വിളവെടുപ്പിനൊരുങ്ങി കൊയിലാണ്ടിയിലെ നിലക്കടലതോട്ടങ്ങള്‍; ചെണ്ടുമല്ലികൃഷിയുടെ വിജയത്തിനുശേഷം നിലക്കടല വിളയിച്ച് മാരിഗോള്‍ഡ് കൃഷിക്കൂട്ടം


കൊയിലാണ്ടി: ചെണ്ടുമല്ലി കൃഷിയുടെ വിജയത്തിനുശേഷം നിലക്കടല കൃഷി വിജയകരമാക്കി നാലാം വാര്‍ഡ് മാരിഗോള്‍ഡ് കൃഷിക്കൂട്ടം. കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷി നാടാകെ സുഗന്ധം പരത്തി പെരുമ കൈവരിച്ചിരുന്നു.ഈ പ്രാവശ്യം നിലക്കടലയാണ് വിത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മെയ് 6 ന് തിങ്കളാഴ്ച 3 മണിക്ക് ഉത്സവാന്തരീക്ഷത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിക്കും. ഇന്ദിരടീച്ചര്‍ അധ്യക്ഷത വഹിക്കും. ആദ്യവില്‍പ്പന വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ നിര്‍വ്വഹിക്കും.

കൃഷി ഓഫീസര്‍ പി.വിദ്യ പദ്ധതി വിശദീകരിക്കും. എം.കെ.ലിനീഷ്, പുഷ്പ പ്രകാശ്, ബീന രമേശ്, ജിതു രനീഷ്, ബിന്ദു സത്യന്‍, അജിത ചന്ദ്രന്‍, ശ്രീജ രവി, രാധ നാരായണന്‍ തുടങ്ങി എട്ടു പേരടങ്ങിയ ടീമാണ് മാരിഗോള്‍ഡ് കൃഷിക്കൂട്ടത്തിന് നേതൃത്വം നല്‍കുന്നത്.