ആഘോഷത്തിമര്‍പ്പില്‍ അര്‍ജന്റീന; ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെമിയില്‍ തകര്‍ത്ത് ഖത്തർ ലോകകപ്പിന്റെ ഫൈനലിലെത്തി നീലപ്പട, ഗോള്‍ അടിച്ചും അടിപ്പിച്ചും റെക്കോര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം മെസി (വീഡിയോ കാണാം)


ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഫൈനലിലെത്തി അര്‍ജന്റീന. എതിരാളിയായ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ രാജകീയമായ ഫൈനല്‍ പ്രവേശം. ഒരു ഗോള്‍ അടിച്ചും മറ്റൊന്ന് അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസി കളിയിലാകെ നിറഞ്ഞാടി.

ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരം നടന്നത്. ബ്രസീലിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ എത്തിയ ക്രൊയേഷ്യയ്ക്ക് പക്ഷേ മെസിയുടെയും കൂട്ടരുടെയും മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ഒരു ആശ്വാസ ഗോള്‍ പോലും അടിക്കാനാകാതെ നിരുപാധികമാണ് ക്രൊയേഷ്യ അര്‍ജന്റീനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.

ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഗള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 34-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് വളരെ അനായാസം മെസി ഗോളാക്കി മാറ്റി. ക്രൊയേഷ്യന്‍ പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക് കടന്നുകയറിയ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ തടയാന്‍ മുന്നോട്ടുകയറിവന്ന ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവക്കോവിച്ചിനാണ് പിഴച്ചത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അല്‍വാരസിനെ വീഴ്ത്തിയതിനാണ് ലിവക്കോവിച്ചിന് മഞ്ഞക്കാര്‍ഡും അര്‍ജന്റീനയ്ക്ക് പെനല്‍റ്റിയും കിട്ടിയത്.

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകും മുമ്പ് അഞ്ച് മിനുറ്റിനകം വീണ്ടും അര്‍ജന്റീന ക്രൊയേഷ്യയുടെ ഹൃദയം പിളര്‍ത്തി. മധ്യവരയ്ക്കു സമീപത്തുനിന്നും ലയണല്‍ മെസ്സി നല്‍കിയ പന്തുമായി ഒരിക്കല്‍ക്കൂടി ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അല്‍വാരസിന്റെ കാലില്‍ത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ 39-ാം മിനുറ്റില്‍ ക്ലോസ് റേഞ്ചില്‍നിന്നും അല്‍വാരസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ വീഴ്ത്തി വലയില്‍.

അര്‍ജന്റീനയുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചാണ് മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചത്. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് മെസിയുടെ അസിസ്റ്റില്‍ അര്‍ജന്റീനയുടെ അടുത്ത ഗോള്‍ പിറന്നത്. വലതുവിങ്ങിലൂടെ പന്തു കാലില്‍ക്കൊരുത്ത് അര്‍ജന്റീന നായകന്റെ മിന്നല്‍ക്കുതിപ്പ്. ഖത്തര്‍ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാര്‍ഡിയോള്‍ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലില്‍ക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളില്‍ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാര്‍ഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്‌സിന്റെ മുന്നിലുള്ള ജൂലിയന്‍ അല്‍വാരസിനു നല്‍കി. മെസ്സി നല്‍കിയ പന്തിനെ വളരെ അനായാസം ജൂലിയന്‍ അല്‍വാരസ് 69-ാം മിനുറ്റില്‍ ഗോളാക്കി.

ലയണല്‍ മെസിക്ക് റെക്കോര്‍ഡുകള്‍ സമ്മാനിച്ച മത്സരം കൂടിയായിരുന്നു ഇന്നലെ നടന്ന സെമി ഫൈനല്‍. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് 34-ാം മിനുറ്റിലെ പെനാല്‍റ്റി ഗോളോടെ മെസി സ്വന്തമാക്കിയത്. പതിനൊന്ന് ഗോളുകള്‍ നേടിക്കൊണ്ട് ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.

ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഇപ്പോള്‍ മെസി. അഞ്ച് ഗോളുകളോടെ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്ക് ഒപ്പമാണ് മെസി. അസിസ്റ്റുകള്‍ കൂടി പരിഗണിച്ചാല്‍ എംബാപ്പെയെക്കാള്‍ മുന്നിലാണ് മെസി. കളിച്ച ആറ് ലോകകപ്പുകളിലും സെമി ഫൈനലില്‍ പരാജയപ്പെട്ടില്ല എന്ന ചരിത്രം ആവര്‍ത്തിച്ച് കൊണ്ടാണ് അര്‍ജന്റീന ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്.

2018 ലെ റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് അര്‍ജന്റീനയുടെ പരാജയം. ഖത്തര്‍ ലോകകപ്പ് സെമിയില്‍ അതേ നാണയത്തില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ അര്‍ജന്റീനയുടെ മധുര പ്രതികാരത്തിന് കൂടിയാണ് ഇന്നലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇന്ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സ്-മൊറോക്കോ രണ്ടാം സെമിയിലെ വിജയിയെയാണ് അര്‍ജന്റീന ഫൈനലില്‍ നേരിടുക. ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. ഡിസംബര്‍ 17 ന് ഖലീഫാ സ്റ്റേഡിയത്തില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരവും നടക്കും.

അര്‍ജന്റീന-ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരത്തിലെ ഗോളുകളുടെ വീഡിയോ കാണാം: