പച്ചക്കറികളും വസ്ത്രങ്ങളും ദ്വീപിലേക്ക് അയക്കാനെന്ന വ്യാജേനെ ഹാന്‍സിന്റെ 75 കിലോ വരുന്ന മൂന്ന് കെട്ടുകള്‍ എത്തിച്ചു; ബേപ്പൂര്‍ തുറമുഖത്ത് നിരോധിത പുകയില ഉല്‍പന്നവുമായി ഒരാള്‍ പിടിയില്‍


ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടുപോവാനായി എത്തിച്ച ഹാന്റ്‌സ് പിടികൂടി. ലക്ഷദ്വീപിലേക്കുള്ള ഉരുവില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാന്‍സ് പാക്കറ്റുകള്‍ ബേപ്പൂര്‍ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശി പൂണാര്‍ വളപ്പില്‍ ചെറിയാലിങ്ങല്‍ ഫൈസലിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.

പച്ചക്കറികളും വസ്ത്രങ്ങളും ദ്വീപിലേക്ക് അയക്കാനെന്ന വ്യാജേനയാണ് ഹാന്‍സിന്റെ 75 കിലോ തൂക്കം വരുന്ന മൂന്ന് കെട്ടുകള്‍ മറിയ മാത എന്ന ഉരുവില്‍ കയറ്റുന്നതിനായി തുറമുഖത്തെത്തിച്ചത്.

വിവരമറിഞ്ഞ് പൊലീസ് സംഘം പരിശോധിക്കാനെത്തിയപ്പോള്‍ പുകയില ഉല്‍പന്നം തുറമുഖത്ത് ഇറക്കിവെച്ച പ്രതിയായ ഫൈസല്‍ രണ്ട് കെട്ടുകള്‍ വാര്‍ഫിനോട് ചേര്‍ന്ന പുഴയിലേക്കെറിഞ്ഞു. പൊലീസും തൊഴിലാളികളും ചേര്‍ന്ന് വെള്ളത്തില്‍നിന്ന് രണ്ട് കെട്ടും പൊക്കിയെടുത്തു.

ലക്ഷദ്വീപില്‍ ചരക്കുകള്‍ ഇറക്കുന്നതിനിടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഉരുവിന്റെ ഉടമയും ജീവനക്കാരും പ്രതികളാകുന്ന കേസാണിത്.