പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു


നിജീഷ് എം.ടി. 

ന്തി ബസാറിലെ ശ്രീശൈലം കുന്ന് പിളര്‍ന്ന് കൊണ്ട് ദേശീയ പാത വരികയാണ്. കുന്ന് ഇടിച്ച് നിരത്തി പാതയുടെ ജോലി പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ ശ്രീശൈലത്തിന്റെ മുഖഛായ എന്നന്നേക്കുമായി മാറും. അനിവാര്യമായ മാറ്റമാണത്. പക്ഷേ അതിന് മുമ്പേ തന്നെ ശ്രീശൈലത്തിന്റെ ഉജ്വല ചരിത്രം മൂടാടിക്കാര്‍ അറിയേണ്ടതുണ്ട്.

ശ്രീശൈലം ഇന്ന് മനോഹരമായ ഒരു സ്ഥലമാണ്. കശുമാവിന്‍ മരങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഒരു വനസമാനമായ ഭംഗി ശ്രീശൈലത്തിനുണ്ട്. എന്നാല്‍ ശ്രീശൈലം കുന്ന് എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നില്ല. കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലമായി മാറിയെതെങ്ങനെയെന്ന ചോദ്യവുമായി സഞ്ചരിക്കേണ്ടിവന്ന ദൂരവും ചെറുതല്ല.

ശ്രീശൈലം കുന്നിനെ നന്തി ബസാറിലുള്ളവര്‍ വിളിക്കുന്നത് ‘പ്രഭുവിന്റെ കുന്ന്’ എന്നാണ്. കഥ അവിടെ നിന്ന തുടങ്ങാം. ആരാണ് ഈ പ്രഭു? കോഴിക്കോട് നഗരത്തിലെ ഗൗഡ സാരസ്വത ബ്രാഹ്‌മണ കുടുംബാംഗമായിരുന്ന ജി. കൃഷ്ണപ്രഭുവിന്റെ നാല് മക്കളില്‍ രണ്ടാമനായിട്ടാണ് കൃഷ്ണ ബസവ പ്രഭു എന്ന കെ.ബി. പ്രഭു ജനിക്കുന്നത്. രാമചന്ദ്ര പ്രഭു, ശാരദ പ്രഭു, ഭൗപതി പ്രഭു, എന്നിവരാണ് സഹോദരങ്ങള്‍.

ദേശീയപാത ജോലി പുരോഗമിക്കുന്ന ശ്രീശൈലം കുന്ന്.

ദേശീയപാത ജോലി പുരോഗമിക്കുന്ന ശ്രീശൈലം കുന്ന്.

സ്‌ക്കൂള്‍ വിദ്യാഭ്യാസാനന്തരം മെക്കാനിക്കല്‍ ജോലികളില്‍ തല്‍പരനായ കെ.ബി. പ്രഭുവിന്റെ രൂപകല്‌നയാണ് കോഴിക്കോട് നഗരത്തിന്റെ മുഖമുദ്രയായ അശോക ആശുപത്രിയിലെ ക്ലോക്ക് ടവറിലെ ക്ലോക്ക്. അദ്ദേഹത്തിന്റെ സമപ്രായക്കാരനും, സുഹൃത്തുമായ കോയമ്പത്തൂര്‍ സ്വദേശി ഇന്ത്യയിലെ ‘എഡിസണ്‍’ എന്നറിയപ്പെട്ട ജി.ഡി.നായിഡുവായിരുന്നു കെ.ബി. പ്രഭുവിന്റെ പ്രചോദനം.

1929 -30 കളില്‍ കടലൂര്‍ പ്രദേശത്ത് അരുമ്പൂര്‍ തറാവാടുവക (ചെമ്പകശ്ശേരി) സ്വത്തായിരുന്ന പുറമലക്കുന്നിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, വീമംഗലം ശിവക്ഷേത്രവകയായ ഭൂമിയും, മറ്റ് ചെറുകിട ഭൂഉടമകളില്‍ നിന്നെല്ലാമായി 139 ഏക്കര്‍ വിസ്തൃതമായ പുറമലയും, അനുബന്ധ പ്രദേശഭൂമികളും കെ.ബി.പ്രഭു വിലയ്ക്ക് വാങ്ങി സ്വന്തമാക്കി.

മൊട്ടക്കുന്നും, കാരമുള്ളും, പടുവൃക്ഷങ്ങളും, കുറുക്കന്മാരും നിറഞ്ഞ പുറമലക്കുന്ന് നല്ലയിനം കശുമാവുകള്‍ നിറഞ്ഞതും, ഫലവൃക്ഷങ്ങളും, നല്ലയിനം മാവിനങ്ങള്‍ നിറഞ്ഞ മാന്തോപ്പുമായി മാറാനും കാരണമായത് കെ.ബി. പ്രഭുവിന്റെ മുതല്‍ മുടക്കും, ഇഛാശക്തിയും ഒപ്പം അദ്ധ്വാനശീലരായ നാട്ടുകാരുടെ, തൊഴിലാളികളുടെ കഠിനാദ്ധ്വാനവുമാണ്.

ശ്രീ.കൃഷ്ണ ബസവ പ്രഭു @ സ്വാമി സച്ചിദാനന്ദൻ എന്ന K.B. പ്രഭു.. 1895- 1970

സ്വാമി സച്ചിദാനന്ദൻ എന്നകൃഷ്ണ ബസവ പ്രഭു ( 1895- 1970)

നാട്ടുകാര്‍ക്ക് വിശാലമായ തൊഴിലവസരങ്ങളായിരുന്നു പ്രഭുവിന്റെ വരവോടെ ഉണ്ടായത്. തീരപ്രദേശത്ത് കടലും അനുബന്ധ തൊഴിലുമായി ജീവിച്ച തൊഴിലാളികള്‍ക്കിടയിലും നെല്ലും തേങ്ങയും വെറ്റില കൃഷിയും ബീഡിതെറുപ്പും കാര്‍ഷകത്തൊഴിലുമായി ജീവിച്ച മറ്റ് സമീപ പ്രദേശങ്ങളിലെ തൊഴിലാളികളിലേക്കും കൂടുതല്‍ തൊഴില്‍ ദിനങ്ങളെത്തിയത് ചെറിയ കാര്യമായിരുന്നില്ല.

പുറമലക്കുന്നിന് ചുറ്റും ഉറപ്പുള്ള ചുറ്റുമതില്‍ നിര്‍മ്മിക്കപ്പെട്ടു. മലഞ്ചെരിവുകളില്‍ കിണറുകളും കുളങ്ങളുമുണ്ടായി. ചെറുതൈകള്‍ നട്ടുനനച്ച് വന്മരങ്ങളാക്കി. അങ്ങനെ പുറമലയെ തിയോളജിക്കല്‍ സൊസൈറ്റി ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന കൃഷ്ണ ബസവ പ്രഭു എന്ന സ്വാമി സച്ചിദാനന്ദനാല്‍ ‘ശ്രീശൈലം’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഭാര്യ രോഹിണി പ്രഭുവും മക്കളും അടങ്ങിയ കുടുംബം ആശ്രമ തുല്യമായ ശാന്തത കളിയാടുന്ന, പ്രകൃതിഭംഗി നിറഞ്ഞ ശ്രീശൈലം എസ്റ്റേറ്റിലെത്തിച്ചേര്‍ന്നു. കടലൂര്‍ പുറമല അതോടെ ശ്രീശൈലം എന്നറിയപ്പെടാനും ഒരു വ്യവസായകേന്ദ്രമായി രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

പുറമല, ശ്രീശൈലം സ്കെച്ച് ..

പുറമല, ശ്രീശൈലം സ്കെച്ച്.

കാര്‍ഷിക മേഖലയില്‍ മാത്രമായിരുന്നില്ല പ്രഭുവിന്റെ ശ്രദ്ധ. കാര്‍ഷിക- വ്യാവസായിക മേഖലയെ എങ്ങനെ സംയോജിപ്പിക്കാമെന്ന പരീക്ഷണമായിരുന്നു തുടര്‍ന്ന് നടന്നത്.

1.പുല്‍ത്തൈലം

പുല്‍ത്തൈലം നിര്‍മ്മാണത്തിനായി സ്റ്റീം ബോയിലറുകളുമായി പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് പുല്‍ത്തെലം നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. കണ്ണൂരിലെ അന്നത്തെ പാറക്കോടന്‍ ഏജന്‍സീസ് ആയിരുന്നു പുല്‍ത്തെലത്തിന്റെ പ്രധാന ആവശ്യക്കാര്‍.


വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു


2. കുറൂസ് പൗഡര്‍

വൈറ്റമിന്‍ അഭാവത്താല്‍ അക്കാലത്ത് പടര്‍ന്നിരുന്ന ചൊറി, ചിരങ്ങ് എന്നിവയ്ക്ക് പ്രതിവിധിയായി വിപണി കൈയ്യടക്കിയ മരുന്നായിരുന്നു ‘കുറുസ് പൗഡര്‍’.
ഒറിജിനല്‍ ചന്ദനത്തൈലത്തില്‍ രാസ സംയുക്തങ്ങള്‍ ചേര്‍ത്താണത്രേ ഇതിന്റെ നിര്‍മ്മാണം. സംയുക്ത സൂത്രവാക്യം പ്രഭുവിനും പില്‍ക്കാലത്ത് മക്കള്‍ക്കും മാത്രമറിയാവുന്ന വ്യവസായിക രഹസ്യമാണെന്നാണറിവ്.

3. പ്രഭൂസ് ഫ്രഞ്ച് പോളിഷ് (Wood Polish)

പൂനയില്‍ നിന്നും വരുത്തുന്ന ഒരു തരം അരക്കും, സ്പിരിറ്റും പിന്നെ ചില രാസപ്രയോഗങ്ങളും ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന പ്രഭുസ് ഫ്രഞ്ച് പോളീഷ് ഇന്നും വിപണിയിലുണ്ട്. പോത്തന്നൂരിലെ പ്ലാന്റില്‍ നിന്നും പ്രഭുവിന്റെ മകന്‍ സിദ്ധാര്‍ത്ഥ പ്രഭുവാണ് ഉല്‍പ്പാദകര്‍.

4). പ്രഭുസ് ശിസ, ശ്രീശൈലം ശിസ

ബോള്‍ പോയിന്റ് പേനകള്‍ ഇല്ലാതിരുന്ന കാലം, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതും ഗുണമേന്മയുള്ളതുമായ മഷിയെന്ന് പേരെടുത്ത ഉത്പന്നമായിരുന്നു പ്രഭൂസ് ശിസ, ശ്രീശൈലം ശിസ എന്നിവ.. ആകര്‍ഷകമായ കുപ്പികളില്‍ നിറച്ച്, ലേബല്‍ പതിച്ച്, പായ്ക്ക് ചെയ്തിരുന്ന മഷി ക്കുപ്പികള്‍ തൃശൂര്‍ ഒല്ലൂരില്‍ നിന്നും ആദ്യകാലങ്ങളില്‍ കൊണ്ടു വന്നിരുന്ന പ്രത്യേക മരപ്പെട്ടികളിലാക്കിയായിരുന്നു ബോംബൈക്ക് തിക്കോടിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗേണ അയച്ചിരുന്നത്. കേരളത്തിലെ പ്രാദേശിക വിപണി പൂര്‍ണ്ണമായും പ്രഭുവിന് സ്വന്തമായിരുന്നുവെന്നതും നമ്മള്‍ അറിഞ്ഞിരിക്കേണ്ട വസ്തുത തന്നെയാണ്. മഷി നിര്‍മ്മാണത്തിനാവശ്യമായ ഡൈ, നേര്‍പ്പിച്ച സര്‍ഫ്യൂറിക്ക് ആസിഡ്, ഹൈഡ്രോക്ലോറിക്ക് ആസിഡ്, ഗ്ലിസറിന്‍ എന്നിവയും കന്നാസുകണക്കിന് പൂനെയില്‍ വരുത്തുകയായിരുന്നു.

6). പ്രഭൂസ് ദന്ത ധാവന ചൂര്‍ണ്ണം

7) പ്രഭൂസ് ലിക്യുഡ് സോപ്പ് (Hand Sanitizer) & Bath Soap

അത്ഭുതത്തോടെയാണ് കേട്ടതെന്തിലും മദ്രാസ് പ്രസിഡന്‍സിലും, ബ്രിട്ടിഷ് ഇന്ത്യയില്‍ മുഴുവനായും വിപണിമൂല്യമുണ്ടായിരുന്ന ഉത്പന്നമായിരുന്നത്രേ ലിക്യൂഡ് സോപ്പ്

8) പാക്കേജിംഗ് യൂണിറ്റ് & മീറാ പ്രിന്റിംഗ് യൂണിറ്റ്

ശ്രീശൈലം വ്യവസായ കേന്ദ്രത്തിലെ വിവിധ ഉല്‍പ്പന്നങ്ങളുടെ പാക്കിംഗ് ആവശ്യങ്ങള്‍ക്കായുള്ള ബോക്‌സുകള്‍ നിര്‍മിക്കുന്നതിനായും ലേബലുകള്‍ അച്ചടിക്കാനാനായി മര്‍ട്ടികളര്‍ പ്രസ്സും ശ്രീശൈലത്തുണ്ടായിരുന്നു. വളരെ അപൂര്‍വ്വമായിരുന്നു അക്കാലത്ത്
മള്‍ട്ടികളര്‍ പ്രസ്സുകള്‍.. ഇവിടെ പുറമെ നിന്നുള്ള പുസ്തക പ്രസാധകരുടെ പുസ്തകങ്ങള്‍ അച്ചടിപ്പിച്ചിരുന്നു.

10) ധാന്യങ്ങള്‍ പൊടിക്കാനായി മില്ലുകള്‍..(flour mill)

11) ചിരട്ടപ്പെടി കൊണ്ടുള്ള മൈക്കാ നിര്‍മ്മാണം…… തുടങ്ങി പതിനഞ്ചോളം ചെറുകിട വ്യവസായ യൂണിറ്റുകളുടെ കേന്ദ്രമായിരുന്നു പ്രഭുവിന്റെ ശ്രീശൈലം വ്യവസായ കേന്ദ്രം. വ്യത്യസ്ത യൂണിറ്റുകളികളിലായി 200-250 ഓളം തൊഴിലാളികള്‍ തൊഴിലെടുത്തിരുന്നെന്നാണ് അറിവ്.

08/04/1946ല്‍ പ്രഭു, ശ്രീശൈലം എസ്റ്റേറ്റിന്റെ വളരെ കുറച്ച് ഭാഗം വസ്തു മദ്രാസ് അഡയാറിലെ ഡോ. കെ.എന്‍. രാമ കമ്മത്ത് എന്നവര്‍ക്ക് പണയപ്പെടുത്തി 27,000 രൂപ വായ്പ വാങ്ങുകയും വ്യവസായ യൂണിറ്റുകള്‍ വിപുലപ്പെടുത്തുകയും ഉണ്ടായി.


ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും മധ്യേ ഇരുട്ടില്‍ ഒരു രൂപം ഞങ്ങളെ മുറിച്ചു കടന്നു; കുവൈറ്റിലേയും കൊയിലാണ്ടിയിലേയും വിചിത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു ‘സ്കൈ ടൂര്‍സ്&ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ മനോജ്‌കുമാർ കാപ്പാട്


ശ്രീശൈലം വ്യവസായ കേന്ദ്രത്തിലേക്ക് പ്രത്യേകം ട്രാന്‍സ്‌ഫോമറും, ആ ട്രാന്‍സ്‌ഫോമറില്‍ നിന്നും വിവിധ വ്യവസായ യൂണിറ്റുകളിലേക്ക് കറന്റ് എത്തിക്കാന്‍ പ്രത്യേകം പവ്വര്‍ ഹൗസുമൊക്കെയായി തികച്ചും ആധുനികമായിരുന്നു ശ്രീശൈലം. പരേതനായ കണിയാങ്കണ്ടി ശങ്കരന്‍ നായര്‍ (മൂടാടി)യിരുന്നു ചിഫ് മെക്കാനിക്കും, പവ്വര്‍ ഹൗസ് ചുമതലക്കാരനും.

പരേതനായ മേനക്കാട്ടില്‍ കൃഷ്ണന്‍ നായര്‍ തൊഴിലാളികളുടെ സൂപ്പര്‍വൈസറായിരുന്നു. ശങ്കരന്‍ നായര്‍ തിക്കോടി, പരേതനായ കല്ലെടുത്ത് ഭാസ്‌കരന്‍ (കേരളാ പോലീസ്) ഉള്‍പ്പെടെ നമ്മുടെ നാട്ടുകാരായ നിരവധി പേര്‍ പ്രഭുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തവരായിരുന്നു.

പ്രഭുവിന്റെ മൂത്ത മകന്‍ ബി. പ്രേമാനന്ദ് ആയിരുന്നു വ്യവസായ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലക്കാരന്‍, നിലമ്പൂര്‍ കോവിലകം കുടുംബാംഗമായിരുന്ന രാമദാസ ആയിരുന്നു ചീഫ് എക്കൗണ്ടന്റ്.

ശ്രീശൈലം റസിണ്ടന്‍ഷ്യല്‍ എല്‍.പി. സ്‌ക്കൂള്‍

ഉന്നത നിലവാരം പുലര്‍ത്തിയിരുന്നതും, ഹോസ്റ്റല്‍ സൗകര്യത്തോടു കൂടിയതുമായ ഒരു റസിഡല്‍ഷ്യല്‍ എല്‍.പി. സ്കൂളും ശ്രീശൈലത്തുണ്ടായിരുന്നു. പ്രഭുവിന്റെ ഭാര്യാ സഹോദരി രാജീവി ടീച്ചര്‍ക്കായിരുന്നു സ്‌ക്കൂള്‍ ചുമതല.

കുന്നിന് ചുറ്റുമുള്ള ചുറ്റുമതിലിന് വലിയൊരു ഗേറ്റ് ഉണ്ടായിരുന്നു. ഗേറ്റിലെ ഇന്റര്‍കോം സൗകര്യവും കാവല്‍പ്പുരയിലെ ഗേറ്റ് കീപ്പറുയെ മേശപ്പുറത്തെ ഫോണും (സംസാരിക്കാനും, കേള്‍ക്കാനും പ്രത്യേകം പ്രത്യേകം ഉപകരണത്തോട് കൂടിയ പഴയ മോഡല്‍) അക്കാലത്ത് നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. വിശാലമായ ചവിട്ടുപടികള്‍ക്ക് ഇരുവശവും വെള്ളിയില്‍ തീര്‍ത്ത ബുദ്ധപ്രതിമകള്‍ പോലുള്ള രൂപങ്ങള്‍ വിവിധയിനം പൂച്ചെടികള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ചവിട്ടുപടിയോടുകൂടിയ നടവഴി നീണ്ടു ചെല്ലുന്നത് വിശാലമായി പടര്‍ന്ന് വളര്‍ന്ന ദേവദാരു വൃക്ഷത്തണലിലേക്കും അഷ്ടകോണ്‍ ബില്‍ഡിംഗിലേക്കുമാണ് (8 കോണുകളുള്ള കെട്ടിടം ) അതിന്റെ നടുക്കായുള്ള കണ്ണാടിക്കൂട്ടില്‍ സ്വാമി ശ്രീരാമകൃഷ്ണ പരമഹംസര്‍ യോഗമുദ്രയില്‍ ഇരിക്കുന്ന വലിയ പ്രതിമ.

പുറമല ശ്രീശൈലം വസ്തുവിവരങ്ങൾ..

പുറമല ശ്രീശൈലം വസ്തുവിവരങ്ങൾ..

പിന്നെ ബ്രിട്ടിഷ് മലബാറിലെ തന്നെ ആദ്യത്തെ മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന വിപുലമായ ശേഖരണങ്ങളുള്ള കെട്ടിടം. അവിലെ സ്റ്റഫ് ചെയ്തു സൂക്ഷിച്ച വിവിധ വര്‍ണ്ണച്ചിറകുകളുള്ള അനേകം ചിത്രശലഭങ്ങള്‍, നാണയങ്ങള്‍,സ്റ്റാമ്പുകള്‍,വാച്ചുകള്‍,വിവിധ ഉപകരണങ്ങള്‍. വര്‍ക്കിംഗ് മോഡലുകളും അവയൊക്കെ വിശദീകരിച്ചു പറയാന്‍ ചുമതലക്കാരും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌ക്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പ്രഭുവിന്റെ കാലം മുതല്‍ തന്നെ നിത്യ സന്ദര്‍ശകരായിരുന്നു. ശ്രീശൈലത്തിലെ മ്യൂസിയവും കടലൂര്‍ ലൈറ്റ് ഹൗസുമായിരുന്നു അക്കാലത്തെ സകൂള്‍ വിനോദയാത്രാ പോയിന്റുകള്‍. ശ്രീശൈലത്തുനിന്ന് നോക്കിയാല്‍ കടലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ലൈറ്റ് ഹൗസിന്റെയും, ഓടോക്കുന്നിന്റെയും അഭൗമ സൗന്ദര്യം ആസ്വദിക്കാം.

വൃത്തിയുള്ള കാൻ്റീനും സസ്യഭക്ഷണശാലയും അതിഥികൾക്കും തൊഴിലാളികൾക്കും സൗജന്യ നിരക്കിൽ ഭക്ഷണം നൽകാനായി പ്രവർത്തിച്ചിരുന്നു.

രണ്ട് തൊഴില്‍ സമരങ്ങള്‍ ശ്രീശൈലത്തില്‍ ഉണ്ടായതായി അറിയാം. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കായോ മെച്ചപ്പെട്ട വേതനത്തിനോ, വേതനത്തിന്റെ കൃത്യമായ വിതരണത്തിന് വേണ്ടിയോ ആവാം. ഒന്നാം ഘട്ട സമരം പ്രശ്‌നങ്ങളില്ലാതെ അവസാനിച്ചപ്പോള്‍ രണ്ടാഘട്ട സമരം കൂടുതല്‍ ശക്തമായിരുന്നത്രേ. സമരത്തിൻ്റെ രാഷ്ട്രീയമെന്തായിരുന്നാലും ശ്രീശൈലത്തെ വ്യവസായ സ്ഥാപനങ്ങളുടെ എന്നന്നേക്കുമായുള്ള അവസാനമായിരുന്നു സമരാവസാനം ഉണ്ടായത്. കെ.ബി. പ്രഭു തന്റെ വ്യവസായ യൂണിറ്റുകള്‍ അടച്ചു പൂട്ടി. സ്വിറ്റ്‌സര്‍ലണ്ടിലെ ഏതോ വാച്ച് കമ്പനിയുമായി നടന്നു കൊണ്ടിരുന്ന വാച്ച് നിര്‍മ്മാണ കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. 1967 അവസാനത്തില്‍ ശ്രീശൈലം വ്യവസായ കേന്ദ്രം അടച്ചുപൂട്ടി കെ.ബി. പ്രഭുവും കുടുംബവും കോയമ്പത്തൂരിനടുത്ത് തന്റെ സുഹൃത്തും, ഇന്ത്യയിലെ ‘എഡിസണ്‍’ എന്നറിയപ്പെടുന്ന വ്യവസായ പ്രമുഖനുമായ ജി.ഡി. നായിഡുവിന്റെ (ഗോപാല്‍സ്വാമി ദൈരൈസ്വാമി നായിഡു) അടുത്തെക്ക് പോയി.

1968 ല്‍ തൊഴിലാളികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കുടിശ്ശികയായ ശമ്പളവും മറ്റ് ബാധ്യതകളും (ഏകദേശം 45,000/ രൂപ ) മുഴുവന്‍ കൊടുത്തുതീര്‍ത്തുവെന്നാണ് അറിവ്.

നാടിന്റെ മുഖഛായ മാറ്റാന്‍ പ്രാപ്തമായ ഒരു വ്യവസായ കേന്ദ്രം വളര്‍ച്ചപൂര്‍ത്തിയാവാതെ നശിച്ചു. ശ്രീശൈലത്തെ ദേവദാരു മരം ഉണങ്ങിക്കരിഞ്ഞു.

1971 ല്‍ ശ്രീശൈലത്തെ മൂന്നായി വെട്ടിമുറിച്ചു. 90 ഏക്കര്‍ സായി ബാബ സേവാ സമിതി കേരള ഘടകത്തിനും 10 ഏക്കര്‍ എഫ്.എം.ആര്‍. ഇന്ത്യാ ഘടകത്തിനും. 13 ഏക്കര്‍ കെല്‍ട്രോണ്‍ യൂണിറ്റിനും സൗജന്യമായി പ്രഭുവിന്റെ കുടുംബത്താല്‍ നല്‍കപ്പെട്ടു. ബാക്കി പലതായി, വീണ്ടും പലതായി.

ബി. പ്രേമാനന്ദന്‍

ബി. പ്രേമാനന്ദന്‍

കാലമെത്ര ശ്രമിച്ചാലും ചില ഓര്‍മ്മകളെ മറവിയുടെ കയത്തിലൊളിപ്പിക്കാന്‍ കാലത്തിന് കഴിയില്ലല്ലോ. അതുകൊണ്ടാവാം പലരുടെയും ഓര്‍മ്മകളില്‍ നിന്നും പുറമലക്കുന്ന് ‘ശ്രീശൈല’മാക്കിയ അസാമാന്യ പ്രതിഭയെ, കെ.ബി. പ്രഭുവിനെ ഓര്‍മ്മകളിലൂടെ വീണ്ടെടുത്തതും.

കെ.ബി. പ്രഭു, രോഹിണി പ്രഭു എന്നിവരുടെ മക്കളാണ് ബസവ പ്രേമാനന്ദന്‍ (ലോകമറിയപ്പെടുന്ന യുക്തിവാദി ബി. പ്രേമാനന്ദന്‍)