വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു


രഞ്ജിത്ത്.ടി.പി, അരിക്കുളം

രു പരിചയപ്പെടുത്തലിലൂടെയോ ഒരെഴുത്തിലൂടെയോ ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതിക്ഷേത്ര ചൈതന്യത്തെ വിശദീകരിക്കാനാവില്ല, അത് അനുഭവിച്ചു തന്നെ അറിയണം. ഒരിക്കൽ ദർശനം നടത്തിയാൽ, വീണ്ടും വീണ്ടും നമ്മൾ ആ പുണ്യസങ്കേതത്തിലേക്ക് അറിയാതെ ആകർഷിക്കപ്പെടും.

ഇന്ന് കാണുന്ന പ്രൗഢ ഗംഭീരമായ ചുറ്റുമതിലും, ടൈൽ പാകിമിനുക്കിയ നിലവും, എന്തിനും ഏതിനും പരിചാരകരും, ജീവനക്കാരുമില്ലാത്ത ഒരുക്ഷേത്രമുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. സമുദ്രതീരത്തായിട്ടും ഉപ്പുരസമില്ലാത്ത വെള്ളം നിറഞ്ഞ തീർത്ഥകുളത്തിൽ കുളിച്ച്, നഗ്നപാദരായി മണൽ തരികളിൽ ചവിട്ടി തിരുമുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ച് വലം വെച്ച് തൊട്ടടുത്ത്, മഴയും വെയിലുമേറ്റ് കറുപ്പ് നിറംപടർന്നുതുടങ്ങിയ ചെങ്കല്ലിൻ ചുമരിൽആൽമരങ്ങൾ കിളിർത്ത് ഇല വിരിഞ്ഞ, മേൽക്കൂരയില്ലാത്ത അയ്യപ്പക്ഷേത്രത്തിലും തൊഴുത്, പ്രാർത്ഥന പൂർത്തിയാക്കുമ്പോഴേക്കും മനസ് ശാന്തമാവും.

മനുഷ്യജീവിതം പോലെ തന്നെ ഒരോ തവണയും പ്രതീക്ഷയോടെ തീരത്തേക്ക് ആർത്തലച്ചു വരുന്ന തിരമാലകൾ ഓരങ്ങളിലെ പാറയിലടിച്ച് ചിന്നി ചിതറി ഒന്നുമല്ലാതായി നിരാശയോടെ തിരിച്ചിറങ്ങി പോവുന്നു. വീണ്ടും ഇരട്ടി ആവേശത്തോടെ തീരത്തേക്ക് തിരകൾ ആർത്തിരമ്പി വരുന്ന കാഴ്ചകൾ കടലിനഭിമുഖമായി നിന്ന് ആസ്വദിക്കുമ്പോൾ തോന്നും കടലിനും എന്തൊക്കെയോ നമ്മളോട് പറയാനുണ്ടെന്ന്…

ആ തീരത്ത് നിന്ന് ഇളം കാറ്റത്ത് ഓള പരപ്പിൽ സായാഹ്ന സൂര്യൻ കുങ്കുമം ചാലിച്ച് നിറം നൽകുന്ന കാഴ്ച നൽകുന്ന ശാന്തതയും, മനസുഖവും വേറെവിടെയും കിട്ടുമെന്ന് തോന്നുന്നില്ല.

പരശുരാമൻ നിർമ്മിച്ച നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്ന്… എന്ന് തുടങ്ങുന്ന ക്ഷേത്ര ഐതിഹ്യകഥകൾ പലതവണ കേട്ടും വായിച്ചും മനസിൽ പതിഞ്ഞിരിക്കുന്നു.

ഉരുപുണ്യകാവ് ക്ഷേത്രത്തെ കുറിച്ച് ഇന്ന് കേൾക്കുമ്പോൾ കെട്ടുകഥകൾ പോലെ തോന്നിക്കുന്ന തലമുറകളായി പറഞ്ഞു കേൾക്കുന്ന സംഭവങ്ങളൊരുപാടുണ്ട്. ഈ കഥക്ക് വർഷങ്ങളുടെ പഴക്കമല്ല, തലമുറകളുടെ പഴക്കം എന്ന് ചുരുക്കി പറയാം. കാരണം കഥ നടന്നതിന് ഒരു തെളിവുമില്ലല്ലോ.

ക്ഷേത്രം ഒരു വനത്തിൻ്റെ ഉള്ളിലായിരുന്നു. യഥാർത്ഥ പ്രതിഷ്ഠ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നില്ല എന്നും ക്ഷേത്രത്തിൻ്റെ പിറകുവശത്ത് കുന്നിൻ്റെ മുകൾ ഭാഗത്ത് എവിടെയോ ആയിരുന്നു എന്നും പിന്നീട് ദേവിഹിതമനുസരിച്ച് മാറ്റി പ്രതിഷ്ഠിച്ചതാണെന്നും പറഞ്ഞ് കേൾക്കുന്നുണ്ട്. ക്ഷേത്രത്തിന് അയ്യായിരം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

എന്തായാലും വർഷങ്ങൾക്ക് മുമ്പ് വനത്തിനുള്ളിലൂടെ ജലദുർഗ്ഗാദേവി ദർശനത്തിനായി ഒരു ഭക്തൻ നടന്നു വരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ കാലിൽ സർപ്പത്തിൻ്റെ കടിയേറ്റു. വിഷമേറ്റ് ശരീരം മുഴുവൻ നീല നിറം വ്യാപിച്ചു തുടങ്ങിയ അദ്ദേഹം മരണത്തെ മുന്നിൽ കണ്ടു. പ്രാണഭയത്താൽ ദേവിക്ക് മുന്നിലെത്തി ജീവന് വേണ്ടി യാചന നടത്തുന്നത് കണ്ട ക്ഷേത്ര പൂജാരി ഭക്തൻ്റെ കയ്യിൽ ക്ഷേത്രത്തിൽ പായസം കഴിപ്പിക്കാനായി കൊണ്ടുവന്നിരുന്ന അരി തലയിൽ വെച്ച് ക്ഷേത്രത്തെ പ്രദക്ഷിണം വെക്കാൻ പറഞ്ഞു.

പ്രദക്ഷിണം പൂർത്തിയാവുമ്പോഴേക്കും ഭക്തൻ്റെ ശരീരത്തിൽ നിന്നും നിലനിറം പതിയെ മാറി പകരം അരിമണികൾ നീല നിറമായി മാറി. പ്രാർത്ഥനക്ക് പകരം തൻ്റെ ജീവൻ പ്രസാദമായി തിരിച്ചു നൽകിയ ജലദുർഗ്ഗദേവിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ കണ്ണുനീർ തുള്ളികൾ വീണ് മണൽ തരികൾ നനഞ്ഞു.

ഇത് കഥയാണ്, വിശ്വസിക്കാം വിശ്വസിക്കാതിരിക്കാംഉരുപുണ്യ കാവ് ക്ഷേത്രവുമായി ഇന്ന് നേരിട്ട് ബന്ധമില്ലെങ്കിലും അതിനടുത്തായി ഒരു നാഗത്താൻ കാവുണ്ട്.

ഇവിടെയും ഒരു കഥയുണ്ട്. ഒരിക്കൽ നാഗത്താൻകാവിൽ സർപ്പബലി നടന്നു. ഈ ചടങ്ങ് കഴിഞ്ഞാൽ കുറച്ച് ദിവസത്തേക്ക് ആ ഭാഗത്തേക്ക് ആരും പോവരുതെന്നാണ് വിശ്വാസം. എന്നാൽ ഈ അനുഷ്ഠാനങ്ങളിൽ വിശ്വാസമില്ലാത്ത സമീപവാസിയായ ഒരാൾ കാവിലേക്ക് പ്രവേശിച്ച് അവിടെ ചടങ്ങിനുപയോഗിച്ച ഇളനീർ ചവിട്ടി ദൂരേക്ക് തെറിപ്പിച്ചു.  ഒരു ദിവസം മുഴുമിപ്പിക്കും മുന്നേ ആ കാൽ തളർന്ന് അയാൾ കിടപ്പിലായി എന്നൊരു കഥയും കേട്ടിട്ടുണ്ട്.

കഥയും കെട്ടുകഥകളും എന്തൊക്കെയായാലും ക്ഷേത്രത്തോടനുബന്ധിച്ചുള്ള കഥകൾ പ്രാർത്ഥനയുടെയും ദേവീസാനിദ്ധ്യത്തിൻ്റെതുമാണ്. എല്ലാവരും ക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ചു പോരാറാണ് പതിവ്. എന്നാൽ ക്ഷേത്രത്തിനരികിലൂടെ തീരത്തു കൂടെ വീണ്ടും നടന്നാൽ വലിയൊരു കറുത്ത കല്ല് കാണാം.

ഈ കല്ലിന് അടുത്ത് ചെന്നാൽ അസഹ്യമായ ദുർഗദ്ധമാണ്. ഇതിന് പിന്നിലും ഒരു കഥ കേൾക്കാം. താഴ്ന്ന ജാതിയിലുള്ള ദമ്പതികളിൽ ഒരാൾ ശാപമേറ്റ് കല്ലായി മാറ്റിയതാണെന്നാണ് കഥ. ഈ കല്ലിനടുത്ത് വെച്ച് കുറെ വർഷങ്ങൾക്ക് മുമ്പ് ഒരാൾ കടലിൽ വീണ് മരണപ്പെട്ടു പോയിട്ടുമുണ്ട്.

പക്ഷെ ഈ കല്ലിനടിയിൽ കിളികളുടെയും മറ്റ് മൃഗങ്ങളുടെ വിസർജ്യങ്ങൾ അടിഞ്ഞു കൂടിയതാണ് ദുർഗന്ധത്തിന് കാരണം എന്നും പറയുന്നുണ്ട്. എന്നാൽ കല്ല് മൂടാടി കുന്നിൻ്റെ മുകളിൽ നിന്നും ഉരുണ്ടു വന്നതാണെന്ന കഥയും പറഞ്ഞ് കേൾക്കുന്നുണ്ട്.

അതിന് തൊട്ടടുത്ത് നിലത്ത് പാറയിൽ കുറച്ച് വരകൾ കാണാം. ഇത് അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. അതിനൊരു വിശ്വാസതയുണ്ട്. കാരണം അർജുനൻ കുന്നും പാഞ്ചാലിക്കുന്നുമൊക്കെ കൊയിലാണ്ടി താലൂക്ക് പരിധിയിൽ തന്നെയാണല്ലോ.

ആധുനിക ഉപകരണങ്ങൾക്കും തിക്കോടി ലൈറ്റ് ഹൗസിനും ഒക്കെ മുൻപ് മീൻ പിടിക്കുന്നവർക്ക് രാത്രി ദിക്കറിയുന്നതിനുള്ള ഒരു ഉപാധി ക്ഷേത്രത്തിന് പുറത്ത് തെളിയിക്കുന്ന ദീപമായിരുന്നു. ഏത് കാറ്റിലും അത് ജ്വലിച്ചു കൊണ്ടേയിരിക്കും. തോണിക്കാർക്ക് ദുർഗ്ഗയുടെ കാവലായി, പുലരുന്നത് വരെ… തോണിക്കാരെ ദുർഗ്ഗാദേവി സഹായിക്കാതിരിക്കില്ല. കാരണം അന്നും ഇന്നും ജല ദുർഗ്ഗ അവരുടെത് കൂടിയാണ്. കാർത്തിക വിളക്കാവുമ്പോൾ അവരെത്തും ക്ഷേത്രനടയിൽ വഴിപാടുകളുമായി.

പണ്ട് കാലത്ത് ക്ഷേത്രസന്നിദ്ധിയിൽ നിൽക്കുമ്പോൾ കടലിൽ തോണിയിൽ പങ്കായം കൊണ്ടടിച്ച് ശബ്ദമുണ്ടാക്കി വല യിലേക്ക് മത്സ്യത്തെ ഓടിച്ച് കയറ്റുന്ന തലക്കുട വെച്ച വഞ്ചിക്കാരെ ഒരു സീനറി പോലെ കാണാറുണ്ടായിരുന്നു.

വേലിയേറ്റവും വേലിയിറക്കവും ഇത്ര വ്യക്തമായി പ്രത്യക്ഷമാവുന്ന മറ്റൊരു തീരമുണ്ടാവില്ല. വേലിയിറക്ക സമയത്ത് ക്ഷേത്രത്തിന് മുന്നിലെ പാറക്കെട്ടുകൾ ജലത്തിൽ നിന്നുയർന്ന് വരുന്നത് പോലെ വ്യക്തമാവും. ക്ഷേത്രത്തിന് മുന്നിൽ തന്നെ തീരത്ത് പത്തായപ്പാറ എന്ന് വിളിപ്പേരുള്ള കല്ലിനുള്ളിൽ നിന്നും കടുക്ക പറിച്ചെടുക്കാൻ നിരവധി ആളുകളുണ്ടാവും. അവർക്കറിയാം എപ്പോൾ വേലിയിറക്കം ഉണ്ടാവുമെന്ന്. കാരണം കടലും കടൽ തീരവും അവരുടെ ജീവിതത്തോടു ചേർന്നുകിടക്കുന്നതാണ്.

വേലിയറക്കം കഴിഞ്ഞ് നാളെ അതേ സ്ഥലത്ത് പോയാൽ ഒരു പാറ പോലും പുറമെ കാണില്ല. ക്ഷേത്രത്തിന് മുന്നിൽ ഇന്ന് കാണുന്ന പോലെ സുരക്ഷാ ഭിത്തികൾ ഇല്ലാതിരുന്ന കാലത്ത് മുനമ്പിൽ പോയി നിന്ന് താഴേക്ക് നോക്കി ആ ഭയം കുട്ടികൾ ആസ്വദിക്കാറുണ്ടായിരുന്നു. ഒരുതവണ താഴേക്ക് നോക്കിയാൽ പിന്നീട് പല ദുസ്വപ്നങ്ങളിലും ഈ മുനമ്പിലെ ഭയം പലരെയും പേടിപ്പെടുത്തി കൊണ്ടിരുന്നു.

ക്ഷേത്രം ഇന്ന് സമ്പന്നതയുടെയും പ്രൗഢിയുടെയും നിറവിലാണ്. പക്ഷേ പാടെ ക്ഷയിച്ചു പോവുമെന്ന അവസ്ഥ വരെ എത്തിയ കാലമുണ്ടായിരുന്നു. മഠത്തിൽ നമ്പീശൻ കുടുംബവും കൂടെ ഉരുപുണ്യകാവ് തറവാട്ടംഗങ്ങളും പ്രദേശവാസികളുമായിരുന്നു അന്ന് ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ച് പോന്നിരുന്നത്.

അന്നത്തെ പ്രൗഡിയായിരുന്ന ചെമ്പക മരം ഇന്നും അത് പോലെ തല ഉയർത്തി നിൽക്കുന്നു. എല്ലാ വിഭാഗത്തിലുള്ള ആളുകളും അന്ന് ക്ഷേത്ര ആഭ്യന്തര കാര്യങ്ങളിൽ പഴയ കാലത്ത് ഇടപെടാറുണ്ടായിരുന്നില്ല. കാലത്തിനനുസരിച്ച് ക്ഷേത്രവും മാറി. ക്ഷേത്രത്തിലേക്ക് നടന്ന് പോവുമ്പോൾ റോഡിന് ഇടത് വശത്ത് ഒരു കരിങ്കൽ കോണി പടവുകൾ കാണാം. ഒരു പാട് കാലപ്പഴക്കമുണ്ട് ഈ കൽപടവുകൾക്ക്. പഴക്കത്തിൻ്റെ പ്രൗഡി അവിടെ നിന്നും ആരംഭിക്കുന്നു.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ കാർത്തികയാണ്. ക്ഷേത്ര പരിസരം മുഴുവൻ ദീപം തെളിയിച്ചാൽ ആ പ്രഭയിൽ ദുർഗ്ഗാദേവി ഒന്നുകൂടി മനോഹരിയാവും. ആ നിശബദതയിൽ തിരമാലകൾ ചെണ്ടയോടൊപ്പം താളം നൽകും.

കാറ്റിൻ്റെ ചെറിയ മൂളൽ ശംഖിൻ്റെ സ്വരമേകും. ആ നിമിഷം മനസും ശരീരവും ഭക്തിയുടെ ശാന്തതയിൽ ചേർന്നലിയും. വളരെ കാലം മുമ്പ് കാർത്തിക വിളക്ക് കഴിഞ്ഞ് പ്രസാദം നൽകുമ്പോൾ ക്ഷേത്രത്തിനടുത്തുള്ള വളച്ച് കെട്ടിയിൽ, ഉരുപുണ്യകാവിൽ വീട്ടുകാരെ അവകാശികളെപ്പോലെ വിളിക്കും. അതോടൊപ്പം മറ്റുള്ളവരും ഒരുമിച്ച് ചേരും.

വർഷങ്ങൾക്കിപ്പുറം രണ്ട് മലയാള സിനിമകളിൽ ക്ഷേത്രവും പരിസരവും നിറഞ്ഞു നിന്നു, ഗാനങ്ങളിലെ വരികളിൽ മൂടാടി കുന്ന് എഴുതി ചേർക്കപ്പെട്ടു. ഒരു ചടങ്ങിന് മാത്രമായിരുന്ന കാർത്തിക വിളക്ക് വർഷങ്ങൾക്ക് മുമ്പ് ഒരു തവണ സമീപ വാസികളായ കുറച്ച് ആളുകൾ ചേർന്ന് ഗംഭിരമാക്കി നടത്തി.

പിന്നീടങ്ങോട്ട് ഉരുപുണ്യകാവ് ക്ഷേത്രത്തിൻ്റെ രാശി തെളിയുകയായിരുന്നു. അതോടൊപ്പം മൂടാടിയുടെയും. ചരിത്ര രേഖകളിൽ അത് മൂടാഴിയാണ്. ഓരോ വർഷം കഴിയുന്തോറും വരുമാനം കൂടി വന്നു. അവകാശികൾ ഒരുപാട് പേരായി, ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. ക്ലാസ് പദവിയിലേക്ക് ഉയർന്നു. ജീവനക്കാരുടെയും പരാചാരകരുടെയും എണ്ണം വർദ്ധിച്ചു. രണ്ട് തവണ മോഷണം നടന്നു. അങ്ങനെ മാറ്റങ്ങൾ ഒരുപാട്.

ഇന്ന് മറ്റ് ക്ഷേത്രങ്ങളിലുണ്ടാവുന്ന പതിവ് സങ്കീർണ്ണതകളിലേക്ക് ഉരുപുണ്യകാവ് ക്ഷേത്രവും പതിയെ നടന്നു കയറി. ആകാശ ദൃശ്യത്തിൽ ഓം എന്ന എഴുതിയ രീതിയിൽ തിക്കോടി ലൈറ്റ് ഹൗസ് മുതൽ കൊയിലാണ്ടി വരെയുള്ള തീരം കാണാമെന്നത് ക്ഷേത്ര ചൈതന്യത്തെ ചേർത്ത് വായിക്കുമ്പോൾ സ്വാഭാവികമായി തോന്നാം. സുനാമി പോലെയുള്ള ഒരു കടൽക്ഷോഭത്തിനും ക്ഷേത്രത്തിനോ തീരത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാനായില്ല.

പരശുരാമൻ ക്ഷേത്രം നിർമ്മിച്ചത് തന്നെ കടൽക്ഷോഭത്തിൽ നിന്നും കരയെ രക്ഷിക്കാനാണെന്ന ഐതിഹ്യം ഇവിടെ ചേർത്തുവായിക്കാം. പിതൃബലിക്ക് തിരുനാവായക്ക് പകരമായോ അതിന് മുകളിലോ ഉരുപുണ്യകാവ് ക്ഷേത്രത്തിൻ്റെ പേര് പണിക്കരുടെ രാശി പലകളിൽ തെളിഞ്ഞു കണ്ടു. മരണാനന്തരം ബലിതർപ്പണത്തിന് ക്ഷേത്രസന്നിധി ഉത്തമമെന്ന് കണിശ്ശൻമാരുടെ ചാർത്തുകളിൽ എഴുതപ്പെട്ടു.

ക്ഷേത്രത്തിൻ്റെ അഭിവൃദ്ധി ഒരു രാശിയാണ്. ഭക്തരും ദേവിയും തമ്മിലുള്ള ഒരു രാശി പൊരുത്തം. ആ രാശിയാണ് ഇന്നത്തെ ഉരുപുണ്യകാവ് ജലദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ സമ്പന്നത. മൂടാടിക്കാരുടെ മുത്തശ്ശികഥകളിൽ എന്നും ഉരു പുണ്യകാവ് ക്ഷേത്രമുണ്ടായിരുന്നു, ജലദുർഗ്ഗയുണ്ടായിരുന്നു, പരശുരാമനുണ്ടായിരുന്നു…


(കഥകൾ പൂർവ്വികരിൽ നിന്നും പകർന്നു കിട്ടിയതാണ് യാഥാർത്ഥ്യവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നില്ല)


എഴുത്ത്: രഞ്ജിത്ത്.ടി.പി, അരിക്കുളം
ഇ-മെയിൽ: [email protected]
ഫോൺ: 9447631013


ചിത്രങ്ങൾക്ക് കടപ്പാട്: ക്ഷേത്രം ഫേസ്ബുക്ക് പേജ്, നന്ദകുമാർ മൂടാടി, നിജീഷ്.എം.ടി.