍‍സരത്തില്‍‍ അർജന്റീനയിറങ്ങുമ്പോള്‍‍ പോളണ്ടാണ് എതിരാളികള്‍‍.

വീഡിയോ കാണാം: