മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…
ഈ കഥയക്ക് ഒരു പാട് വർഷത്തെ പഴക്കം ഉണ്ട്. ഒരുപാടു വർഷം എന്ന് പറഞ്ഞാൽ ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം.
അരിക്കുളത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്ര മുറ്റം. ഉറച്ച കാൽവെപ്പുമായി താഴ്ന്ന ജാതിയിൽപ്പെട്ട ആ സ്ത്രീ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വയറിനു മുകളിൽ മുണ്ട് കയറ്റിയുടുത്ത പ്രമാണിമാരും ക്ഷേത്ര ഊരാളൻമാരും ആ സ്ത്രീക്ക് നേരേ പാഞ്ഞടുത്തു. ഒരു നിമിഷം ക്ഷേത്ര പരിസരം നിശബ്ദമായി. അസുര വാദ്യങ്ങൾ നിലച്ചു. മാടിയൊതുക്കാത്ത മുടി കാറ്റിൽ പാറി പറന്നു. ചുവന്ന പട്ടു ചുറ്റി, മേലാസകലം മഞ്ഞൾ വാരിപൂശി ഉറഞ്ഞു തുള്ളി. ദ്രുത ചലനവുമായി വാളുയർത്തി ആക്രോശവുമായി എത്തിയ വെളിച്ചപ്പാടിൻ്റെ കാൽചിലമ്പുകളുടെയും അരമണികളുടെയും ശബ്ദം മാത്രം. ഒരു കൂട്ടം പറവകൾ ഭയന്നിട്ടെന്ന പോലെ ചിറകടിച്ച് ശബ്ദമുണ്ടാക്കി ക്ഷേത്രത്തിനു മുകളിലൂടെ പറന്നു പോയി. വായുവിലേക്ക് മുഷ്ടി ചുരുട്ടി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി അട്ടഹസിച്ചു. ഭഗവതിക്ക് അനിഷ്ടമുണ്ടായിരിക്കുന്നു. കൽപ്പനയായിരിക്കുന്നു… ഞാനിതാ വസൂരി വിത്തുകൾ വിതറാൻ പോവുന്നു… ഒടുങ്ങട്ടെ…. ദേശം മുടിയട്ടെ…. അമ്മേ… ഏതോ ഒരു ലഹരിയിൽ പാതി തുറന്ന കണ്ണുകളുമായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി കൊണ്ടേയിരുന്നു.
തിരുമുറ്റത്ത് കുടിയിരുന്ന സകല ജനങ്ങളും ഭയന്ന് വിറച്ചപ്പോൾ ആ സ്ത്രീയുടെ മുഖത്ത് ഭയത്തിൻ്റെ കണിക പോലും ഉണ്ടായിരുന്നില്ല. പകരം നിശ്ചയദാർഢ്യത്തിൻ്റെയും ചങ്കൂറ്റത്തിൻ്റെയും തിളക്കം കണ്ണുകളിൽ പ്രകടമായിരുന്നു.
എന്തിനാണ് ആ സ്ത്രീയെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത് എന്ന് ചോദിച്ചാൽ താഴ്ന്ന ജാതിയിൽപെട്ട സ്ത്രീയായത് കൊണ്ടു തന്നെയാണ്. ജന്മിത്തത്തിനെതിരെ പുരുഷൻമാർ പോലും കൈ ഉയർത്താൻ മടിച്ചു നിൽക്കുന്ന കാലഘട്ടത്തിൽ ഇത്ര തൻ്റേടത്തോടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയാണ് മാവട്ട് കുറ്റ്യാപുറത്ത് മീത്തൽ തിരുമാല. അന്ധവിശ്വാസത്തിലും അനാചരങ്ങളിലും ആഴ്ന്ന് കിടന്ന, ജാതീയമായ ഉച്ചനീചത്വങ്ങൾ അരങ്ങു വാണിരുന്ന കാലഘട്ടത്തിലാണ് കുറ്റ്യാപുറത്ത് മീത്തൽ തിരുമാലയും സഹോദരി മാണിക്യവും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തിയത്. ചെറുപ്പം മുതൽ തന്നെ ജന്മിത്വത്തിൻ്റെ ഇരയായിരുന്നു രണ്ടു പേരും. ആ പക ഒരു തീ കനലായി ഇരുവരും നെഞ്ചിലണയാതെകൊണ്ടു നടന്നു. താമസിച്ചിരുന്ന ചെറ്റക്കുടിലിൽ നിന്നും ജന്മിയുടെ നിർദ്ദേശത്തിൽ ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ടവരാണ് മാണിക്യവും തിരുമാലയും.
READ ALSO: ‘കോഴിക്കോട് മാത്രമല്ല, അങ്ങ് കൂത്താട്ടുകുളത്തുമുണ്ടെടാ വടകര’; കൂടെ നമ്മുടെ മുത്തപ്പനും
മനസിനേറ്റ മുറിവ് പ്രായത്തോടൊപ്പം പകയായി പടർന്നതഗ്നിനായി മാറി. നിടുമ്പൊയിൽ മിക്സഡ് സ്കൂളിൽ പഠിക്കുമ്പോൾ മഠത്തിൽ കൃഷ്ണൻ മാസ്റ്റർ പകർന്നു നൽകിയ സ്വാതന്ത്ര്യത്തിലേക്കുള്ള തീക്കനൽചൂടുകൾ തിരുമാലയെയും മാണിക്യത്തെയും സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമാക്കി. മാണിക്യത്തിന് ക്രൂരമായ മർദ്ദനമേറ്റു. കോൺഗ്രസ് മാണിക്യം എന്ന വിളിപേരിലറിയപ്പെട്ട മാണിക്യവും തിരുമാലയും കുറുമ്പ്രനാട് താലൂക്കിലെ സ്വാതന്ത്ര്യ സമര നേതാക്കൾക്കൊപ്പം സ്ത്രീകളെ സംഘടിപ്പിച്ച് മുൻ നിരയിൽ തന്നെ തലയുയർത്തി നടന്നു.
താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ മാറുമറക്കുന്നത് നാട്ടുപ്രമാണികൾ വിലക്കപ്പെട്ട കാലഘട്ടത്തിൽ സ്വന്തമായി ചർക്കയിൽ നൂൽനൂറ്റ് വസ്ത്രമുണ്ടാക്കി മാറുമറച്ചു. മേലാളരിലായാലും കീഴാളരിലായാലും
സ്ത്രീകള്‍ വംശ പരമ്പര നിലനിർത്താനുള്ള ഒരു ഉപകരണമെന്ന രണ്ടാം കിട പരിഗണന മാത്രം ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതെന്നോർക്കുമ്പോഴാണ് ആത്മവിശ്വാസവും പകയും എത്രത്തോളം ഇരുവരുടെ ഉള്ളിലുണ്ടായിരുന്നു എന്ന് മനസിലാവുന്നത്.
പ്രമാണിമാർക്കെതിരെ ശബ്ദമുയർത്തിയാൽ ശവം പോലും പുറത്ത് കാണില്ല. ജന്മിമാർ കീഴാളരായ സ്ത്രീകളുടെ മടിക്കുത്തഴിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ച വിരലിലെണ്ണാവുന്ന പുരുഷൻമാർ വയൽ വരമ്പുകൾക്കുള്ളിൽ പാതി ജീവനോടെ അടക്കം ചെയ്യപ്പെട്ടു. അവൻ്റെ പ്രാണവായുവിനു വേണ്ടിയുള്ള നിലവിളി, വരമ്പിൻ്റെ അവസാന ദ്വാരവും കീഴ്ജാതിക്കാർ തന്നെ വയൽചെളി ചേർത്തടക്കുന്നതോടെ നേർത്തില്ലാതായി. കോൺക്രീറ്റിനേക്കാൾ ഉറപ്പുള്ള വരമ്പിനു മുകളിലൂടെ കീഴാളൻ്റെ ശവത്തിന് മുകളിലൂടെ പിന്നെയും നാടുവാഴികളുടെ കാലടികൾ പതിഞ്ഞു.
അതല്ലെങ്കിൽ തല്ലിക്കൊന്ന് നീലവും ചോറും ചേർത്ത് ശവത്തിൻ്റെ വായയുടെ അടുത്തൊഴിക്കും. പ്രേത പരിശോധന സ്ഥലത്ത് ആദ്യമെത്തുന്ന അധികാരി പാമ്പിൻ്റെവിഷം തീണ്ടിയെന്ന കള്ളകഥയുണ്ടാക്കും. വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല. ജീവിതത്തിനും മരണത്തിനുമിടയിൽ പേടിച്ചരണ്ട ഉറക്കമില്ലാത്ത രാത്രികൾ.
കീഴ്ജാതിക്കാരൻ്റെ നിഴൽ പ്രമാണിമാരുടെ കുളത്തിൽ വീഴാൻ പാടില്ല. അതിനർത്ഥം ആ കുളത്തിന് സമീപത്തുകൂടി സഞ്ചാരം പാടില്ല എന്നു തന്നെ. ഉയർന്ന ജാതിയിൽപെട്ട ആളുകളുടെ സാമീപ്യമോ സാന്നിധ്യമോ ഉള്ള സ്ഥലങ്ങളുടെ അതിരിൽ അടയാളമായി ഇലയും അതിനു മുകളിൽ കട്ടയും വെച്ച് കീഴ്ജാതിക്കാർക്ക് സൂചന നൽകും. ഈ സൂചന കണ്ടാൽ വഴി മാറി നടന്നുകൊള്ളണം. എഴുതപ്പെടാത്ത നിയമങ്ങൾ അങ്ങനെ എത്രയെത്ര. ഒരിക്കൽ അബദ്ധത്തിൽ കുളത്തിന് സമീപത്ത് പെട്ടു പോയ ചുമട്ടുകാരൻ തമ്പുരാട്ടിയുടെ കുളി കഴിയുന്നത് വരെ മണിക്കൂറുകളോളം ചുമടുമായി നിൽക്കേണ്ടി വന്ന കഥ നടന്നതും നമ്മുടെ നാട്ടിൽ തന്നെയാണ്. അന്നത്തെ ചുമട് എന്നു പറഞ്ഞാൽ 100 കിലോയിൽ അധികമുണ്ടാവും. പ്രമാണിത്വം, ജന്മിത്വം എന്നാൽ ഉയർന്ന ജാതിയിൽപെട്ട നമ്പൂതിരിയോ, നമ്പ്യാരോ നായരോ താഴ്ന്ന ജാതിയിൽപ്പെട്ട തിയ്യനെയോ, പുലയനെയോ, പറയനേയോ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അടിമപ്പെടുത്തുന്ന അവസ്ഥ മാത്രമല്ല. കൂടുതൽ സ്വാധീനവും ഭൂമിയും അധികാരികളുടെ സഹായം കിട്ടുന്നവനും ജന്മി തന്നെയാണ്. തിരുമാലയെയും മാണിക്യത്തേയും കുടിയൊഴിപ്പിച്ചത് സ്വജാതിയിൽപ്പെട്ട ജന്മി തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയം.
പേരല്ല സാഹചര്യമാണ് ജന്മിത്വം. സമാജത്തിന് വേണ്ടി തങ്ങളുടെ ജീവിതം തന്നെയാണ് ഇരുവരും സമർപ്പിച്ചത്. തിരുമാലയെ വിവാഹം ചെയ്തത് ലഫ്റ്റനൻ്റ് നാരായണൻകുട്ടി എന്നയാളായിരുന്നു. മാണിക്യത്തിന് വിവാഹ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. സ്ത്രീകള്‍ പുറത്തിറങ്ങാൻ പോലും മടിക്കുന്ന കാലഘട്ടത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നാടുവാഴികൾക്കെതിരെയും ക്ഷേത്ര പ്രമാണിമാർക്കെതിരെയും സ്ത്രീ വിമോചനത്തിനും വേണ്ടി പടവാളേന്തിയ കുറ്റ്യാപ്പുറത്ത് തിരുമാലയും കോൺഗ്രസ് മാണിക്യവും ചരിത്രത്തിലെ എഴുതപ്പെടാതെ പോയ താളുകളിലെ താരകങ്ങൾ ആയിരുന്നു.
ഒരു പ്രത്യേക രാഷ്ടീയ പാർട്ടിയുടെ പ്രതിനിധികളായല്ല ഇവരൊന്നും ജീവിച്ചതെന്നു തോന്നുന്നു. അനുഭവങ്ങളുടെ തീച്ചൂളയിലെ പൊള്ളൽ ഇതുപോലെ പലരെയും വിപ്ലവകാരികളാക്കി. കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സംശയമേ ഉള്ളു മാണിക്യം യഥാർത്ഥത്തിൽകോൺഗ്രസായിരുന്നോ അതോ കമ്യൂണിസ്റ്റ് ആയിരുന്നോ..?