പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ


രഞ്ജിത്ത് ടി.പി. അരിക്കുളം

കദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി വരുന്ന ആനക്ക് മുന്നിൽ പെടാതെ ഓല മേഞ്ഞ, ഇറ നിലത്തു കുത്തുന്ന രീതിയിലുള്ള ചായക്കടക്കുള്ളിലേക്ക് ആളുകൾ ഭയന്നു വിറച്ച് കയറി നിന്നു.

നാട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം ആലോചനകൾ നടത്തുന്നതിനിടയിൽ കവലയിലെ ഒരു റോഡിലൂടെ ഒരു പഴയ ജീപ്പ് പൊടിപറത്തി ഇരമ്പി വന്നു നിന്നു. ജീപ്പിന്റെ നാല് ഭാഗം കരിയും പുകയും പറ്റി പിടിച്ചിരിക്കുന്നു. ജീപ്പിന്റെ ഡ്രൈവിംങ്ങ് സീറ്റിൽ നിന്നും ഒരാൾ പുറത്തേക്കിറങ്ങി. പൊടിയും പുകയും അടങ്ങിയപ്പോൾ ആളുടെ രൂപം പതുക്കെ വ്യക്തമായി വന്നു. ഒത്ത ശരീരം, കള്ളിമുണ്ടും ഷർട്ടും, തലയിൽ ഒരു ചുറ്റിക്കെട്ട്. ചുണ്ടിൽ എരിയുന്ന ചുരുട്ട്. കക്ഷത്ത് ഒരു ചെറിയ ബാഗ്. ജീപ്പിൽ നിന്നും ഇറങ്ങിയ ആളെ വ്യക്തമായതോടെ അവിടെ കൂടിയിരുന്നവരുടെ ചുണ്ടുകൾ ഒരു പോലെ ആ പേര് ഉച്ചരിച്ചു
പക്രൻ…
ആനപക്രൻ.!!!

അദ്ദേഹത്തിന്റെ വരവും നെഞ്ചു വിരിച്ചുള്ള നിൽപ്പും മുഖത്തെ ഭാവവും കണ്ടപ്പോൾ അയാൾക്ക് ആനയെക്കാൾ തലയെടുപ്പുണ്ടെന്ന് തോന്നി. അവിടെ കൂടി നിന്ന ആളുകളുടെ മുഖത്ത് ഭയമെന്ന വികാരം ആശ്വാസമെന്ന ഭാവത്തിന് വഴിമാറികൊടുത്തു. ജീപ്പിന്റെ മുൻ സീറ്റിൽ നിന്നും ഒരു ശർക്കരപ്പൊതി എടുത്ത് അദ്ദേഹം ഇടഞ്ഞ് നിൽക്കുന്ന ആനയെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കൈ കൊണ്ട് മാടി വിളിച്ചു. കണ്ണിൽ കണ്ട തൊക്കെയും കുത്തി മറിച്ചും എടുത്തെറിഞ്ഞും കൊലവിളി നടത്തി നാടു വിറപ്പിച്ച ആന അദ്ദേഹത്തിന്റെ അടുത്തേക്ക് അനുസരണയുള്ള കുട്ടിയെപ്പോലെ അരികുപറ്റി നിന്നു. കൊമ്പിൽ പിടിച്ച് അദ്ദേഹം മുന്നേ നടന്നപ്പോൾ പിറകിൽ ഒരു ഗ്രാമം മുഴുവൻ ആഹ്ളാദത്തിന്റെ ആരവം മുഴക്കുകയായിരുന്നു.

Ana-pakran-k

ആന പക്രന്‍

ഒരു സിനിമയിലെ നായക കഥാപാത്രത്തെ പോലെ വീര പരിവേഷമായിരുന്നു പക്രൻ എന്ന ആന പക്രന് നാട്ടിലുണ്ടായിരുന്നത്. പക്രൻ വെറുമൊരു ആനക്കാരൻ മാത്രമായിരുന്നില്ല. നിരവധി ക്വാറികൾ, വാഹനങ്ങൾ, ബസ് സർവ്വീസ്, തടിമില്ലുകൾ, കൂപ്പുകൾ, ഏക്കർ കണക്കിന് പറമ്പ്, വയൽ, സ്കൂൾ, ഇതിന്റെയെല്ലാം ഉടമയായിരുന്നു അദ്ദേഹം. പക്ഷെ രൂപത്തിലോ ഭാവത്തിലോ അത് കാണിക്കില്ലെന്ന് മാത്രം.


മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…


പുത്തലത്ത് തറവാട്ടിലാണ് പക്രന്റെ ജനനം. ബാപ്പ പുത്തലത്ത് ചെക്കോട്ടി എന്ന ചെക്കൂട്ടിക്ക് ആനയുണ്ടായിരുന്നു പിന്നീട് മകൻ പക്രൻ ആന വാങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ മില്ലിൽ തടി പിടിക്കാൻ ആനയെ പാട്ടത്തിന് വിളിക്കാൻ പോയതായിരുന്നു അദേഹം. അവിടെ വെച്ച് ഉടമസ്ഥൻ പാട്ട സംഖ്യ കൂടുതൽ ആവശ്യപ്പെട്ടപ്പോൾ ഈ ആനക്ക് എന്ത് വില വരും എന്ന് ചോദിച്ച അദേഹത്തെ പരിഹസിച്ച് ആനയെ വാങ്ങില്ല എന്നുറപ്പുള്ളത് കൊണ്ട് ആനയുടെ ഉടമസ്ഥൻ കൂടിയ വില പറഞ്ഞു. ഉടനെ കക്ഷത്ത് എപ്പോഴും കൊണ്ടു നടക്കാറുള്ള ബാഗിൽ നിന്നും മുഴുവൻ തുകയും കൊടുത്ത് ആനയെ കൂടെ കൂട്ടി എന്നാണ് പഴമക്കാർ പറയുന്നത്.

പിന്നീടിങ്ങോട്ട് അയ്യപ്പൻ കുഞ്ഞ്, വാസു, മീനാക്ഷി തുടങ്ങി ഒരുപാട് ഗജവീരൻമാർ പക്രന്റെ തറവാട്ട് മുറ്റത്ത് വന്നു നിരന്നു. ഒരേ സമയം ഏഴോളം ആനകൾ പക്രന് ഉണ്ടായിരുന്നു.

ഒരിക്കൽ കൂപ്പിൽ തടിപിടിക്കുന്ന സമയത്ത് ഒരുപാട് ഉയരത്തിൽ പറമ്പിൽ നിന്നും മറ്റൊരാനയുടെ വായിൽ നിന്നും വഴുതിയ കമ്പ കയറടക്കം ഒരു വലിയ മരക്ഷണം ഉരുണ്ട് ഉരുണ്ട് താഴെ പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന
പക്രന് നേരേ വന്നു. തൊട്ടടുത്ത് തടിപിടിച്ചു കൊണ്ടിരുന്ന പക്രന്റെ ആന ഉരുണ്ട് വരുന്ന മരം അദ്ദേഹം കണ്ടില്ലെന്ന് മനസിലാക്കി പക്രൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ശരവേഗത്തിൽ ഓടി ചെന്ന് പക്രന്റെ ജീവനെടുക്കുമായിരുന്ന ആ മരത്തടി കൊമ്പു കൊണ്ട് കുത്തി തടഞ്ഞ് നിർത്തി.

Ana-pakran-2-k

അദ്ദേഹം മരണത്തെ മുഖാമുഖം കണ്ട നിമിഷം. പക്രനെ രക്ഷിക്കുന്നതിനിടയിൽ ആനയുടെ കൊമ്പിന്റെ ഒരു കഷ്ണം അടർന്നു പോയി. തന്നെ രക്ഷിച്ച ആ ആനയെ പക്രൻ പിന്നീടൊരിക്കലും തടിപിടിക്കാൻ വിട്ടു കൊടുത്തിട്ടില്ല. പിന്നീടൊരിക്കൽ വണ്ടിയിൽ മരം കയറ്റുന്ന സമയത്തും ഇതേ പോലെ ഒരപകടം ഉണ്ടായി അന്നും രക്ഷകനായത് ആന തന്നെ വണ്ടിയിൽ നിന്നും ഉരുണ്ട് കാലിലേക്ക് വീണ തടി ആന കൊമ്പ് കൊണ്ട് തട്ടി മാറ്റുകയായിരുന്നു.
ആനയും പക്രനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞാൽ തീരാത്തതാണ്.

പക്രന് നാട്ടിൽ ഒരു പാട് ആരാധകരുണ്ടായിരുന്നു. അത് ആനക്കാരനായത് കൊണ്ട് മാത്രമല്ല. അദേഹത്തിന്റെ ജീവിത രീതി അങ്ങിനെ ആയിരുന്നു. ഒരു മംഗലശ്ശേരി നീലകണ്ഠൻ സ്റ്റൈൽ.
ഒരിക്കൽ അന്നത്തെ പയ്യോളി എസ്.ഐയും പക്രനുമായി ലോറിയെ സംബന്ധിച്ച് ഒരു തർക്കം ഉണ്ടായി. ലോറി ഹാജരാക്കാൻ പറഞ്ഞിട്ട് പക്രൻ വഴങ്ങിയില്ല. ഒടുവിൽ എസ്.ഐ. വലിയ സന്നാഹത്തോടെ തറവാട്ടിൽ എത്തി അദ്ദേഹം പോലീസുകാരോട് ചെറു ചിരിയോടെ ലോറി കൊണ്ടു പോയ്ക്കോളൂ എന്നു പറഞ്ഞു.Ana-pakran-3-k

വിജയിച്ച ഭാവത്തിൽ ലോറിക്കടുത്ത എത്തിയ പോലീസ് ഞെട്ടി ലോറിക്ക് ഒറ്റ ടയറും ഇല്ല. എല്ലാം അഴിച്ചു മാറ്റിയിരിക്കുന്നു. വേറെ ടയർ ഇട്ടു കൊണ്ടുപോവുന്നത് അന്ന് നടക്കുന്ന കാര്യമല്ല. അന്നത്തെ കാലത്ത് പോലീസിനെ വെല്ലുവിളിക്കുന്ന ആളോട് ആർക്കായാലും ആരാധന തോന്നി പോവും. പിന്നീട് ആ കേസിന് പക്രൻ ഹൈക്കോടതി വരെ പോയി മറുഭാഗത്ത് പ്രഗൽഭനായ വക്കീൽ കുഞ്ഞിരാമ പൊതുവാൾ പക്രന്റെ വക്കീൽ അത്ര പ്രശസ്തനല്ലാത്ത മൊയ്തീൻ വക്കീലും. പക്ഷെ നിയമോപദേശം നൽകുന്ന പക്രന്റെ ബുദ്ധിയിൽ ഒടുവിൽ ജയം പക്രനൊപ്പം നിന്നു. ലോറി വിട്ടുകിട്ടി.

ആനപക്രന്റെ പഴയജീപ്പ് സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. മൈസൂർ യാത്രകൾ മുതൽ നാട്ടും പുറത്തിന്റെ ഓരോ മുക്കിലും മൂലയിലുടെയും ജീപ്പ് സഞ്ചരിച്ചു. യാത്രക്കിടയിൽ ഒരു ചുരുട്ട് വാങ്ങണമെന്ന് തോന്നിയാൽ ജീപ്പ് അവിടെ നിർത്തും ചിലപ്പോൾ അരികിലാവും മറ്റ് ചിലപ്പോൾറോഡിന്റെ നടുക്കാവും അത് ആ സമയത്തെ ചിന്ത പോലിരിക്കും. യാത്രക്കിടയിൽ കൈ കാണിച്ചാൽ ജീപ്പ് നിർത്തും പക്ഷെ ഇറക്കുന്നത് പക്രന് ഇഷ്ടമുള്ള സ്ഥലത്തായിരിക്കുമെന്ന് മാത്രം. അവിടുന്ന് നടക്കേണ്ടി വരും.Ana Pakran Perambra

പക്രൻ അമാനുഷികൻ ഒന്നും അല്ല. പക്രൻ ഉൾപ്പെട്ട ഓരോ സംഭവങ്ങളിലും അദ്ദേഹത്തിന് ഒരു താരപരിവേഷം ചാർത്തി കൊടുക്കുകയായിരുന്നു നാട്ടുകാർ. ഒരിക്കൽ പക്രൻ എവിടെയോ പോയി തിരിച്ചു വരുന്ന സമയത്ത് വഴിയരികിൽ പ്രായം ചെന്ന ഒരാൾ കരഞ്ഞ് സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മകളെ മൊഴിചൊല്ലിയതാണ് പക്ഷെ ഭർത്താവിൻ്റെ വീട്ടുകാർ സ്വർണ്ണാഭരണങ്ങൾ തിരികെ കൊടുക്കുന്നില്ല. പല തവണ പോയി കരഞ്ഞ് പറഞ്ഞിട്ടും ഭർതൃവീട്ടുകാരുടെ മനസലിഞ്ഞില്ല. ഒടുവിൽ പ്രശ്നം ഏറ്റെടുത്ത പക്രൻ പിറ്റേന്ന് വൃദ്ധനയായ പിതാവിനെ ഭർതൃ വീട്ടിലേക്കയച്ചു.


അവസാന അങ്കവും ജയിച്ച്, ചതിയില്‍ പരാജയപ്പെട്ടുപോയ കടത്തനാടന്‍ പോരാളി; തച്ചോളി ഒതേനന്‍റെ മാണിക്കോത്ത് വീട്ടുമുറ്റത്ത് നിന്ന് രഞ്ജിത്ത് ടി.പി. എഴുതുന്നു

സ്വർണ്ണം തിരികെ കൊടുക്കില്ല എന്ന നിലപാടിലുറച്ചു നിന്ന ഭർതൃ വീടിൻ്റെ ഉമ്മറത്തേക്ക് ആന പുറത്ത് കയറി പക്രൻ എത്തി. ന്താ…..അതങ്ങ് കൊടുത്തൂടെ…? ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ പക്രൻ. മുഴുവൻ സ്വർണ്ണാഭരണവും തിരികെ നൽകി ഭർതൃ വീട്ടുകാർ തടിതപ്പി. പക്രൻ്റെ സ്വഭാവമറിയുന്ന അവർക്ക് വേറെ വഴികളുണ്ടായിരുന്നില്ല. അതായിരുന്നു പക്രൻ കാക്ക.

സ്വന്തം മില്ലിലെ മരം ഈർന്നെടുക്കുന്ന ട്രോളിയിൽ മരത്തോടൊപ്പം കയറി നിന്ന് മൂർച്ചയേറിയബ്ലേഡിന്റെ അരികിലൂടെ നിർഭയം വെറുതെ സഞ്ചരിക്കുന്നത് പക്രന് ഒരു ഹരമായിരുന്നു. ചെറുതായി ഒന്നു പിഴച്ചാൽ ശരീരം മരത്തോടൊപ്പം രണ്ടു പിളർപ്പായി പോവും. വിവാഹ വീട്ടിലോ മരണവീട്ടിലോ പോയാൽ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെയായി ഒരാൾക്കൂട്ടം പക്രന് ചുറ്റും ഉണ്ടാവും. ജാതിയോ മതമോ ഒന്നും ആനപക്രന്റെ സൗഹൃദങ്ങൾക്ക് ഒരിക്കലും തടസ്സമായില്ല. ഏത് ക്ഷേത്രത്തിലും അദ്ദേഹത്തിന് എപ്പോ വേണേലും പോവാം. വലിയ നാട്ടുപ്രമാണിമാരുമായി അടുത്ത സൗഹൃദം.

ആന പക്രനെ കുറിച്ചുള്ള കഥകൾ തേടിയുള്ള യാത്രയിൽ ഒടുവിലെത്തി ചേർന്നത് അദ്ദേഹത്തിന്റെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന മാനേജരായിരുന്ന കുരുടി മുക്കിനടുത്ത് കൊമ്മിലേരി അബ്ദുള്ളക്കായുടെ അടുത്താണ്. വീടിന്റെ ഉമ്മറത്ത് ഇരുത്തിയിൽ തുണിനോട് ചാരികിടന്ന് സംസാരിച്ചു തുടങ്ങിയ അബ്ദുള്ളക്കയെ ഫോണിൽ ആനപക്രന്റെ ഫോട്ടോ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കവും, ആവേശവും കണ്ടപ്പോൾ പക്രനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവും വായിച്ചെടുക്കാൻ കഴിഞ്ഞു. പഴയ കഥകൾ ഓരോന്നായി അദ്ദേഹം ഓർമ്മിച്ചെടുത്തു.


വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു

ഒരു പാട് വർഷങ്ങൾക്ക് മുമ്പ് പക്രൻ തന്റെ ഉടമസ്ഥതയിലുള്ള ഐരാണിക്കോട് സ്കൂൾ റിപ്പയർ ചെയ്യാൻ പണിക്കാരെ ഏൽപ്പിക്കാൻ പറഞ്ഞതിലൂടെയാണ് അബ്ദുള്ളക്കയും ആന പക്രനുമായുള്ള ബന്ധം തുടങ്ങിയത്. പിന്നീടിങ്ങോട്ട് 35 വർഷത്തോളം പക്രന്റെ നിഴലായി കൂടെ നിന്നു. വലിയ വാശിക്കാരനായിരുന്ന പക്രൻ. ഒരിക്കൽ മരം കടത്തുന്നതിന് ചങ്ങാടക്കാരുമായുണ്ടായ പന്ത്രണ്ട് അണയുടെ തർക്കത്തിൽ മരം കയറ്റാതെ പോയ ആളാണ് പക്രൻ.
ലക്ഷക്കണക്കിന് രൂപയുടെ മരമാണ് ആ വാശിയിലൂടെ പൊടിഞ്ഞ് നഷ്ടമായത്.

കൊമ്മിലേരി അബ്ദുള്ളക്കാ

കൊമ്മിലേരി അബ്ദുള്ളക്കാ

ഇളയ മകൻ അബ്ദു റഹിമാന്റെ കൂടെ താമസിക്കുന്ന അബ്ദുള്ളക്കായോട് സംസാരിച്ചിരിക്കുന്നതിനടയിൽ പള്ളിയിൽ നിന്നും എന്തോ കാര്യത്തിന് രണ്ട് പേർ വന്നു. അവരോട്
92 ആയി, നിങ്ങൾ എന്നെ പള്ളിയിലേക്ക് വിളിക്കാൻ വന്നതാണോ..? എന്ന ദ്വയാർത്ഥ പ്രയോഗമുള്ള രസകരമായ ചോദ്യം ചോദിച്ചപ്പോ എല്ലാരും പൊട്ടിച്ചിരിച്ചു. കൂടെ ഒരു പല്ലുമാത്രമുള്ള മോണ കാണിച്ച് ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹവും.

ആനപക്രന്റെ മരണത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോ ആ മുഖത്ത് വിഷാദം പടർന്നു. കണ്ണീർ പുറത്തേക്ക് ഒഴുകും മുമ്പെ അദേഹം കണ്ണ് തുടച്ചു കളഞ്ഞു. കരിമ്പനപ്പാലത്ത് നിന്നും ജീപ്പിൽ പെട്രോൾ അടിച്ച് റോഡിലേക്ക് ഇറങ്ങിയതും ചീറി പാഞ്ഞു വന്ന ഒരു ലോറി പക്രൻ ഇരുന്ന സൈഡിൽ ശക്തിയായി ഇടിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം വടകര ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും കൊണ്ടുപോയി. ബന്ധുകൂടിയായ ഡോക്ടർ മൊയ്തീൻ ഉൾപ്പെടെ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. 85 വയസായിരുന്നു പ്രായം.


രഞ്ജിത്ത് ടി.പി. എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


പക്രൻ ആരെയും ഭയന്നിട്ടില്ല. ഏത് ഇടഞ്ഞ കൊമ്പനും ആനപക്രന് മുന്നിൽ കീഴടങ്ങിയിട്ടേയുള്ളൂ പക്ഷെ മരണത്തിന് മുന്നിൽ ആനപക്രൻ തോറ്റു കൊടുത്തു. പക്രന്റെ ജ്വലിച്ച മുഖം കച്ചേരിപറമ്പിൽ കൊമ്മിലേരി അബ്ദുള്ളക്ക് ഒരിക്കലും മറക്കാനാവില്ല.
നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഓർക്കാനും, പറയാനും ഒരു പാട് കഥകൾ ബാക്കിയാക്കിയാണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്. താവോളിഎന്ന വലിയ തറവാട്ട അംഗമായ ബീവിയെ ആണ് പക്രൻ വിവാഹം ചെയ്തത്. ആനപ്രേമിയും മനുഷ്യ സ്നേഹിയുമായിരുന്ന അദ്ദേഹം ഇന്ന് എളബിലാട് ജുമ്ആ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു. പക്ഷെ ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി ജീപ്പ് ഓടിച്ചു വരുന്ന പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ എന്ന ആന പക്രൻ ജനങ്ങളുടെ മനസിൽ ഇന്നും മായാത്ത ഒരു ഓർമ്മ ചിത്രമായുണ്ട്.