മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ദുരിതത്തിന് പരിഹാരമാകുന്നു; കൊയിലാണ്ടി ഹാര്‍ബറിന്റെ മത്സ്യബന്ധനതുറമുഖം രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം തുടങ്ങി


കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ തുടങ്ങി. ഹാര്‍ബറില്‍ യാനങ്ങളുടെ എണ്ണം കൂടിയതിനാല്‍ മീന്‍ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്ത് നില്ക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം ഒഴിവാക്കുന്നതിനായി 100 മീറ്റര്‍ നീളത്തിലും7.5 മീറ്റര്‍ വീതിയിലും 5 ബര്‍ത്തിംഗ് ജട്ടിയുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. പൈലിംഗ് ജോലി പൂര്‍ത്തിയായി കൊണ്ടിരിക്കയാണ്.

ഹാര്‍ബറിന്റെ തെക്ക് ഭാഗത്ത് ഹാര്‍ബര്‍ ബേസിനില്‍ വലിയ തോതില്‍ മണ്ണടിഞ്ഞ് കൂടിയിരിക്കയാണ്. 50 ഹെക്ടര്‍ ഭാഗത്താണ് മണ്ണ് രൂപപ്പെട്ടത്. 2019ലെ പ്രളയത്തെ തുടര്‍ന്ന് വന്‍തോതിലാണ് മണ്ണ് അടിഞ്ഞത്. അതോടെ ഹാര്‍ബറിന്റെ കയം ഗണ്യമായി കുറഞ്ഞിരിക്കയാണ്. ഈ ചെളി ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ ഡ്രഡ്ജിംഗ് ആണ് നടക്കുന്നത്.

ചെളി ഹാര്‍ബറില്‍ നിന്ന് മുറിച്ചെടുത്ത് വടക്ക് ഭാഗത്തേക്ക് പൈപ്പ്‌ലൈന്‍ വഴി തള്ളുകയാണ് ചെയ്യുന്നത്. ചെളി നിറഞ്ഞതിനാല്‍ ഇത് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹാര്‍ബര്‍ ആന്റ് എഞ്ചിനീയറിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.എസ് രാകേഷ് പറഞ്ഞു. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കടലിന്റെ സവിശേഷതനിമിത്ത മണ്ണടിഞ്ഞു കൂടുന്ന പ്രതിഭാസം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മണ്ണെടുത്ത് മാറ്റിയാല്‍ മണ്‍സൂണ്‍ കാലത്ത് ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി നങ്കൂരമിടാന്‍ കഴിയും. മത്സ്യ തൊഴിലാളികളുടെയും ബോട്ടുടുകളുടെയും ആശങ്കള്‍ക്ക് ഇതോടെ പരിഹാരമാകും. ഡ്രജിംഗ് ഒഴികെയുള്ള പ്രവൃത്തികള്‍ കരാറെടുത്തത് ഊരാളിങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്.

2020-ല്‍ അടിസ്ഥാന ഘടകങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയാണ് ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനായി മത്സ്യ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു. തൊഴിലാളിയൂണിയനുകള്‍ സര്‍ക്കാറിലേക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം മത്സ്യബന്ധന യാനങ്ങളുടെ എണ്ണവും വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ലോക്കര്‍ മുറികള്‍, നെറ്റ് മെന്‍ഡിംഗ് ഷെഡ്, വിശ്രമമന്ദിരം, ബര്‍ത്തിംഗ് ജട്ടി, പാര്‍ക്കിഗ് ഏറിയ, റോഡ്, നിലവിലുള്ള നിര്‍മ്മിതിയുടെ അറ്റകുറ്റപണികള്‍, ഇലക്ട്രിഫിക്കേഷന്‍, കോള്‍ഡ്സ്റ്റോറേജ്, വാട്ടര്‍ സപ്ലൈ, സി.സി.ടി.വി ഡ്രഡ്ജിംഗ് എന്നിവ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറുപത് ശതമാനം കേന്ദ്ര സഹായത്തോടെയും നാല്പത് ശതമാനം കേരളസര്‍ക്കാറും വിവിധ ഘടങ്ങളുടെ നിര്‍മ്മാണത്തിന് 20.90 കോടി രൂപയും ഡ്രഡ്ജിംഗിന് 5.88 രൂപയ്ക്കും ഭരണാനുമതി നല്കിയിരുന്നു.