‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി


വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു.

ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള മകന്‍ ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതായി അര്‍ഷിദ് പറയുന്നു. രണ്ട് ഫോണുകളും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടായിരുന്ന ബാഗാണ് കുസൃതിക്കുരുന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത്.

മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ സഹോദരി അടുത്ത സ്റ്റേഷനായ മാഹിയില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെ കണ്ട ഒരു ഓട്ടോറിക്ഷാ ഡ്രൈവറോട് ഇവര്‍ കാര്യം പറഞ്ഞു.

ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു ഡ്രൈവറെ കൂടി വിളിക്കുകയും അര്‍ഷിദിന്റെ പെങ്ങളോട് റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ കാത്തിരിക്കാന്‍ പറഞ്ഞ് അവരിരുവരും ബാഗ് അന്വേഷിച്ച് പാളത്തിലൂടെ പൊരിവെയിലത്ത് നടക്കുകയും ചെയ്തുവെന്ന് അര്‍ഷിദ് കുറിച്ചു.

ഒടുവില്‍ ബാഗുമായി അവര്‍ തിരിച്ചെത്തുകയും അത് കൈമാറുകയും ചെയ്തു. അപരിചിതയായ ഒരാള്‍ക്ക് വേണ്ടി ഇത്ര വലിയ ഉപകാരം ചെയ്ത അവരോട് നന്ദി പറഞ്ഞാല്‍ അത് കുറഞ്ഞു പോകുമോ എന്ന സന്ദേഹം പങ്കുവച്ചുകൊണ്ട്, നല്ല മനുഷ്യര്‍ എല്ലായിടത്തുമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അര്‍ഷിദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷ ഓടിക്കുന്നവർ തന്റെ സുഹൃത്തുക്കളാണെന്നും ഈ നല്ല പ്രവൃത്തി ചെയ്ത രണ്ടുപേർ ആരെല്ലാമാണെന്ന് അന്വേഷിച്ച് പറഞ്ഞ് തരാമെന്നുമാണ് അർഷിദിന്റെ പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തത്.

ഈ മനോഹരമായ അനുഭവം അര്‍ഷിദിന്റെ വാക്കുകളില്‍ വായിക്കാം:

ഇന്ന് നടന്ന ഒരു സംഭവമാണ് പറയാൻ പോകുന്നത്…
ഇന്ന് രാവിലെ എൻ്റെ പെങ്ങൾ കാസർകോട് നിന്നും വടകരയിലേക്ക് ട്രെയിനിൽ വരികയായിരുന്നു..
ട്രെയിൻ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ച് പെങ്ങളുടെ 2 ഫോണും പാസ്പോർട്ടും അടങ്ങിയ ബാഗ് പെങ്ങളുടെ 2 വയസ്സുള്ള കുട്ടി ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഇടക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ അവർ രണ്ട് പേരും മാഹി റയിൽവെ സ്റ്റേഷനിൽ ഇറങ്ങി. അവിടെ കണ്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് കാര്യം പറഞ്ഞു. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെയും വിവരം അറിയിച്ചു.

ശേഷം ആദ്യത്തെ ഓട്ടോ ഡ്രൈവർ മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തി, പെങ്ങളെ റയിൽവെ സ്റ്റേഷനിൽ ഇരുത്തി രണ്ട് ഡ്രൈവർമാരും റെയിൽ പാളത്തിലൂടെ ബാഗും പരാതി നടന്നു.
പൊരി വെയിലത്ത് ഇത് വരെ ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ ബാഗിന് വേണ്ടി കിലോ മീറ്ററുകളോളം ദൂരം അവർ രണ്ട് പേരും നടന്ന് അവസാനം ബാഗുമായി തിരിച്ച് വന്ന് അത് പെങ്ങളെ ഏൽപിച്ച ശേഷം അവർ രണ്ട് പേരും എങ്ങോട്ടോ യാത്രയായി…
ഇങ്ങനെ നന്ദി പറയണം, ഇനി നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോകുമോ എന്നൊന്നും അറിയില്ല… അപരിചിതനായ ഒരാൾക്ക് വേണ്ടി ഇത്ര മാത്രം ഉപകാരം ചെയ്ത ഇവർക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു…❤️❤️❤️
നല്ല മനുഷ്യർ എല്ലായിടത്തുമുണ്ട്❤️