നാടും നഗരവും ഫുട്ബോൾ ലഹരിയിൽ; ലോകകപ്പിന് ഇന്ന് കിക്കോഫ്, കളി ഖത്തറിലാണെങ്കിലും ആവേശമിങ്ങ് കേരളത്തിൽ
ദോഹ: അടയാളപ്പെടുത്തുക കാലമേ, പുത്തൻ ചരിത്രങ്ങളുടെ പിറവികൾക്കു ഖത്തർ ഒരുങ്ങിക്കഴിഞ്ഞു… ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കുമ്പോൾ ലോകത്തിന്റെ കണ്ണ് മുഴുവൻ ഒരൊറ്റ പന്തിലേക്ക് നീളുകയാണ്… 29 ദിവസം നീളുന്ന മാമാങ്കത്തിനൊരുങ്ങി ലോകം. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ലോക കപ്പിന് ഇന്ന് വൈകിട്ട് ആരംഭം.
ഉത്സവത്തിന് കൊടിയേറിയതു പോലെയുള്ള ആഹ്ലാദ തരംഗമാണ് ദോഹയിലെങ്ങും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ഖത്തറിന്റെ വീഥികളിലെങ്ങും നിറഞ്ഞു തുടങ്ങി. കേളികേട്ട മഹാരഥന്മാരെല്ലാം എത്തി, കളികൾക്കായി കച്ചമുറുക്കി കഴിഞ്ഞു. മികച്ച ആതിഥേയരാവാൻ ഖത്തറും പൂർണ്ണമായി ഒരുങ്ങി.
ഇന്ന് രാത്രി 9.30 നുള്ള ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാൽപ്പന്ത് മാമാങ്കത്തിന് വിസിൽ മുഴങ്ങും. രാത്രി 7:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. വര്‍ഷങ്ങളായി ഒരുക്കങ്ങൾക്കൊടുവിൽ കണ്ണുകൾക്ക് ഉത്സവമൊരുക്കിയായിരിക്കും ഉദ്ഘടന ചടങ്ങുകൾ. 60,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആണ് ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ആരാധകരുടെ ഇഷ്ട്ട ടീമുകളായ ബ്രസീലും അർജീൻറനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും രണ്ടാംസ്ഥാനക്കാരായ ക്രൊയേഷ്യയും ജർമനിയും ഇംഗ്ലണ്ടും സ്പെയിനും നെതർലൻഡസും ബെൽജിയവുമൊക്കെ തുടർന്നുള്ള ദിവസങ്ങളിൽ കളിക്കളത്തിൽ അണിനിരക്കും. ഖത്തറിലെ 8 സ്റ്റേഡിയങ്ങൾ ഫുട്ബോൾ മാന്ത്രികക്കാഴ്ചകൾക്ക് തയ്യാറെടുത്തു കഴിഞ്ഞു. ഫിഫ റാങ്കിംഗില്‍ അന്‍പതാം സ്ഥാനത്തുള്ള ഖത്തറും നാല്പത്തിനാലാം സ്ഥാനത്തുള്ള ഇക്വഡോറും തമ്മിലാണ് മത്സരം. ലോകകപ്പില്‍ ഖത്തറിന്റെ അരങ്ങേറ്റം കുറിക്കുന്ന ദിനം കൂടിയാണിന്ന്.
രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കിരീടമാണ് ബ്രസീൽ ലക്ഷ്യം വെക്കുന്നതെങ്കിൽ അർജന്റീന ലയണൽ മെസിയെന്ന വിസ്മയത്തിലാണ് പ്രതീക്ഷവയ്ക്കുന്നത്. 2006ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഖത്തറും ചരിത്രനേട്ടം ലക്ഷ്യം വെച്ചാണ് പന്തുരുട്ടുക.
736 കളിക്കാരാണ് ഖത്തറിൽ പന്ത് തട്ടുക. ലോകത്തെ ഏറ്റവും മുൻപന്തിയിലുള്ള 32 ടീമുകൾ മാറ്റുരയ്ക്കുന്ന 64 മത്സരങ്ങളാണ് ഈ ലോകകപ്പിൽ ആകെയുണ്ടാകുക. ഡിസംബർ നാണു കാൽപന്തുകളിയുടെ കലാശകൊട്ടൊരുങ്ങുക. 440 മില്യൺ ഡോളർ അഥവാ 3585 കോടി ഇന്ത്യൻ രൂപയാണ് ആകെ സമ്മാനത്തുക. ലോകകപ്പ് ജേതാവാകുന്ന ടീമിന് ലഭിക്കുക 42 മില്യൺ ഡോളർ (342 കോടി രൂപ) ആണ്.
ഫുട്ബോളിലെ താരരാജാക്കന്മാരായ ലിയോണൽ മെസ്സിയുടെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് മത്സരം കൂടിയാകും ഇത്. ഇനി ഓരോ നിമിഷവും കാത്തിരിപ്പിൻറേതാണ്, ഒറ്റ പന്തും ഒരേയൊരു വികാരവുമായി… ഖത്തറിൽ നിന്നുയരുന്ന ഗോളാരവങ്ങൾക്കായി….