പാലക്കുളത്ത് ലോറി ഇടിച്ച് ഉണ്ടായ അപകടം; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് വയസ്സുകാരന്‍ മരിച്ചു


കൊയിലാണ്ടി: പാലക്കുളത്ത് ലോറി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. വടകര ചോറോട് സ്വദേശി മുഹമ്മദ് ഇഷാന്‍(2) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്. വടകര ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നന്നാക്കുവാനായി റോഡ് സൈഡില്‍ രാവിലെ 10 മണി മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയം കാറിന് പുറത്തിറങ്ങിയ വടകര ചോറോട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്. അമിതവേഗതയില്‍ വന്ന ലോറി നിര്‍ത്തിയിട്ടിരുന്ന ഏസ് വാഹനത്തില്‍ ഇടിക്കുകയും ഏസ് വാഹനം ഇടിയുടെ ആഘാതത്തില്‍ കാറിനെ ഇടിക്കുകയുമായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കാര്‍ യാത്രക്കാരും ലോറിയുടെ ക്ലീനറും ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കാര്‍ യാത്രക്കാരായ വടകര ചോറോട് സ്വദേശികളായ മുഹമ്മദ് ഇഷാന്‍ (രണ്ടര വയസ്സ്), ഫാത്തിമ ഇസ(6), ഷെഫീറ, സൈഫ്(14) , ജുമൈനിയ(37) , സെഫീര്‍(45), ഫാത്തിമ(17), എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായി പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.