അന്നശ്ശേരിയില്‍ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച സംഭവം; തലയോട്ടി പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


അത്തോളി: മദ്യപാനത്തിനിടെ വാക്ക് തര്‍ക്കത്തില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വേളൂര്‍ മേലേ തോട്ടത്തില്‍ അനൂപ്(35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് വച്ചായിരുന്നു സംഭവം. സുഹൃത്തായ സുബീഷിന്റെ വീട്ടില്‍ നടന്ന മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ സുബീഷ് അനൂപിനെ ആക്രമിക്കുകയായിരുന്നു.

സുബീഷ് ഇരുമ്പ് പട്ടിക കൊണ്ട് അനൂപിന്റെ തലക്ക് അടിക്കുകയായിരുന്നു. തലയോട്ടി പൊട്ടി ആഴത്തില്‍ മുറിവേറ്റ അനൂപിനെ സുബീഷ് ഇടവഴിയില്‍ തള്ളിയിട്ട് കടന്നു കളയുകയായിരുന്നു. ചികിത്സയിലായിരുന്ന അനൂപ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്ന അനൂപിനെ പുലര്‍ച്ചെ മൂന്നരയോടെ സമീപവാസികള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. പ്രതി അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബിയെ(37) എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ശേഷം കോഴിക്കോട് സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തു.