‘സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുപ്പിച്ചില്ല, പരസ്യമായി അപമാനിച്ചു’; പോലീസിൽ പരാതി നൽകി കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ


കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഇന്നലെ നടന്ന സൈക്കിൾ പോളോ മത്സരത്തിൽ ദേശീയ താരങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന് പരാതി. കേരള സൈക്കിൾ പോളോ അസോസിയേഷന്റെ നേതൃത്വത്തിൽ ചേമഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിയ നാല്പത്തിയൊന്നാമത് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന്റെ സെലക്ഷൻ ടൂർണമെൻ്റിലാണ് ചില വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചില്ലെന്നു പരാതി ഉയർന്നത്.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ദേശീയ താരങ്ങളായ ജനിക, ആർദ്ര, ജാൻവി എന്നീ വിദ്യാർത്ഥി കളെയാണ് ടൂർണമെന്റിൽ മൽസരിപ്പിക്കാതിരുന്നത്. മത്സരിപ്പിച്ചില്ലെന്നു മാത്രമല്ല പരസ്യമായി ഇവരെ അപമാനിച്ചതായും വിദ്യാർത്ഥികൾ പറയുന്നു.

സൈക്കിൾ പോളോ അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരവുമാണ് വിദ്യാർത്ഥികളെ മാറ്റിനിർത്താൻ കാരണം എന്നാണ് ആരോപണം. ഇതിനെ തുടർന്ന് മത്സരിക്കാനുള്ള തങ്ങളുടെ അവസരമാണ് നിഷേധിച്ചതെന്നു വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥിനികൾ കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാറിന് പരാതി നൽകി. അസോസിയേഷൻ ഭാരവാഹികൾ തിങ്കളാഴ്‌ച സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.