അമിത വേഗതയില്‍ വന്ന ലോറി നിര്‍ത്തിയിട്ട കാറുള്‍പ്പടെ രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്നു; കൊയിലാണ്ടി പാലക്കുളത്ത് വെച്ച് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം


കൊയിലാണ്ടി: പാലക്കുളത്ത് ലോറി ഇടിച്ച് ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമിതവേഗത്തില്‍ വന്ന ലോറി റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹങ്ങളില്‍ ഇടിക്കുകയായിരുന്നു. ആദ്യം ലോറി നിർത്തിയിട്ട ഏസ് വാഹനത്തിനെയും പഞ്ചറായി റോഡ് സൈഡിൽ നിർത്തിയ കാറിനെയും ഇടിച്ച് സമീപത്തെ വീടിന്റെ മതിലിന് തട്ടിയാണ് ലോറി നിന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വടകര ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നന്നാക്കുവാനായി റോഡ് സൈഡില്‍ രാവിലെ 10 മണി മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാര്‍ നന്നാക്കുവാനായി ഡ്രൈവറായ യുവതി ആളെ തിരക്കി ഇറങ്ങിയതായിരുന്നു. ഈ സമയം കാറിന് പുറത്തിറങ്ങിയ വടകര ചോറോട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്.

സംഭവത്തില്‍ ലോറിയുടെ ക്ലീനര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് സംഭവ സ്ഥലത്ത് നിന്നും ലോറിയുടെ അടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടിയില്‍ നിന്നും ആംബുലന്‍സും രംഗത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.


വടകര ചോറോട് സ്വദേശികളായ മുഹമ്മദ് ഇസ (രണ്ടര വയസ്സ്), ഫാത്തിമ ഇസ(6), ഷെഫീറ, സൈഫ്, ജുമൈനിയ, സെഫീര്‍, ഫാത്തിമ, ലോറിയിലെ രണ്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക കൊണ്ടുപോയി.